നിന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ചോ? അവനെ കാണിക്കുന്നതു പോലുമില്ലല്ലോ? യുവതിയ്ക്ക് റബേക്കയുടെ മറുപടി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക താരമാകുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ ആയാണ് റബേക്ക കയ്യടി നേടുന്നത്. പരമ്പര ഹിറ്റായി മാറിയതോടെ റബേക്കയും താരമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് റബേക്ക. താരത്തിന്റെ റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുളള മിക്ക താരങ്ങളേയും പോലെ മോശം കമന്റുകളും മറ്റും റബേക്കയ്ക്കും നേരിടേണ്ടി വരാറുണ്ട്. അത്തരത്തില്‍ തനിക്ക് ലഭിച്ചൊരു മോശം കമന്റിന് റബേക്ക നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം റബേക്ക പങ്കവുച്ച പോസ്റ്റില്‍ ഒരാള്‍ താരത്തിന്റെ ഭര്‍ത്താവിനെക്കുറിച്ച് മോശം കമന്റുമായി എത്തുകയായിരുന്നു. ചുട്ടമറുപടി തന്നെ റബേക്ക ഇയാള്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.

സിന്ധു കെ എന്ന യുവതിയാണ് റബേക്കയുടെ പോസ്റ്റില്‍ കമന്റുമായി എത്തിയത്. ഭര്‍ത്താവിനെ ഉപേക്ഷിച്ചോ എന്നായിരുന്നു യുവതി റബേക്കയോട് ചോദിച്ചത്. 'നിന്റെ ഭര്‍ത്താവിനെ നീ ഉപേക്ഷിച്ചോ? അവനെ ഒന്നു കാണിക്കുന്നു പോലുമില്ലല്ലോ' എന്നായിരുന്നു യുവതിയുടെ കമന്റ്. പിന്നാലെ റബേക്ക മറുപടിയുമായി എത്തുകയായിരുന്നു. ഞാന്‍ കാണുന്നുണ്ടേ. ചേച്ചിയ്ക്ക് കാണാത്തെ കൊണ്ട് വിഷമം ഉണ്ടല്ലേ എന്നായിരുന്നു റബേക്കയുടെ മറുപടി.
കമന്റും അതിനുള്ള റബേക്കയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ, അനാവശ്യമായി റബേക്കയുടെ വ്യക്തിജീവിതത്തെ വലിച്ചിഴച്ച യുവതിയ്ക്ക് ഇതുപോലൊരു മറുപടി തന്നെയാണ് കിട്ടേണ്ടിയിരുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കമന്റിന് റിപ്ലൈകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.
സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ ആണ് റബേക്കയുടെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. 2021 ലായിരുന്നു റബേക്കയുടേയും ശ്രീജിത്തിന്റേയും വിവാഹം. സോഷ്യല്‍ മീഡിയയില്‍ വലിയ ഓളം സൃഷ്ടിച്ചതായിരുന്നു റബേക്കയുടെ വിവാഹം. കുഞ്ഞിക്കൂനന്‍ എന്ന സീരിയലില്‍ ബാലതാരമായാണ് റബേക്ക അഭിനയത്തലേക്ക് എത്തുന്നത്. പക്ഷെ സിനിമയേക്കാള്‍ റബേക്കയ്ക്ക് സ്വീകാര്യത നേടിക്കൊടുത്തത് സീരിയലുകളായിരുന്നു. കസ്തൂരിമാന്‍, കളിവീട്, സ്‌നേഹക്കൂട്, നീര്‍മാതളം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു.
ഈയ്യടുത്ത് തന്റെ കരിയറിലുണ്ടായ സംഭവങ്ങളെക്കുറിച്ച് റബേക്ക മനസ് തുറന്നിരുന്നു. ജോഷ് ടോക്‌സില്‍ സംസാരിക്കവെയാണ് റബേക്ക തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. പാഷന്‍ കൊണ്ടാണ് അഭിനയത്തിലേക്ക് വന്നത്. അന്ന് ഇപ്പോള്‍ കാണുന്ന റബേക്ക സന്തോഷ് ആയിരുന്നില്ല. നല്ല ഫ്‌ലോപ്പായിരുന്നു. ആദ്യത്തെ മൂന്ന് നാല് പ്രൊജക്ട് ഫ്‌ലോപ്പായപ്പോള്‍ തന്നെ എന്റെ ആത്മവിശ്വാസം താഴ്ന്നു. അഭിനയമൊക്കെ നിര്‍ത്തിയേക്കാം, പഠിച്ചിട്ട് ജോലിക്ക് പോകാം എന്ന് കരുതിയിരുന്നുവെന്നാണ് റബേക്ക പറഞ്ഞത്.
അങ്ങനെയിരിക്കെ 2017 ല്‍ എനിക്കൊരു അവസരം വന്നു.അവിടം തൊട്ടിട്ടാണ് സത്യം പറഞ്ഞാല്‍ എന്റെ ജീവിതം മാറിയത്. അന്ന് എനിക്ക് 17, 18 വയസേ ഉള്ളൂ. പക്ഷെ ഞാന്‍ ചെയ്ത് കൊണ്ടിരുന്ന ക്യാരക്ടര്‍ 27,28 പ്രായമാണ്. വളരെ പകത്വതയുള്ള കഥാപാത്രം. ആയിടയ്ക്ക് ഒരു ഷോയില്‍ ഞാന്‍ പങ്കെടുത്തു. അന്ന് കുട്ടിക്കളിയാണ്. ശരിക്കുമുള്ള റെബേക്ക എന്താണെന്ന് ആ ഷോയിലൂടെ പുറത്തേക്ക് വന്നു. ഷോ ടെലികാസ്റ്റ് ആയപ്പോള്‍ അതിനടിയിലെ കമന്റ് ബോക്‌സ് എനിക്ക് ഓപ്പണ്‍ ചെയ്യാനേ പറ്റുന്നുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

