അച്ഛനേയും അമ്മയേയും ഏറെ വിഷമിപ്പിച്ചത് ആ കമന്റുകളായിരിക്കും; മനസ് തുറന്ന് ദർശനയും അനൂപും
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ദർശന ദാസ്. ദത്തുപുത്രി, ഫോർ ദി പീപ്പിൾ, കറുത്തമുത്ത്, പൂക്കാലം വരവായി, സ്വന്തം സുജാത എന്നിങ്ങനെ നിരവധി സീരിയലുകളിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. നിലവിൽ മൗനരാഗം എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്.
സീരിയലിൽ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെയാണ് ദർശന വിവാഹം കഴിച്ചത്. ഒരേ സീരിയലിൽ പ്രവർത്തിക്കുന്നതിനിടെ പ്രണയത്തിലായ ഇവർ രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതം ഇല്ലാതെ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരമ്പരയിൽ ഇരുവരും മത്സരാർത്ഥികളായി എത്തുന്നുണ്ട്.

ഷോയില്‍ വച്ച് ദർശനയും അനൂപും തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. അടുത്തിടെ ഷോയില്‍ പിണക്കം മറന്ന് ദര്ശനയുടെ അമ്മയും അച്ഛനും ചേച്ചിമാരും എത്തിയിരുന്നു. ഇത് വലിയ രീതിയിലാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഷോയിൽ ദർശനയുടെ അച്ഛൻ തങ്ങൾക്കുണ്ടായ വിഷമങ്ങൾ കുറിച്ച് പറഞ്ഞ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.
നിരവധിപേരാണ് അച്ഛനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. അതേസമയം ദർശനയെയും അനൂപിനെയും വിമർശിച്ചും നിരവധി പേർ രംഗത്ത് വരികയുണ്ടായി. ഇപ്പോഴിതാ, ആ എപ്പിസോഡിന് ശേഷം തങ്ങൾ നേരിട്ട മോശം കമന്റുകളെ കുറിച്ചും അത് അച്ഛനെയും അമ്മയെയും ബാധിച്ചതിനെ കുറിച്ചും മനസ് തുറക്കുകയാണ് ദർശനയും അനൂപും. സീ മലയാളം ന്യൂസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യങ്ങൾ പറഞ്ഞത്.

'അച്ഛന്റെ വിഷമം എന്ന് പറഞ്ഞാൽ ഞാൻ ഒരാളെ വിവാഹം കഴിച്ചു എന്നത് സൊസൈറ്റി എങ്ങനെ കാണുന്നു എന്നതാണ്. അവർ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നതൊക്കെയാണ് അച്ഛനെ ബാധിക്കുന്നത്. അപ്പോൾ ഈ പറയുന്ന ആളുകളാണ് തെറ്റ്. എന്തിനാണ് അത് പറയുന്നത്. അവരുടെ കുടുംബം അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അത് ഈ സൊസൈറ്റി നോക്കുന്നത് എന്തിനാണ്,' ദർശന ചോദിച്ചു.
'ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. എന്നോടോ ഇവളോടോ ഇതുവരെ ആരും ഒന്നും പറഞ്ഞിട്ടില്ല. ഒരു കമന്റിലൂടെ പോലും ഒന്നും പറഞ്ഞിട്ടില്ല. നമ്മൾ നല്ല രീതിയിൽ ജീവിക്കുമ്പോൾ ഇവർ എന്ത് പറയാനാണ്. ഒന്നും പറയാൻ പറ്റില്ല. പക്ഷെ അച്ഛനോടും അമ്മയോടും ചേച്ചിയോടും എന്റെ വീട്ടുകാരോടും ഒക്കെ ഓരോരുത്തർ ഓരോന്നും പറയുന്നുണ്ടാവും,' അനൂപ് പറഞ്ഞു.

