റോബിൻ എന്റെ അരിയാണ്, ശത്രുവല്ല!, ഭാര്യക്കൊപ്പം നിശ്ചയത്തിനെത്തി സീക്രട്ട് ഏജന്റും; വീഡിയോ
ഇന്നലെ ആയിരുന്നു ബിഗ് ബോസ് സീസൺ ൪ മത്സരാർത്ഥി റോബിൻ രാധാകൃഷ്ണന്റെയും പ്രണയിനി ആരതി പൊടിയുടെയും വിവാഹനിശ്ചയം. ഏറെ നാളുകളായി ഇരുവരുടെയും ആരാധകർ കാത്തിരുന്ന ചടങ്ങായിരുന്നു ഇത്. വിവാഹ നിശ്ചയത്തോടെ ഇരുവരും കല്യാണത്തിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ്.
ഇനി അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇന്നലെ കൊച്ചിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാന്‍ ബിഗ് ബോസ് താരങ്ങളടക്കം പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ പലരും എത്തിയിരുന്നു.

ബിഗ് ബോസിലെ റോബിന്റെ സഹ മത്സരാർത്ഥികളായിരുന്ന ലക്ഷ്മി പ്രിയ, ബ്ലസ്ലി എന്നിവരും, മുൻ ബിഗ് ബോസ് മത്സരാർത്ഥിയും റോബിൻറെയും ആരതിയുടെയും സുഹൃത്തായ അമൃത സുരേഷും ചടങ്ങിനുണ്ടായിരുന്നു. ഇവരെ കൂടാതെ സോഷ്യൽ മീഡിയയിലൂടെ സുപരിചിതരായ വ്‌ളോഗർ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്‍ണയും ഷാസാമും എത്തിയിരുന്നു.
മുൻപ് റോബിനെതിരെ വലിയ രീതിയിൽ വിമർശനവുമായി എത്തിയിട്ടുള്ള ആളാണ് സായ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റോബിനെതിരെ പങ്കുവച്ച വീഡിയോ വൈറലാവുകയും റോബിൻ ആരാധാകർ അടക്കം സീക്രട്ട് ഏജന്റിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് ഇരുവരും നേരിൽ കാണുകയും അടുത്ത സുഹൃത്തുക്കളായി മാറുകയുമായിരുന്നു.

അടുത്തിടെ ഉണ്ണി മുകുന്ദനും സീക്രട്ട് ഏജന്റുമായുള്ള പ്രശ്നങ്ങൾക്കിടയിലും റോബിൻ സായിയെ പിന്തുണച്ചിരുന്നു. അതിന് പിന്നാലെയാണ് റോബിൻ വിവാഹ നിശ്ചയത്തിനും സായിയെ ക്ഷണിച്ചത്. ഭാര്യ സ്നേഹയ്ക്ക് ഒപ്പമാണ് സായ് ചടങ്ങിന് എത്തിയത്. സ്നേഹയുടെ സുഹൃത്താണ് ആരതി പൊടി.
ഇവരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റോബിനും ആരതിക്കും ആശംസകൾ നേർന്ന് ഭാര്യക്കൊപ്പം വിവാഹ വേദിയിലെത്തിയ സായ്, മറ്റു സുഹൃത്തുക്കളെയും ഒപ്പം നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതൊക്കെ വീഡിയോയിൽ കാണാം. ഇതുകൂടാതെ റോബിൻ ആരതി എൻഗേജ്‌മെന്റ് എന്ന് പറഞ്ഞ് തന്റെ യൂട്യൂബ് ചാനലിലൂടെ മറ്റൊരു വീഡിയോയും സായ് പങ്കുവച്ചിട്ടുണ്ട്.

'അപ്പോൾ ഞങ്ങൾ ഡോക്ടർ റോബിൻറെയും ആരതി പൊടിയുടെയും എൻഗേജ്മെന്റ് ഫങ്ക്ഷന് പോവുകയാണ് ഗയ്‌സ്' എന്ന് പറഞ്ഞാണ് സായ് തന്റെ വീഡിയോ ആരംഭിക്കുന്നത്. ക്യാമറ പിടിച്ചിരിക്കുന്ന ഭാര്യ അപ്പോൾ റോബിൻ ശത്രുവല്ലേ എന്ന് ചോദിക്കുന്നത് കേൾക്കാം. 'റോബിൻ എന്റെ അരിയാണ്' എന്നാണ് സായ് അതിന് നൽകുന്ന മറുപടി.

'ഇതിലും വലിയ ഒരു അരി ഇനി കിട്ടാൻ ഉണ്ടോ, നീ എന്താ ഈ പറയുന്നേ. നമ്മൾ അപ്പോൾ ഫങ്ക്ഷന് പോകുന്നു അറ്റൻഡ് ചെയ്യുന്നു അരി മേടിക്കുന്നു. ഇന്ന് നമ്മളൊരു ഗോഡൗൺ തന്നെ വാങ്ങും ഗയ്‌സ്,' എന്നും സായ് തമാശയായി പറയുന്നുണ്ട്. വിവാഹ നിശ്ചയ വേദിയിൽ റോബിനൊപ്പം ഡാൻസ് ചെയ്തതൊക്കെ സായ് തന്റെ വ്‌ളോഗിൽ പങ്കുവച്ചിട്ടുണ്ട്.

നേരത്തെ റോബിൻ ഒരു അഭിമുഖത്തിൽ സീക്രട്ട് ഏജന്റിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. 'എന്നെ ഒരുപാട് വിമര്‍ശിച്ച ആളാണ് സീക്രട്ട് ഏജന്റ്. എന്നെ പാസ്റ്റര്‍ എന്നു വരെ വിളിച്ചിട്ടുണ്ട്. ഞാന്‍ അലറി വിളിച്ച് സംസാരിക്കുന്നതിന്. സീക്രട്ട് ഏജന്റ് സായ് എന്ന വ്യക്തിയ്ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ട്. അത് ഞാന്‍ ബഹുമാനിക്കുന്നു. എന്നെ വിമര്‍ശിച്ചു, ഞാനത് അംഗീകരിച്ചു,'
'എന്നെ വിമര്‍ശിച്ചുവെന്ന് കരുതി സായിയെ ഇല്ലാതാക്കണം എന്ന് ഞാന്‍ കരുതില്ല. അതുകൊണ്ടാണ് സായ് കൊച്ചിയില്‍ വന്നപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണമൊക്കെ കഴിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തത്. വ്യക്തിപരമായി എനിക്ക് സായിയെ ഇഷ്ടമാണ്. സായിയുടെ എല്ലാ കാര്യവും എനിക്ക് ഇഷ്ടമല്ല' എന്നാണ് റോബിന്‍ പറഞ്ഞത്.


Click it and Unblock the Notifications











