പഴയ ശിവാഞ്ജലിയെ തിരിച്ചുകിട്ടി! കൃഷ്ണാ സ്‌റ്റോര്‍ ഇന്ന് റൊമാന്റിക് സ്‌റ്റോര്‍ ആകുമെന്ന് തോന്നുന്നു!
ജനപ്രീയ പരമ്പരയാണ് സാന്ത്വനം. സംപ്രേക്ഷണം തുടങ്ങിയ കാലത്ത് തന്നെ പരമ്പരയ്ക്ക് ഒരുപാട് ആരാധകരെ കണ്ടെത്താന്‍ സാധിച്ചിരുന്നു. ഇപ്പോഴും റേറ്റിംഗില്‍ കുതിക്കുകയാണ് സാന്ത്വനം. പ്രണയവും തമാശയും നാടകീയ രംഗങ്ങളുമൊക്കെയായി മുന്നേറുകയാണ് സാന്ത്വനം പരമ്പര. സംഭവ ബഹുലമായ രംഗങ്ങളാണ് സാന്ത്വനം വീട്ടില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. ഒരുവശത്ത് അഞ്ജുവും ശിവനും തമ്മിലുള്ള പ്രണയം കട്ടയ്ക്ക് മുന്നേറുമ്പോള്‍ മറുവശത്താകട്ടെ ബാലനേയും കുടുംബത്തേയും തകര്‍ക്കാനായി പുതിയ ആളെ രംഗത്തിറക്കിയിരിക്കുകയാണ് തമ്പി.
പുതിയ പ്രൊമോ വീഡിയോയും ശ്രദ്ധ നേടുകയാണ്. ശിവനും അഞ്ജും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് പ്രൊമോ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലി എന്ന് ആരാധകര്‍ വിളിക്കുന്ന ഈ ജോഡി ഇപ്പോള്‍ പ്രണയത്തിന്റെ ലഹരിയിലാണ്. ഇവരുടെ പ്രണയ രംഗങ്ങളും ചില്ലറ തമാശകളുമൊക്കെയായി രസകരമായൊരു പ്രൊമോ വീഡിയോയാണ്് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രൊമോ വീഡിയോ ആരംഭിക്കുന്നത് സാന്ത്വനം വീട്ടിലാണ്. ശിവനുള്ള ഉച്ച ഭക്ഷണം തയ്യാറാക്കിയ ശേഷം അഞ്ജുവിന്റെ പക്കല്‍ കൊടുത്തു വിടാന്‍ നോക്കുകയാണ് ദേവി. എന്നാല്‍ ഞാനും കൂടെ വരാം എന്ന് പറഞ്ഞു കൊണ്ട് കണ്ണനും കൂടെ വരാന്‍ തയ്യാറാവുകയാണ്. നീയെന്തിനാണ് വരുന്നതെന്ന് അഞ്ജു ചോദിച്ചപ്പോഴേക്കും കണ്ണനേയും കൂടെ കൊണ്ട് പോയ്‌ക്കോളൂ, നിനക്കൊരു ധൈര്യത്തിന് എന്ന് പറഞ്ഞ് ദേവി കണ്ണനെ അഞ്ജുവിന്റെ കൂടെ പറഞ്ഞു വിടുകയാണ്. എന്നാല്‍ അഞ്ജു ആളത്ര ചില്ലറക്കാരിയല്ല. തൊട്ടുപിന്നാലെ കാണിക്കുന്ന രംഗത്തില്‍ അഞ്ജു കണ്ണനെ ഭീഷണിപ്പെടുത്തുന്നതാണ് കാണുന്നത്.

