'നമ്മളെ കാക്കാൻ ദൈവത്തോടൊപ്പം കൂടിയതാ, കൂടെ നിന്ന് സംരക്ഷിക്കുന്നതായിരുന്നു ഞങ്ങൾക്കിഷ്ടം'; ശബരിയെ ഓർത്ത് സാജൻ
സിനിമാ താരങ്ങളേക്കാൾ പ്രേക്ഷകരോട് ഏറ്റവും അടുത്ത് നിൽക്കുന്നവരാണ് മിനിസ്ക്രീൻ താരങ്ങൾ. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് പ്രേക്ഷകർ അവരെ ചേർത്തു പിടിക്കാറുള്ളത്. അങ്ങനെ മിനിസ്ക്രീൻ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന താരങ്ങളിൽ ഒരാളാണ് നടൻ ശബരിനാഥ്. മലയാള സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന നടൻ വിടപറഞ്ഞിട്ട് മൂന്ന് വർഷം പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ.
അപ്രതീക്ഷിതമായൊരു വിയോഗമായിരുന്നു ശബരിയുടേത്. ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിച്ച് വരികെയായിരുന്നു വിയോഗം. അതുകൊണ്ട് തന്നെ ടെലിവിഷൻ രംഗത്ത് വലിയ ഞെട്ടലാണ് ഇത് ഉണ്ടാക്കിയത്. നടന്റെ കുടുംബവും പ്രിയപ്പെട്ടവരും ആരാധകരുമെല്ലാം ഏറെനാൾ ആ വിയോഗത്തിന്റെ വേദനയിലായിരുന്നു.

സീരിയൽ രംഗത്ത് ശബരിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സാജന്‍ സൂര്യ. ആ നഷ്ടം നികത്താനാവാത്തതാണെന്ന് മുന്‍പ് സാജന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ശബരിയുടെ മൂന്നാം ഓർമദിനത്തിൽ പ്രിയ സുഹൃത്തിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണ് സാജൻ സൂര്യ. 'കൂട്ടുവെട്ടി പിരിഞ്ഞതല്ല കൂട്ടുകാരൻ. നമ്മളെ കാക്കാൻ ദൈവത്തോടൊപ്പം കൂടിയതാ. പക്ഷേ ഞങ്ങൾക്കിഷ്ടം കൂടെ നിന്ന് സംരക്ഷിക്കുന്നതായിരുന്നു. പണ്ടേ പറഞ്ഞാൽ അനുസരണയില്ലാത്തവനായിപ്പോയി' എന്ന കുറിപ്പിനൊപ്പമാണ് സാജൻ സൂര്യ ചിത്രം പങ്കുവച്ചത്.
മുന്‍പും തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് സാജൻ വാചാലനായിട്ടുണ്ട്. ഒന്നിച്ച് പോയ യാത്രകളിലെ പ്രിയനിമിഷങ്ങളും അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. സാജാ എന്നുള്ള വിളി കേള്‍ക്കുമ്പോള്‍ അവനിപ്പോഴും കൂടെയുണ്ടെന്ന് തോന്നുമെന്നാണ് സാജൻ പറഞ്ഞിട്ടുള്ളത്. കുടുംബസമേതമായി നടത്തിയ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയുമെല്ലാം സാജന്‍ പങ്കുവെയ്ക്കുകയുണ്ടായി.
നിര്‍മാല്യം പരമ്പരയില്‍ അഭിനയിക്കുന്ന സമയത്താണ് സാജനും ശബരിയും അടുത്ത സുഹൃത്തുക്കളാകുന്നത്. അന്ന് വില്ലന്‍ വേഷത്തിലാണ് ശബരി എത്തിയത്. ഒരേ നാട്ടുകാരും സമാനമായ ചിന്താഗതികളുമൊക്കെയാണ് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത്. കുടുംബപരമായും അടുത്ത സൗഹൃദമുണ്ട്. ഒന്നര കിലോ മീറ്റര്‍ അകലത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഏതാവശ്യത്തിന് എപ്പോള്‍ വിളിച്ചാലും അവന്‍ ഓടിയെത്തുമായിരുന്നു. തിരിച്ച് ഞാനും അങ്ങനെ തന്നെയാണെന്നും സാജന്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സമയത്താണ് സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. മിന്നുകെട്ട് പരമ്പരയിലൂടെയായിരുന്നു അരങ്ങേറ്റം. അതൊരു മികച്ച തുടക്കമായിരുന്നു. തുടർന്ന് വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശബരിക്ക് കഴിഞ്ഞു. നായകനായും വില്ലനായുമെല്ലാം ശബരി തിളങ്ങി.

മിന്നുകെട്ട്, പാടാത്ത പൈങ്കിളിക്ക് എന്നിവയ്ക്ക് പുറമെ സ്വാമി അയ്യപ്പൻ, സ്ത്രീപഥം തുടങ്ങിയ ശ്രദ്ധേയ പരമ്പരകളിലും ശബരി അഭിനയിച്ചിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവുമായിരുന്നു നടൻ. ഇതിനു പുറമെ ചാനല്‍ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു നടൻ.
2020 സെപ്റ്റംബര്‍ 17നായിരുന്നു ശബരിയുടെ അപ്രതീക്ഷിത വിയോഗം. വീടിനടുത്ത് ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്യയും രണ്ട് പെൺമക്കളുമാണ് ശബരിനാഥിനുള്ളത്.


Click it and Unblock the Notifications











