'മമ്മൂക്ക ഹെലികോപ്റ്ററിൽ വന്ന് എന്റെ വീടിന്റെ ടെറസിൽ ഇറങ്ങിയെന്ന്!'; പാലുകാച്ചൽ ദിവസമുണ്ടായ അനുഭവം പറഞ്ഞ് സാജു
മിമിക്രി വേദികളിലൂടെ അഭിനയ രംഗത്തേക്കെത്തി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് സാജു നവോദയ. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലുമൊക്കെയായി തിളങ്ങിയ ശേഷമാണ് സാജു സിനിമയിലേക്ക് എത്തുന്നത്. ഇന്ന് വെള്ളിത്തിരയിലെ ചിരിമുഖങ്ങളിൽ ഒന്നാണ് നടന്റേത്. മാന്നാർ മത്തായി സ്‌പീക്കിംഗ് 2 എന്ന സിനിമയിലൂടെ ആയിരുന്നു സാജുവിന്റെ അരങ്ങേറ്റം. തുടർന്ന് വെള്ളിമൂങ്ങ, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ ഒരിടം കണ്ടെത്തുകയായിരുന്നു സാജു.
ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ സാജുവിന് മമ്മൂട്ടി അടക്കമുള്ള മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാനും സാധിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് ഒപ്പം ഭാസ്ക്കർ ദി റാസ്ക്കൽ, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ സിനിമകളിലാണ് സാജു അഭിനയിച്ചത്. മമ്മൂട്ടി തന്നെയാണ് തനിക്ക് ഈ സിനിമകളിൽ അവസരം നൽകിയതെന്ന് സാജു മുൻപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുമായി ബന്ധപ്പെട്ട മറ്റൊരു രസകരമായ സംഭവം പങ്കുവച്ചിരിക്കുകയാണ് സാജു.

തന്റെ വീട് താമസത്തിന് മമ്മൂട്ടി വരുന്നു എന്ന വാർത്ത നാട്ടിൽ പ്രചരിച്ചതും പിന്നാലെ ഉണ്ടായ സംഭവങ്ങളെ കുറിച്ചും പറയുകയാണ് സാജു. 'ഞാൻ വീട് വച്ചിട്ട്, വീടിന്റെ പാലുകാച്ചൽ ചടങ്ങ് ആദ്യം വിളിക്കുന്നത് മമ്മൂക്കയെ ആണ്. ഒരു ചാനൽ അഭിമുഖത്തിനിടയിലാണ് ഞാൻ അദ്ദേഹത്തിന് ഇൻവിറ്റേഷൻ ലെറ്റർ കൊടുത്തിട്ട് അദ്ദേഹത്തെ ക്ഷണിച്ചത്. അദ്ദേഹം എന്നോട് ഉറപ്പായും വരാമെന്ന് പറഞ്ഞു. അഭിമുഖം സംപ്രേഷണം ചെയ്തപ്പോൾ അതിൽ ഇതും ഉണ്ടായിരുന്നു',
'എന്റെ നാട്ടുകാർ മുഴുവൻ ഇത് കണ്ടു. വീടിന്റെ പാലുകാച്ചൽ ദിവസം അദ്ദേഹത്തിന് വാഗമണ്ണിൽ ഷൂട്ടിങ്ങായിരുന്നു. അതുകൊണ്ട് വരില്ല എന്ന് നേരത്തെ അറിയിച്ചു. ആ ദിവസം ഞാൻ നോക്കുമ്പോൾ വീട്ടിൽ വിളിച്ചതിനെ കൂടുതൽ ആളുകൾ. ജനം ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. ഫുഡ് ഒക്കെ തികയുമോ എന്ന ടെൻഷനായി. മമ്മൂക്ക വരുമെന്ന് കരുതിയാണ് ഇത്രയും ആളുകൾ വന്നത്. കുറച്ചു രാത്രിയായപ്പോൾ ഇടിവെട്ടും മഴയുമൊക്കെയായി, എല്ലാവരും പോയി',

'പരിപാടിയൊക്കെ ഭംഗിയായി കഴിഞ്ഞു. പിറ്റേന്ന് ഞാൻ ജംഗ്ഷനിൽ ചെന്നപ്പോൾ എന്നോട് എല്ലാവരും 'ഇന്നലെ വന്നല്ലേ?' എന്ന് ചോദിക്കുന്നു. ആര് എന്ന് ചോദിച്ചപ്പോൾ, ഇന്നലെ മമ്മൂക്ക വന്നില്ലേ എന്നായി എല്ലാവരുടെയും ചോദ്യം. ഇല്ല, മമ്മൂക്ക വന്നില്ല എന്ന് ഞാൻ പറഞ്ഞു. 'പോ അവിടുന്ന്, ഞങ്ങളൊക്കെ കണ്ടല്ലോ' എന്നായിരുന്നു അവരുടെ മറുപടി. വന്നില്ലെന്ന് പറഞ്ഞ് ഞാൻ തർക്കിച്ചപ്പോൾ അവർ പറയുന്നു ചുമ്മാതെയൊന്നും പനങ്ങാട് ഹെലികോപ്റ്റർ വരില്ല എന്ന്',
'അതായത് അവിടെ തലേദിവസം ഒരു ഹെലികോപ്റ്റർ വന്നിരുന്നു. മമ്മൂക്ക അതിൽ വന്നിട്ട് തൂങ്ങി എന്റെ വീടിന്റെ ടെറസിന്റെ മുകളിൽ ഇറങ്ങി, ഫങ്ഷൻ അറ്റൻഡ് ചെയ്തിട്ട് തിരിച്ചു തൂങ്ങി അതിൽ കയറി പോയെന്നാണ് അവർ പറയുന്നത്. പാലുകാച്ചലിന് എനിക്ക് അങ്ങനെയൊരു നല്ല അനുഭവം ഉണ്ടായിട്ടുണ്ട്', മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സാജു പറഞ്ഞു.


Click it and Unblock the Notifications