അവളേറെ വിലമതിക്കുന്ന ഒരു സമ്മാനം സര്‍പ്രൈസായി കൊടുത്തു, സ്വർണമോ വജ്രമോ ഒന്നുമല്ല; വിവാഹവാർഷിക ദിനത്തിൽ നിരഞ്ജൻ
കുടുംബപ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടൻ നിരഞ്ജൻ നായർ. മൂന്നു മണി, പൂക്കാലം വരവായി തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെയാണ് നിരഞ്ജൻ ശ്രദ്ധ നേടുന്നത്. നിലവിൽ മുറ്റത്തെ മുല്ല എന്ന സീരിയലിലാണ് നിരഞ്ജൻ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നിരഞ്ജന്‍. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും വിശേഷങ്ങളുമെല്ലാം നിരഞ്ജന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ നിരഞ്ജനോട് പ്രേക്ഷകർക്ക് പ്രത്യേകമൊരു ഇഷ്ടമുണ്ട്.
നിരഞ്ജൻ പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെയും മറ്റും ഭാര്യ ഗോപികയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇവർക്ക് ഒരു മകനാണ് ഉള്ളത്. കുഞ്ഞൂട്ടൻ എന്ന് വിളിക്കുന്ന മകന്റെ ജനനം മുതലുള്ള എല്ലാ വിശേഷങ്ങളും നിരഞ്ജൻ ആരാധകരുമായി പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നിരഞ്ജനും ഭാര്യ ഗോപികയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹവാർഷിക ദിനത്തിൽ ഗോപികയ്ക്ക് നിരഞ്ജൻ ഒരു സർപ്രൈസ് നൽകിയിരുന്നു. ഇപ്പോഴിതാ അതേ കുറിച്ചെല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് നിരഞ്ജൻ നായർ.

'ഒരു രക്ത ബന്ധവും ഇല്ലാത്ത ഏതു സമയത്തും പൊട്ടിച്ചു കളയാവുന്ന ഒരു ബന്ധമാണത്രെ ദാമ്പത്യം. പറഞ്ഞത് ഒരു പക്ഷെ അല്ല അത് സത്യമാണ്. പരസ്പരം എന്ത് ബന്ധത്തിന്റെ പേരിലാണ് ഒരുമിച്ചു ചേർന്നു നിൽക്കേണ്ടത്. കല്യാണം കഴിഞ്ഞതിന്റെ പേരിലോ അതോ കുഞ്ഞുങ്ങൾ ഉണ്ടായതിന്റെ പേരിലോ. ഒരിക്കലുമല്ല, തളർന്നു പോയ നേരത്തു ചേർത്തു പിടിച്ച കൈകളും പരസ്പരം പ്രാർഥിച്ച മനസുകളുമാണ് ജീവിതത്തിന്റെ മൂലധനം. എല്ലാവരുടെയും ജീവിതത്തിൽ ഉള്ളപോലെ പല പൊട്ടിത്തെറികളും ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്',
'സന്തോഷിക്കാനുള്ളതിനേക്കാൾ സങ്കടപ്പെട്ട കുറെ നാളുകളിലൂടെ ഞങ്ങൾ കടന്നു പോയിട്ടുണ്ട്. പക്ഷെ, എല്ലാം കഴിഞ്ഞ് ഒരു ചേർത്തു പിടിക്കലിൽ അല്ലെങ്കിൽ ഒരു മാപ്പ് പറച്ചിലിൽ തീരും പല അടിപിടികളും. പരസ്പരം മാപ്പ് പറയാനും ചേർത്തു പിടിക്കാനും ഞങ്ങൾക്കിടയിൽ ഒരു മടിയും ഇന്നോളം ഉണ്ടായിട്ടില്ല. പലപ്പോഴും ഒന്നിച്ചുണ്ടാകാത്ത വിവാഹ വാർഷികങ്ങൾ ആണ് കൂടുതലും. ഈ പ്രാവശ്യവും അങ്ങനെ തന്നെയായിരുന്നു',
'തീരെ പ്രതീക്ഷിക്കാതെ കേറിച്ചെന്നു ഒരു സർപ്രൈസ് അങ്ങ് കൊടുത്തു. സ്വർണമോ വജ്രമോ അല്ലാട്ടോ. അവൾ ഒരുപാടു വിലമതിക്കുന്ന എന്റെ 'സമയം' ആണ് അവൾക്ക് കൊടുത്തത്. താങ്ക് ഗോഡ്, ഇങ്ങനെ പരസ്പരം അടിയുണ്ടാക്കാനും മാപ്പ് പറയാനും സ്നേഹിക്കാനും ചേർത്തു പിടിക്കാനും ഞങ്ങളെ ഒന്ന് ചേർത്തതിന്', എന്നാണ് നിരഞ്ജൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ ഭാര്യയുമായി വഴക്കിടുന്നതിനെ പറ്റി നിരഞ്ജൻ പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. ഭാഷയുടെ പേരിലാണ് തങ്ങൾ തമ്മിൽ കൂടുതൽ അടിയുണ്ടാകാറുള്ളത് എന്നാണ് നിരഞ്ജൻ പറഞ്ഞത്. കോട്ടയം സ്ലാങ്ങും തൃശൂർ സ്ലാങ്ങും പരസ്പരം മനസിലാകാത്ത സാഹചര്യം വന്നുവെന്നും അത് വഴക്കിലേക്ക് പോയെന്നുമാണ് നടൻ പറഞ്ഞത്.
തൃശ്ശൂരിൽ നിങ്ങൾ എന്നൊക്കെ വിളിക്കുന്നത് ബഹുമാനത്തിന്റെ ഭാഗമാണെങ്കിലും കോട്ടയത്തു അത് കുറച്ച് ഹാർഷ് ആയിട്ടുള്ള രീതിയാണ്. അത്തരത്തിലുള്ള ഭാഷ പ്രയോഗങ്ങളിലെ വ്യത്യാസങ്ങളാണ് പ്രശ്‌നമായത്. എന്നാൽ വഴക്കുകളൊക്കെ പതിനഞ്ച് മിനിറ്റിൽ തീരും ഒരു രാത്രിക്കപ്പുറം ഒന്നും പോകാറില്ലെന്നും നിരഞ്ജൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications