വിവാഹം എപ്പോഴാണെന്ന് പലരും ചോദിക്കും, സമയമില്ലെന്ന് പറയുമെന്ന് ഗോപിക! ഷഫ്‌നയുടെ ആഗ്രഹത്തെ കുറിച്ച് സജിൻ!
സാന്ത്വനം പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരങ്ങളാണ് സജിനും ഗോപികയും. ഈ പേരിനേക്കാൾ ശിവൻ, അഞ്ജലി എന്നീ പേരുകളിലാകും ഇവരെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ശിവാജ്ഞലി എന്നാണ് ആരാധകർ സ്നേഹത്തോടെ ഇരുവരെയും വിളിക്കാറുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി ടെലിവിഷൻ സ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്ന ഇരുവരും വീട്ടിലെ ഒരംഗത്തെ പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
ഇപ്പോഴിതാ ജിഞ്ചർ മീഡിയക്ക് നൽകിയ ഒരു അഭിമുഖത്തിൽ തങ്ങളുടെ സീരിയൽ വിശേഷങ്ങൾ പങ്കുവച്ചെത്തിയിരിക്കുകയാണ് സജിനും ഗോപികയും. ഒപ്പം തങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. നിലവിൽ സാന്ത്വനം സീരിയലിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പുറത്തിറങ്ങുമ്പോൾ എല്ലാവരും ചോദിക്കാറുണ്ടെന്ന് സജിനും ഗോപികയും പറയുന്നു.

ബാലേട്ടനെ എന്തിനാണ് ഇങ്ങനെ വിഷമിപ്പിക്കുന്നത്. എന്തിനാണ് വീടു വിട്ടു പോകുന്നത്. എപ്പോള്‍ തിരിച്ചുവരും എന്നൊക്കെയാണ് ഓരോരുത്തരുടെ ചോദ്യം. വീട്ടുകാരും അയൽവാസികളുമൊക്കെ ഇക്കാര്യം ചോദിക്കാറുണ്ട്. എന്നാൽ വീട്ടുകാര്‍ക്ക് പോലും ഇനി എന്താണെന്ന് പറഞ്ഞു കൊടുക്കാറില്ല, സീരിയല്‍ കാണൂ എന്നാണ് പറയാറുള്ളതെന്ന് ഇരുവരും പറഞ്ഞു.
ഇപ്പോള്‍ അപ്പുവിന്റെ കുഞ്ഞിന്റെ നൂലുകെട്ടും മറ്റു കാര്യങ്ങളുമാണല്ലോ നടന്നുകൊണ്ടിരിക്കുന്നത്. അപ്പോള്‍ അഞ്ജുവിനും ശിവനും ഒരു കുഞ്ഞുവേണ്ടേ, എന്തെങ്കിലും പ്ലാനുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുമ്പോൾ, അക്കാര്യം ഞങ്ങളെക്കാള്‍ പ്ലാന്‍ ചെയ്യേണ്ടത് റൈറ്റര്‍ ആണെന്നായിരുന്നു രണ്ടുപേരുടെയും മറുപടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ ഒരു കുഞ്ഞ് വരുന്നതിനെ കുറിച്ച് കഥയില്‍ എവിടെയും ഇല്ലെന്നും ഇരുവരും വ്യക്തമാക്കി.
സീരിയലിന്റെ കഥ എന്താണെന്ന് ഞങ്ങൾക്കും കൃത്യമായി അറിയില്ല. ഓരോ ഷെഡ്യൂളുകൾക്കും പോകുമ്പോഴാണ് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയുന്നത്. അതും കൃത്യമായി അറിയാന്‍ സാധിക്കില്ല. ഡബ്ബിങിന് ഇരിക്കുമ്പോഴാണ് ഇങ്ങനെയൊക്കെയാണെന്ന് മനസ്സിലാവുന്നത്. ബാലേട്ടന്‍ തല്ലിയിട്ട് ശിവനും അഞ്ജുവും മുറിയിലിരുന്ന് കരയുന്ന സീനൊക്കെ കണ്ടുകാണുമല്ലോ. പക്ഷെ ആ അടി നടക്കുന്നതിന് മുന്‍പേ കരയുന്ന സീന്‍ എടുത്ത് കഴിഞ്ഞിരുന്നു. പിന്നെ അടിക്കുന്ന സീന്‍ എടുക്കുമ്പോഴാണ് ആ കരഞ്ഞതിന്റെ ഡെപ്ത് മനസ്സിലാവുന്നത്. ഗോപികയും സജിനും പറഞ്ഞു.
ഗെറ്റപ്പ് ചേഞ്ച് വേണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദിച്ചതിന്, മൂന്ന് വര്‍ഷത്തോളമായി ഈ കഥാപാത്രമായി ജീവിക്കുകയാണ്. ഗെറ്റപ്പ് ഒക്കെ മാറി, താടിയൊക്കെ ഒന്ന് ട്രിം ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷെ ഇനി സീരിയല്‍ അവസാനിക്കുന്നതുവരെ പറ്റുമെന്ന് തോന്നുന്നില്ലെന്നായിരുന്നു സജിന്റെ മറുപടി.
സീരിയലിലെ പോലെ എന്തെങ്കിലും ബിസിനസ് തുടങ്ങാന്‍ പ്ലാനുണ്ടോ എന്ന ചോദിക്കുമ്പോൾ താല്പര്യമില്ലെന്നാണ് രണ്ടുപേരും പറയുന്നത്. അതേസമയം തന്റെ ഭാര്യ ഷഫ്‌നയ്ക്ക് എന്തെങ്കിലും ബിസിനസ്സ് തുടങ്ങമെന്ന് ആഗ്രഹമുണ്ടെന്ന് സജിന്‍ പറഞ്ഞു. ഇന്റീരിയർ ഡിസൈനിലേക്ക് കടക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് ഗോപികയും വ്യക്തമാക്കി.