'എന്നോട് ആരും ഒന്നും ചോദിച്ചില്ല. എന്നാൽ ഒരു മാസത്തോളം ഞാൻ വീട്ടിൽ പോയി നിന്നിരുന്നു. അപ്പോഴാണ് ആളുകൾ ഓരോന്ന് എന്നോട് ചോദിക്കുന്നത്. അപ്പോഴാണ് എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടായ ബുദ്ധിമുട്ട് ഞാൻ മനസിലാക്കുന്നത്. അവരെ പുറത്തിറങ്ങാൻ പോലും ഈ ആളുകൾ സമ്മതിക്കുന്നില്ലായിരുന്നു. അവർ എന്തോ കുറ്റം ചെയ്ത പോലെയാണ് സംസാരിക്കുന്നത്. എനിക്ക് അതിനോട് ഭയങ്കര എതിർപ്പാണ്,'

'എന്തുകൊണ്ടാണ് ഇവർ അങ്ങനെ ചെയ്യുന്നത്. ഈ നാട്ടിൽ പല കാര്യങ്ങളും നടക്കുന്നുണ്ട്. അവർ അതിൽ വല്ലോം പോയി ഇടപെടുന്നുണ്ടോ എന്നും ദർശന ചോദിക്കുന്നു. ഇപ്പോൾ സിനിമാ സീരിയൽ മേഖലയിൽ ഉള്ള ആര് വിവാഹം കഴിച്ചാലും ആദ്യം വരുന്ന കമന്റ് ആയിരിക്കും ഇവർ മൂന്ന് മാസം, ആറ് മാസം എന്നതൊക്കെ. ഇവർ ഒരുമിച്ച് ജീവിക്കാൻ പോകുന്നില്ല എന്നൊരു ധാരണയുണ്ട്,'
'അവരുടെ കുടുംബത്തിൽ ഒന്നും പ്രശനമില്ലാത്ത പോലെയാണ്. അവരുടെ ആഗ്രഹം അങ്ങനെ ഒരു നെഗറ്റീവ് കേൾക്കാനാവും. നമ്മൾ ഇത് എങ്ങനെയാ മുന്നോട്ട് കൊണ്ടുപോകുന്നത് നമ്മുക്കെ അറിയൂ. വലിയ പാടാണ് പ്രൊഫഷണൽ ലൈഫും കുടുംബ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ. അത് ആൾക്കാർക്ക് അറിയണ്ട. അവർക്ക് നെഗറ്റീവ് കാണണം,' അനൂപ് പറഞ്ഞു.

'എനിക്ക് തോന്നുന്നത് ഞങ്ങൾ വേദനിപ്പിച്ചതിനേക്കാൾ കൂടുതൽ അച്ഛനെയും അമ്മയെയും വേദനിപ്പിച്ചത് ഈ കമന്റ് ഇട്ടവരായിരിക്കും. അച്ഛന് ഭയങ്കര പോസിറ്റീവ് കമന്റുകളാണ് വന്നു കൊണ്ടിരുന്നത്. ആ വീഡിയോക്ക് ഏകദേശം 3.5 മില്യൺ കാഴ്ചക്കാരുണ്ടായി. ഞങ്ങൾക്കാണ് നെഗറ്റീവ് കമന്റുകൾ ഒക്കെ വന്നത്,'
'ആ സമയത്ത് അമ്മ വിളിച്ചപ്പോൾ അമ്മയോട് ഇത് പറഞ്ഞു. അപ്പോൾ അമ്മയ്ക്ക് വിഷമമായി. ഞങ്ങൾ പറഞ്ഞത് തെറ്റായി പോയോ എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ഫീലിംഗ്‌സ് ആണ് പറഞ്ഞത്. അത് ആളുകൾ എങ്ങനെയാണു എടുക്കുന്നതെന്ന് അവരുടെ തെറ്റാണ്. അമ്മ അതേകുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടന്ന് പറഞ്ഞു. അമ്മ ഭയങ്കരമായിട്ട് വിഷമിച്ചു,' ദർശന പറഞ്ഞു.


Click it and Unblock the Notifications