വല്ല്യേടത്തി അങ്ങനെ പലതും പറയും, ഞാന്‍ എന്റെ കെട്ടിയോന് ഭക്ഷണവും കൊണ്ട് പോകുന്നിടത്ത് നീ വലിഞ്ഞു കയറിവരേണ്ട ഒരാവശ്യവുമില്ലെന്നാണ് അഞ്ജു കണ്ണനോട് പറയുന്നത്. പോകാനായി ഇറങ്ങിയ ശേഷം മുറ്റത്ത് നിന്നായിരുന്നു അഞ്ജുവിന്റെ താക്കീത്. കണ്ണന്‍ ദേവേടത്തിയെ വിളിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മിണ്ടിയാല്‍ കൊന്ന് കളയുമെന്ന് കണ്ണനെ ഭീഷണിപ്പെടുത്തിയ ശേഷം അഞ്ജു വണ്ടിയുമെടുത്ത് കടയിലേക്ക് പോവുകയായിരുന്നു. അഞ്ജുവിനെ കടയില്‍ കണ്ട് സന്തോഷിക്കുന്ന ശിവനെയാണ് പിന്നെ കാണുന്നത്. ഇതേസമയം തന്നെ കൊണ്ടു പോകാത്തതില്‍ വിഷമിച്ച് വീടിന്റെ പുറകുവശത്ത് നില്‍ക്കുകയായിരുന്ന കണ്ണനെ ദേവി കാണുന്നു. നീ പോയില്ലേ എന്ന് ദേവി ചോദിച്ചപ്പോള്‍ നീ വരണ്ട എന്ന് പറഞ്ഞതായി കണ്ണന്‍ പറയുന്നു. എന്താ അങ്ങനെ പറഞ്ഞതെന്ന് ദേവി ചോദിക്കുന്നു. ഞാന്‍ ചെന്നാല്‍ അവര്‍ക്ക് ശല്യമാകുമെന്നാ പറഞ്ഞതെന്ന് കണ്ണന്‍ ദേവിയെ അറിയിക്കുന്നു.

ആ അത് ശരിയാണെന്നായിരുന്നു ദേവിയുടെ മറുപടി. പിന്നാലെ കടയില്‍ ശിവനും അഞ്ജുവും തങ്ങളുടെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന ശിവനേയും അഞ്ജുവിനെയുമാണ് കാണുന്നത്. ശിവന്‍ കയ്യില്‍ മുട്ടയും അഞ്ജു കയ്യില്‍ പൂട്ടുമെടുത്ത് പിടിച്ചു കൊണ്ടാണ് പഴയ ഓര്‍മകളിലേക്ക് പോകുന്നത്. ഇതെന്താ ഇവിടെ നടക്കുന്നതെന്ന് ചോദിച്ചുകൊണ്ട് ശത്രു കടന്നു വരുന്നു. ഞങ്ങള്‍ ഫ്‌ളാഷ്ബാക്ക് ഓര്‍ക്കുകയായിരുന്നുവെന്ന് ശിവന്‍ ശത്രുവിന് മറുപടി നല്‍കുകകയും ചെയ്യുന്നുണ്ട്. പിന്നാലെ ഓടിക്കിതച്ച് വിയര്‍ത്ത് കണ്ണന്‍ കടയിലേക്ക് വരുന്നതും രണ്ടു പേരേയും ദേഷ്യത്തോടെ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. രസകരമായ വീഡിയോ ഇതിനോടകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്.

നമ്മുടെ പഴേ ശിവാഞ്ജലിനെ തിരിച്ചു കിട്ടിയ ഫീല്‍, ഇന്നത്തെ എപ്പിസോഡില്‍ കണ്ണന്‍ കുറെ ഓടിയെന്നു തോന്നുന്നു,അടിപൊളി അഞ്ജുവിന്റെ മിട്ടായി എറിഞ്ഞു കൊടുക്കല്‍ പൊളിച്ചു, അഞ്ചുന്റെ ആ സ്‌കൂട്ടി കൊണ്ടുള്ള വരവും ശിവേട്ടന്റെ അപ്പോഴുള്ള ആ നോട്ടവും പൊളിച്ചു, ഇന്ന് കൃഷ്ണ സ്റ്റോര്‍ റൊമാന്റിക് സ്റ്റോര്‍ ആവും എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.


Click it and Unblock the Notifications