സ്‌നേഹം മാത്രമുള്ള മനുഷ്യന്‍; സുധിയുടെ മരണം വല്ലാത്ത വേദനയായിരുന്നു: സാജു നവോദയ
മലയാളികള്‍ക്ക് സുപരിചിതനും പ്രിയങ്കരനുമായിരുന്നു കൊല്ലം സുധി. അദ്ദേഹത്തിന്റെ വിയോഗം മലയാളികളിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ സുധി മലയാളികളെ ഒരുപാട് ചിരിപ്പിച്ച കലാകാരനാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലൂടെ കേരളീയരുടെ കുടുംബത്തിലെ ഒരംഗമായി മാറിയിരുന്നു സുധി.
ഒരു പരിപാടി കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്ക് ഗുരുതര പരുക്കുകളുമേറ്റിരുന്നു. ഇപ്പോഴിതാ കൊല്ലം സുധിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടനും സുധിയുടെ അടുത്ത സുഹൃത്തുമായ സാജു നവോദയ. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാജു നവോദയ മനസ് തുറന്നത്.

''കൃത്യമായി പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അത് വല്ലാതെ മോശപ്പെട്ടൊരു ദിവസമായിരുന്നു. ഐവിഎഫ് കഴിഞ്ഞുള്ള ട്രീറ്റ്‌മെന്റിലായിരുന്നു. സുധി മരിച്ച ദിവസം റിസള്‍ട്ട് അറിയാന്‍ പോവുകയായിരുന്നു. രാവിലെ ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ സുധി മരിച്ചെന്ന് അറിഞ്ഞു. ഇവളോട് പറയരുതെന്ന് ഞാന്‍ കൂടെ നില്‍ക്കുന്ന പയ്യനോട് പറഞ്ഞു. ഇവര്‍ തമ്മില്‍ അത്ര അടുത്ത ബന്ധമായിരുന്നു. ഞാനും ആ സമയം ടെസ്റ്റിന്റെ റിസള്‍ട്ട് അറിയാന്‍ കാത്തിരിക്കുകയായിരുന്നു.'' സാജു നവോദയ പറയുന്നു.
''അവിടെ ചെന്നപ്പോഴേക്കും എന്റെ ഫാമിലി ഗ്രൂപ്പില്‍ സുധിയുടെ ഫോട്ടോ ആരോ ഇട്ടു. റിസള്‍ട്ടും നെഗറ്റീവ് ആയിരുന്നു. നെഗറ്റീവ് ആയതില്‍ സങ്കടമില്ലായിരുന്നു. എന്നെ വിളിച്ച് കരഞ്ഞത് സുധിയുടെ കാര്യം പറഞ്ഞായിരുന്നു. ഞാനും റിസള്‍ട്ടിന്റെ കാര്യം ചോദിച്ചില്ല.പതിനാല് ദിവസം കട്ടിലില്‍ അനങ്ങാതെ കിടന്ന ശേഷം റിസള്‍ട്ട് കേള്‍ക്കാന്‍ പോയതായിരുന്നു. അതൊന്നും പ്രശ്‌നമായിരുന്നില്ല. സുധിയുടെ വേര്‍പാടായിരുന്നു ഞങ്ങള്‍ക്ക് വലിയ പ്രശ്‌നം.'' അദ്ദേഹം പറയുന്നു.

അവന്‍ അത്ര നല്ല മനുഷ്യനായിരുന്നു. സ്‌നേഹം മാത്രമുള്ള മനുഷനായിരുന്നു. മക്കളേ എന്നല്ലാതെ രശ്മിയെ ഒന്നും വിളിക്കില്ല.സ്‌നേഹം മാത്രമേയുള്ളൂ. ഒരാളോടും വഴക്കിടില്ല. ഒരാളേയും ചീത്ത പറയില്ല. ഒരാളുടേയും കുറ്റം പറയില്ല. അവന്റെ നഷ്ടം വളരെ വലുതാണ്. കോട്ടയത്തൂടെ പോവുകയാണെങ്കില്‍ എന്റെ വീട്ടിലും എന്റെ ചേട്ടന്റെ വീട്ടിലുമൊക്കെ കയറിയിട്ടേ അവന്‍ പോകുമായിരുന്നുള്ളൂ. അതിന് ഞാന്‍ വേണമെന്നില്ല. അങ്ങനെയായിരുന്നു അവന്‍ എന്നും സാജു നവോദയ പറയുന്നു.
അതേസമയം ഈയ്യടുത്തായി സുധിയെക്കുറിച്ച് വീഡിയോകള്‍ ചെയ്യുന്നതിന് ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സാജു നടത്തിയ വിമര്‍ശനം വലിയ വാര്‍ത്തയായിരുന്നു. സുധിയുടെ കുടുംബത്തെ സഹായിക്കാന്‍ വീഡിയോ ചെയ്ത് കാണിക്കേണ്ടതില്ലെന്നായിരുന്നു സാജു പറഞ്ഞത്. ഇതോടെ ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.


Click it and Unblock the Notifications