ആളുകൾ വിവാഹം എപ്പോഴാണെന്ന് ചോദിക്കാറുണ്ടെന്നും ഗോപിക പറഞ്ഞു. നാട്ടുകാരാണ് ചോദിക്കുക. വീട്ടുകാർ നല്ല സപ്പോർട്ടാണ് അതുകൊണ്ട് എനിക്ക് എപ്പോഴാണോ വേണ്ടത്, അപ്പോൾ മതിയെന്നാണ് പറയുക. അതുകൊണ്ട് അത്ര സമ്മർദ്ദമില്ല. ചോദിക്കുമ്പോൾ ഞാൻ അടിച്ചു പൊളിച്ചു നടക്കട്ടെ എന്നാണ് പറയുക. എനിക്ക് എന്നെ തന്നെ നോക്കാൻ സമയമില്ല. അപ്പോൾ പിന്നെ കല്യാണം കഴിഞ്ഞാൽ എന്താകുമെന്നും ചോദിക്കാറുണ്ടെന്ന് ഗോപിക പറഞ്ഞു. ഗോപികയുടെ അച്ഛനും അമ്മയും വളരെ കമ്പനിയാണെന്ന് സജിനും പറഞ്ഞു.
പുറത്തു വച്ച് കാണുമ്പോഴുള്ള ആരാധകരുടെ സ്നേഹത്തെ കുറിച്ചും സജിൻ സംസാരിച്ചു. തിരക്കിലാണെങ്കിലും മൂഡ് ശരിയല്ലെങ്കിലും ആരാധകരോട് അത് കാണിക്കാറില്ല. അവരുടെ കൂടെ നിൽക്കാനും ഫോട്ടോ എടുക്കാനുമാണ് ശ്രമിക്കാറുള്ളത്. അവർ നമ്മളെ കാണുന്നത് എങ്ങനെയാണെന്നും അവർ നമുക്ക് നൽകുന്ന വില എന്താണെന്നും അറിയാം. നമ്മുടെ മൂഡ് എന്തായാലും അവർ നമുക്ക് വേണ്ടി സമയം ചെലവഴിക്കുന്നവർ ആണെന്ന് മനസിലാക്കണമെന്നും സജിൻ പറഞ്ഞു.


Click it and Unblock the Notifications