കരിയറിന്റെ തുടക്കത്തില്‍ തന്നെ വഴക്ക് കേള്‍ക്കേണ്ടി വന്നതിനെപ്പറ്റിയും റബേക്ക സംസാരിക്കുന്നുണ്ട്. തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല. അഭിനയം നിര്‍ത്തി പോയാലോ എന്ന് വിചാരിച്ച കാലഘട്ടം ഉണ്ടായിട്ടുണ്ട്. എന്നും കരച്ചിലായിരുന്നു. പതിനേഴ് വയസിന് മുമ്പേ ആയിരുന്നു അത്. അത്രയും ഇഷ്ടപ്പെട്ട ഫീല്‍ഡ് ഞാന്‍ വെറുത്ത് പോയി. വഴക്ക് പറയുന്നവരെ കുറ്റം പറയുന്നില്ലെന്നും റബേക്ക പറയുന്നു.
മറ്റാരോടും ഫ്രസ്‌ട്രേഷന്‍ കാണിക്കാന്‍ പറ്റാത്തപ്പോള്‍ അറിയാതെ നമ്മുടെയടുത്ത് കാണിക്കുന്നതായിരിക്കും, പക്ഷെ ഞാനന്ന് ചെറുതായിരുന്നത് കൊണ്ട് ഓരോ വാക്കുകളും തനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടെന്നും റബേക്ക പറഞ്ഞു. നാല്‍പത് പേരുള്ള ക്രൂവില്‍ ഒരാള്‍ എന്നെ മാത്രം ചീത്ത പറയുക, ഈ നാല്‍പത് പേരും എന്നെ മാത്രം നോക്കി നില്‍ക്കുക. അത് വല്ലാത്ത അവസ്ഥായാണ്, കരയുക മാത്രമാണ് അന്ന് ചെയ്തതെന്നും റബേക്ക പറയുന്നുണ്ട്. എന്നാല്‍ പിന്നീട് ഇവര്‍ തന്നോട് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും റബേക്ക പറയുന്നുണ്ട്.


Click it and Unblock the Notifications











