ഒന്നും വെട്ടിപ്പിടിച്ച് സ്വന്തമാക്കണമെന്ന് നിർബന്ധമില്ലാതെ പോയി, അതാണ് എനിക്ക് പറ്റിയ തെറ്റ്!: നിരഞ്ജൻ നായർ
ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് നിരഞ്ജന്‍ നായർ. സോഷ്യൽ മീഡിയയിലും സജീവമായ താരം ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. മൂന്ന് മണി എന്ന പരമ്പരയിലൂടെയാണ് നിരഞ്ജന്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് പൂക്കാലം വരവായി എന്ന പരമ്പരയിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. നിരഞ്ജന്റെ ഭാര്യ ഗോപികയും മലയാളികള്‍ക്ക് സുപരിചിതയാണ്.
ഇപ്പോഴിതാ നിരഞ്ജൻ തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ചില ഭ്രാന്തൻ ചിന്തകൾ എന്ന് പറഞ്ഞു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്. കുറെ പേരുടെ സ്നേഹമല്ലാതെ ഒന്നും നേടിയിട്ടില്ലെന്നും സർവത്ര വിരക്തിയാണെന്നും താരം കുറിക്കുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ മുഖത്ത് ഒരു ചിരി ഒട്ടിച്ചു പിടിച്ചിരിക്കുകയാണെന്നും പറയുന്നു. നിരഞ്ജന്റെ വാക്കുകൾ ഇങ്ങനെ..

'എന്തു നേടിയെന്നു ചോദിച്ചാൽ ആകാശത്തോട്ടു നോക്കി കൈമലർത്തി ഒരു നിൽപ്പങ്ങു നിൽക്കാനേ ഇപ്പൊ പറ്റുന്നുള്ളു. ആ പിന്നെ നിങ്ങളിൽ കുറെ പേരുടെ സ്നേഹം കിട്ടി എന്നതാണ് ആകെയുള്ള നേട്ടം. ചില സമയങ്ങൾ അങ്ങനെ ആണ്..വല്ലാതെ തിരക്ക് പിടിച്ചോടിയിട്ടുണ്ട്. പിന്നെ പിന്നെ തിരക്ക് തീരെ ഇല്ലാതായിട്ടുണ്ട്. നല്ല തിരക്കുള്ള സമയത്തൊരുപാടു ആൾക്കാര് ചുറ്റിനും നിന്നിട്ടുണ്ട്. ഒന്നു തുമ്മിയാൽ വിഷമം അറിയിച്ചവരുണ്ട്. ഇപ്പൊ അവരൊക്കെ എവിടെ ആണോ എന്തോ?,'
'ആ ഇപ്പോളും അവരുടെ ആവശ്യങ്ങൾക്കായി ഇടയ്ക്കിടെ തലപൊക്കാറുണ്ട്. കൈയിൽ എന്തുണ്ട് അതിലാണ് കാര്യം.നേട്ടങ്ങൾ പേപ്പർ കഷ്ണങ്ങൾ ആയി തുണ്ടം തുണ്ടം ആയി കീറപ്പെട്ടു നേരത്തെ പറഞ്ഞ ആകാശത്തു ഇങ്ങനെ പറന്നു നടപ്പുണ്ട്. ഒരു കാലത്തു എന്തായിരുന്നു എന്നതല്ല. ഇന്ന് എന്താണ് എന്നത് മാത്രമാണ് നമ്മളെ അളക്കുന്ന അളവുകോൽ. നേട്ടങ്ങൾ ആരുടെയും കുത്തക അല്ല,'

'ഇതുവരെ എന്തൊക്കെ ചെയ്തു എന്ന് ചോദിച്ചാലും, ഓർമയില്ല, അറിയില്ല എന്നൊക്കെ പറയാനേ അറിയൂ. ഒന്നും വെട്ടിപിടിക്കണം. സ്വന്തമാക്കണം എന്ന് നിർബന്ധമില്ലാതെ പോയി. അതാണ് തെറ്റിന്റെ തുടക്കം. തിരിച്ചു പിടിക്കാൻ സാധിക്കാത്ത കാലതിനോടൊരു ചോദ്യം ചോദിയ്ക്കാൻ പോലും പിടിത്തരാത്ത സമയങ്ങൾ കടന്നുപോകുന്നു. വിരക്തി ആണ് സർവത്ര. എവിടെയാണ് ഈ ഭൂമിയിലെ സ്വർഗം. ഞാൻ എവിടെയും കണ്ടെത്തിയിട്ടില്ല. കണ്ടിട്ടുള്ളവർ ലൊക്കേഷൻ ഒന്ന് അയച്ചിടണം,'

'പലപ്പോഴും ചിരിക്കാൻ പോലും മറക്കുമെങ്കിലും പുറമെ ഇറങ്ങുമ്പോ മുഖത്തൊരെണ്ണം ഒട്ടിച്ചു പിടിക്കണമല്ലോ. പുറമെ കാണുന്ന ആരവങ്ങളിലും ജോലിയുടെ പകിട്ടിലും ഇന്നുവരെ മയങ്ങിയിട്ടില്ല. നമ്മളും എല്ലാ വികാരങ്ങളും വിഷമങ്ങളും ഉള്ള ഒരു മനുഷ്യൻ ആണ്. എത്രനാൾ ഉണ്ടെന്നറിയില്ല. ഇനി എത്ര ഉണ്ടെന്നും അറിയില്ല. വെറുതെ വിടണം . ഈ സമയവും കടന്നു പോകുമത്രേ, ചില ഭ്രാന്തൻ ചിന്തകൾ,' നിരഞ്ജന്‍ നായര്‍ കുറിച്ചത്.


Click it and Unblock the Notifications