'മനപൂർവ്വം തെറ്റുകൾ ചെയ്യാത്തവരുടെ കൂടെ ദൈവം ഉണ്ടാകും; അപ്പോൾ എന്തിന് ഭയക്കണം?'; അമൃതയോട് നടി അമേയ
സ്റ്റാർ സിംഗർ മത്സരാർത്ഥിയായി എത്തിയ കാലം മുതലേ മലയാളികൾക്ക് പ്രിയങ്കരിയാണ് അമൃത സുരേഷ്. ഒരുപാട് വർഷങ്ങളായെങ്കിലും അന്നത്തെ സ്നേഹം അമൃതയോട് പ്രേക്ഷകർക്ക് ഇന്നുമുണ്ട്. സോഷ്യൽ മീഡിയയിലൊക്കെ ആ സ്നേഹം കാണാൻ കഴിയും. ചെറുപ്പം മുതലേ സംഗീതത്തെ കൂടെക്കൂട്ടിയിട്ടുള്ള അമൃത ഇപ്പോൾ സ്വന്തമായൊരു ബാൻഡും, യൂട്യൂബ് ചാനലും ഒക്കെയായി മുന്നോട്ട് പോവുകയാണ്. സ്റ്റേജ് ഷോകളും യാത്രകളും കുടുംബവുമൊക്കെയാണ് അമൃതയുടെ ഇപ്പോഴത്തെ ലോകം.
അടുത്തിടെ അമൃത കാശിയിലേക്ക് നടത്തിയ സോളോ ട്രിപ്പ് ആരാധകരുടെ ശ്രദ്ധനേടിയിരുന്നു. അവിടെ കാശി വിശ്വനാഥന് മുന്നിൽ സംഗീതാർച്ചന നടത്താൻ ഭാഗ്യം ലഭിച്ചതിനെക്കുറിച്ചും താരം ആരാധകരുമായി പങ്കുവയ്ക്കുകയുണ്ടായി. താൻ പോലും പ്രതീക്ഷിക്കാതെ തന്നിലേക്ക് വന്നു ചേർന്ന ഭാഗ്യം എന്നായിരുന്നു അമൃത ആ അവസരത്തെ വിശേഷിപ്പിച്ചത്. നിരവധി ആളുകളാണ് അമൃതയ്ക്ക് ആശംസകൾ നേർന്നു കൊണ്ട് എത്തിയത്.

അതിനുപിന്നാലെ ഇന്നിതാ സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുകയാണെന്നും അറിയിച്ചിരിക്കുകയാണ് അമൃത. മനസ്സിനേറ്റ മുറിവുകളുണക്കി കൂടുതൽ ഊർജ്ജസ്വലയായി മടങ്ങിവരുമെന്നാണ് അമൃത സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി ആരാധകർ ഇതിനു താഴെ കമന്റുമായി എത്തുന്നുണ്ട്. അതിനിടെ അമൃത കഴിഞ്ഞ ദിവസം പങ്കുവെച്ച കാശിയാത്രയുടെ വിശേഷങ്ങൾക്ക് നടി അമേയ നായർ നൽകിയ മറുപടി ആരാധകരുടെ ശ്രദ്ധനേടുകയാണ്.
'നിനക്ക് അത്ഭുതങ്ങളിൽ വിശ്വാസമുണ്ടോ... ഈ വരികൾ ആണ് ഓർമ്മ വരുന്നത്. ജീവിതത്തിൽ ഒരുപാട് തളരുമ്പോൾ മനപൂർവ്വം തെറ്റുകൾ ചെയ്യാത്തവരുടെ ഒപ്പം ദൈവം ഉണ്ടാകും അതിനുള്ള അടയാളവും നമുക്ക് കിട്ടും. ഇതിനെ അങ്ങനെ കണ്ടാൽ മതി ദൈവം കൂടെ ഉള്ളപ്പോൾ എന്തിന് ഭയക്കണം? മൈൻഡ് പൊസിറ്റീവ് ആക്കി വെക്കൂ മോളോടൊപ്പം കൂടുതൽ ടൈം സ്പെൻഡ് ചെയ്യൂ. ഈശ്വരാധീനവും ഈശ്വരന്റെ അനുഗ്രഹമായൊരു കലയും കയ്യിൽ ഉണ്ട്. നീ ധൈര്യമായി മുൻപോട്ട് പോകൂ', എന്നാണ് അമേയ കുറിച്ചത്.
അമേയയെ കൂടാതെ നിരവധിപേർ അമൃതയ്ക്ക് മറുപടിയുമായി എത്തിയിരുന്നു. 'അമൃത നല്ലൊരു ഗായികയാണ്.. ജീവിതത്തിൽ ഉണ്ടായ വീഴ്ച്ചയിൽ നിന്നും ഉയർത്തെഴുന്നേറ്റ് മുന്നോട്ടു പോവാൻ കുട്ടിക്ക് സംഗീതം കൂടെയുണ്ട്... അമ്മയും അനിയത്തിയും മകളും കൂടെയില്ലേ... അവരെ ചേർത്തു പിടിച്ച് ആരെന്തു പറയുന്നുവെന്ന് നോക്കാതെ സ്വന്തം തൊഴിലുമായി മുന്നോട്ടു പോവുക... ഞങ്ങളിൽ ചിലരെങ്കിലും കൂടെയുണ്ട്..', ആരാധകർ കുറിച്ചു.

അതേസമയം ലോകത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും തന്റെ ഉന്മേഷം വീണ്ടെടുക്കാനുമുള്ള ഒരു യാത്രയിലാണ് താനെന്നാണ് ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അമൃത ആരാധകരോടായി പറഞ്ഞത്. ജീവിതം മനോഹര നിമിഷങ്ങൾ നിറഞ്ഞ ഒരു യാത്രയാണെന്നും ആ യാത്രയിലെ ഓരോ നിമിഷവും താൻ ആസ്വദിക്കുകയാണ്. യാത്രാവിശേഷങ്ങളും കൂടുതൽ വിസ്മയകരമായ സംഗീതവുമായി താൻ മടങ്ങിവരുമെന്നും അതുവരെ കാത്തിരിക്കണമെന്നുമായിരുന്നു അമൃതയുടെ കുറിപ്പ്.
സമയമെടുത്ത് സ്വയം സുഖപ്പെടുത്തി വേഗം മടങ്ങി വരൂ എന്നാണ് ആരാധകർ അമൃതയോട് പറയുന്നത്. അതേ സമയം ഗോപി സുന്ദറും അമൃതയുമായുള്ള ബന്ധം അവസാനിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങൾ തുടരുന്നതിനിടെയാണ് അമൃത ഇടവേളയിലേക്ക് പോകുന്നത്. കഴിഞ്ഞ വർഷം പ്രണയത്തിലായ ഇരുവരും പിരിഞ്ഞതായുള്ള വാർത്തകൾ ഈയിടെയാണ് പുറത്തുവന്നത്. ഇരുവരും സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ ഉയർന്നത്.
അതിനിടെ ഗോപി സുന്ദർ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് ഇരുവരെ ഒരുമിച്ചു കാണാതിരുന്നത് അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തുകയായിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.


Click it and Unblock the Notifications