നായിക ആയിട്ടു പോലും ഇരിക്കാൻ കസേര കിട്ടാതിരുന്നിട്ടുണ്ട്, ഒരുപാട് കഷ്ടപ്പെട്ട് വന്നവരാണ്; കാർത്തിക കണ്ണൻ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി കാര്‍ത്തിക കണ്ണന്‍. വളരെ ചെറിയ പ്രായത്തിൽ സീരിയലിലേക്ക് എത്തിയതാണ് കാർത്തിക. ചന്ദനമഴ മുതലിങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ ഇതിനകം നായികയായും വില്ലത്തിയായുമെല്ലാം തിളങ്ങിയിട്ടുണ്ട് താരം. അടുത്തിടെയായി കൂടുതലും അപ്പച്ചി വേഷങ്ങളിലായിരുന്നു നടി എത്തിയത്. നിലവിൽ തൂവൽ സ്പർശം എന്നും സമ്മതം തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് കാർത്തിക.
അതിനിടെ കാർത്തികയുടെ പുതിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്. തന്റെ സീരിയലിലേക്കുള്ള വരവിനെ കുറിച്ചും സീരിയലിലെ മാറ്റങ്ങളെ കുറിച്ചും തന്റെ പ്രണയവിവാഹത്തെ കുറിച്ചുമൊക്കെ കാർത്തിക സംസാരിക്കുന്നുണ്ട്. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കാർത്തിക ഇക്കാര്യങ്ങൾ പറഞ്ഞത്. വിശദമായി വായിക്കാം.

'1992 ൽ അമേരിക്കൻ മലയാളായി അസോസിയേഷൻ നടത്തിയ മിസ് കേരള കോമ്പറ്റീഷനിലൂടെയാണ് ഞാൻ ഇൻഡസ്ട്രിയിലേക്ക് വരുന്നത്. അതിന് മുൻപ് സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു കോമ്പറ്റീഷനിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീട് മിസ് പത്തനംതിട്ട ആയി. അങ്ങനെയാണ് ഫാഷൻ മത്സരത്തിലേക്ക് വരുന്നത്. അതിനൊക്കെ ശേഷമാണു ഓരോ സംവിധായകർ വന്ന് തുടങ്ങിയത്. അതിൽ അജിത് ലാൽ എന്നൊരു സംവിധായകനാണ് എന്റെ പുറകെ നടന്ന് സീരിയലിലേക്ക് കൊണ്ട് വന്നത്,'
'വീട്ടുകാർ വളരെ ഓർത്തോഡോക്സ് ആണ്. അതുകൊണ്ട് സിനിമ എന്നൊക്കെ പറഞ്ഞാൽ വിടുകയേ ഇല്ലായിരുന്നു. ആറന്മുളയിലെ കൊച്ചു ഗ്രാമത്തിൽ നിന്നായിരുന്നു ഞാൻ. സീരിയലിലേക്ക് വരുമെന്നേ ചിന്തിച്ചിട്ടില്ല. പെട്ടെന്നാണ് അങ്ങനെ സീരിയലിലേക്ക് ഒക്കെ എത്തുന്നത്. വിധി അങ്ങനെ ആയിരുന്നു എന്ന് വേണം കരുതാൻ. ഈറൻ നിലാവ് എന്നായിരുന്നു ആ സീരിയലിന്റെ പേര്. അതിന് ശേഷം ഒരുപാട് സീരിയലുകൾ നായിക ആയിട്ടും സെക്കൻഡ് ഹീറോയിൻ ആയിട്ടുമൊക്കെ ചെയ്തു,' കാർത്തിക പറഞ്ഞു.
സീരിയലിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ചുമൊക്കെ നടി സംസാരിക്കുന്നുണ്ട്. 'അന്നൊക്കെ ഒരുപാട് കഷ്ടപ്പെട്ടാണ് വന്നത്. ആദ്യമായി നായികയായി അഭിനയിക്കുന്ന സമയത്ത് നമ്മുക്ക് ട്രെയിനും ഫ്‌ളൈറ്റും ഒന്നുമില്ല. ടിഎ ആയിട്ട് തരുന്നത് ട്രാൻസ്‌പോർട്ട് ബസിൽ യാത്ര ചെയ്യാനുള്ള പൈസയാണ്. ഇന്ന് പുതിയ ആളുകൾ വരെ ബെൻസിൽ വന്നിറങ്ങുന്ന കാലമാണ്. ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ട് വന്നവരാണ്. അതിന്റെ ഗുണം നമ്മുക്കുണ്ട്. അന്ന് നായികാ ആയിരുന്നിട്ട് പോലും സെറ്റിൽ ഇരിക്കാൻ കസേര കിട്ടിയിട്ടില്ല,'
സീനിയർ താരങ്ങൾ വരുമ്പോൾ നമ്മൾ എഴുന്നേറ്റ് കൊടുക്കും. പക്ഷെ ഇന്നത്തെ കുട്ടികൾ ഒന്നും അങ്ങനെ ചെയ്യില്ല. അവർ അവിടെ തന്നെ അങ്ങനെ ഇരിക്കും. അങ്ങനെ ഒരുപാട് കാര്യങ്ങൾ സീരിയൽ മേഖലകളിൽ മാറിയിട്ടുണ്ടെന്നും കാർത്തിക കണ്ണൻ പറഞ്ഞു.
'സ്നേഹദൂത് എന്ന സിനിമയിലാണ് ആദ്യമായി നായികയായത്. അവിടെ വെച്ചാണ് ഭർത്താവ് കണ്ണനെ കാണുന്നത്. ആദ്യ കാഴ്ചയിലെ പ്രണയമൊന്നും അല്ലായിരുന്നു. സെറ്റിൽ വഴക്കായിരുന്നു എപ്പോഴും. പുളിക്കും ഒന്നുമില്ലായിരുന്നു. അവസാനം ആ സിനിമ ഷൂട്ട് കഴിയാറായപ്പോഴാണ് ഒരു സ്പാർക്ക് തോന്നുന്നത്. കൂടെയുണ്ടായിരുന്നവരൊക്കെ കൂടി അത് കത്തിച്ചു. ഞാൻ അവസാനം കത്തുകളൊക്കെ എഴുതിയിരുന്നു. ഫോണോ വാട്സ്ആപ്പോ ഒന്നുമില്ലല്ലോ,'

