സിനിമയിലേക്ക് ഇപ്പോഴില്ല! വിളിച്ചുവരുത്തി ബോഡി ഷെയിം ചെയ്തവരുണ്ട്, അത് കേൾക്കാൻ വയ്യ; അനുഭവം പറഞ്ഞ് മഞ്ജുഷ
ജനപ്രിയ പരമ്പരയായ സാന്ത്വനത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജുഷ മാര്‍ട്ടിന്‍. സീരിയലിൽ അച്ചു എന്ന കഥാപാത്രമായി എത്തുന്ന മഞ്ജുഷ സോഷ്യൽ മീഡിയയിലും താരമാണ്. റീൽസ് വീഡിയോകളിലൂടെയും യൂട്യൂബിലൂടെയുമൊക്കെ ശ്രദ്ധനേടിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. റീൽസിന് പുറമെ കുട്ടി സീരീസുകളും ഷോർട്ട് ഫിലിമുകളുമൊക്കെയായി മഞ്ജുഷ എത്താറുണ്ട്. ഇപ്പോഴിതാ മനസ്സമ്മതം എന്ന പുതിയ ഹ്രസ്വ ചിത്രം റിലീസായതിന്റ സന്തോഷത്തിലാണ് മഞ്ജുഷ.
സാന്ത്വനത്തിൽ മഞ്ജുഷയുടെ പെയറായി എത്തുന്ന അച്ചു സുഗന്ധ് ആണ് ഷോർട്ട് ഫിലിമിൽ നായകനായി എത്തുന്നത്. വലിയ സ്വീകാര്യതയാണ് ഷോർട്ട് ഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ മഞ്ജുഷയുടെ പുതിയൊരു അഭിമുഖവും ശ്രദ്ധനേടുകയാണ്. സീരിയലും ഷോർട്ട് ഫിലിമുകളുമൊക്കെയായി തിളങ്ങി നിൽക്കുമ്പോഴും സിനിമയിലേക്ക് വരാത്തത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

സിനിമയിലേക്ക് വിളിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പോകാന്‍ തയ്യാറല്ല എന്നാണ് മഞ്ജുഷ പറയുന്നത്. മുൻപുണ്ടായ ചില മോശം അനുഭവങ്ങളാണ് അതിന് കാരണമെന്ന് നടി പറയുന്നു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജുഷ മാർട്ടിൻ.
'ടിക്ക് ടോക് വീഡിയോകളിലൂടെയാണ് ഞാൻ തുടങ്ങുന്നത്. പെട്ടന്ന് ടിക്ക് ടോക്ക് ബാന്‍ ചെയ്തപ്പോള്‍ പിന്നെ എന്ത് ചെയ്യണം എന്നറിയാതെയായി. അപ്പോള്‍ എനിക്ക് ഇന്‍സ്റ്റഗ്രാം ഉണ്ടായിരുന്നില്ല. പിന്നെ വീട്ടുകാരുടെയൊക്കെ പിന്തുണ കൊണ്ടാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. എന്നാല്‍ അതില്‍ നിന്ന് കാര്യമായ റീച്ചൊന്നും കിട്ടിയിരുന്നില്ല. അതിന് ശേഷം ഇന്‍സ്റ്റഗ്രാം തുടങ്ങി. അതോടെയാണ് ഒരു ബ്രേക്ക് കിട്ടിയത്,' മഞ്ജുഷ പറയുന്നു.
'അപ്പോള്‍ മുതല്‍ സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നൊക്കെ അവസരങ്ങള്‍ വരുന്നുണ്ടായിരുന്നു. സീരിയല്‍ എന്നെക്കൊണ്ട് പറ്റുമോ എന്നറിയാത്തതുകൊണ്ട് നോ പറഞ്ഞു. സാന്ത്വനത്തിലേക്ക് വിളിച്ചപ്പോഴും ആദ്യം നോ തന്നെയാണ് പറഞ്ഞത്. പിന്നീട് ആദിത്യൻ സാറും അച്ചു ചേട്ടനുമൊക്കെ വിളിച്ചു. അതൊക്കെ കഴിഞ്ഞാണ് പോയത്. ആ സീരിയലിനോടുള്ള ഇഷ്ടം കാരണം കമ്മിറ്റ് ചെയ്യുകയായിരുന്നു,'
'ഇപ്പോഴും എനിക്കൊരു കോൺഫിഡൻസ് വന്നിട്ടില്ല. സിനിമകളിൽ നിന്നൊക്കെ ഇപ്പോഴും അവസരം വരുന്നുണ്ട്. ചില സിനിമകളിലേക്ക്, നിങ്ങള്‍ തന്നെ മതി, ആപ്റ്റാണ് എന്നൊക്കെ പറഞ്ഞ് ഓരോരുത്തർ വിളിക്കും. അങ്ങനെ പറയരുത്, എന്നെ കണ്ടിട്ടേ തീരുമാനിക്കൂ എന്ന് ഞാൻ പറയും. പക്ഷെ അവര്‍ നിര്‍ബന്ധിക്കും. അവസാനം ചെന്ന് കഴിഞ്ഞാല്‍, അയ്യോ ഇത്രയും ചെറുതാണോ. വീഡിയോയില്‍ കണ്ടപ്പോള്‍ കുറച്ചുകൂടെ ഫിറ്റ് ആയിട്ട് തോന്നി എന്ന രീതിയില്‍ സംസാരിക്കും. അതൊക്കെ കേട്ട് മടുത്തു,' മഞ്ജുഷ പറഞ്ഞു.

ഇനി ശരീരം ഒക്കെ ഒന്ന് ശരിയാക്കി, അത്യാവശ്യം വണ്ണം വച്ചിട്ടേ സിനിമ അഭിനയത്തെ കുറിച്ച് ചിന്തിക്കുന്നുള്ളൂ. ഒരു വർഷം കൂടിയൊക്കെ കഴിയട്ടെ എന്നും മഞ്ജുഷ വ്യകത്മാക്കി. എന്നാല്‍ തനിക്ക് സംവിധാനത്തോട് താത്പര്യമുണ്ടെന്നും നടി പറഞ്ഞു. സ്വന്തമായി എഴുതി ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. നല്ല ഒരു സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. ആളുകള്‍ എങ്ങനെയാണോ, അങ്ങനെ തന്നെ അവതരിപ്പിക്കുന്നതായിരുന്നു എന്റെ സിനിമ. മേക്കപ്പോ, ഡബ്ബിങ് ചെയ്ത് അവരുടെ കഴിവിനെ മാറ്റി നിര്‍ത്തുന്നതോ ആയിരിക്കില്ലെന്നും മഞ്ജുഷ പറഞ്ഞു.
ബോഡി ഷെയ്‌മിങ് അനുഭവങ്ങൾ പഠിക്കുന്ന കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും തീരെ കുഞ്ഞാണല്ലോ എന്ന കളിയാക്കലുകള്‍ നേരിട്ടത് ഇന്റസ്ട്രിയിലേക്ക് വന്നതിന് ശേഷമാണെന്നും മഞ്ജുഷ പറഞ്ഞു. 'അപ്പോഴാണ് ഞാൻ എന്റെ ശരീരത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. പണ്ടൊക്കെ ഞാന്‍ വളരെ ആക്ടീവായിരുന്നു. പക്ഷെ ഈ കളിയാക്കലുകൾ എന്റെ പെരുമാറ്റത്തെ പോലും ബാധിച്ചു. ഞാന്‍ കൂടുതല്‍ സയലന്റ് ആയി,' മഞ്ജുഷ മാർട്ടിൻ പറഞ്ഞു.


Click it and Unblock the Notifications