'അദ്ദേഹം മിഥുനത്തിലെ ഉർവശി ചെച്ചിയെ പോലെ അതൊക്കെ സൂക്ഷിച്ചു വെച്ചിരുന്നു. വിവാഹം കഴിഞ്ഞ് ചെന്നപ്പോൾ അദ്ദേഹത്തിന്റെ റൂമിൽ അതുണ്ടായിരുന്നു. അത് ഞാൻ ഇപ്പോൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ മിഥുനത്തിലെ ഉർവശി ചേച്ചിയുടെ പോലത്തെ സ്വഭാവമാണ് എനിക്ക്. അതിന് ശേഷം ഒന്ന് രണ്ടു സിനിമകൾ കൂടി ചെയ്തു. അപ്പോഴേക്കും സീരിയലിൽ നിന്ന് നല്ല കഥാപാത്രങ്ങൾ വന്ന് അങ്ങനെ തിരക്കായി,'
'ഭർത്താവിന്റെ സുഹൃത്തുക്കളുടെ ചില സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഏതാണ്ട് പത്ത് പന്ത്രണ്ട് സിനിമകൾ ചെയ്തു. എന്നാൽ രണ്ടെണ്ണത്തിലാണ് നായികയായത്. പട്ടാഭിഷേകം എന്ന ചിത്രത്തിൽ ജയറാമിന്റെ പെങ്ങളായിട്ടും അഭിനയിച്ചിരുന്നു,' എന്നും കാർത്തിക പറഞ്ഞു.


Click it and Unblock the Notifications











