'സീനിയറായ നടിമാർ വിഷം നിറയ്ക്കുന്നു, ഞാൻ ഗർഭിണിയല്ല'; കനൽപ്പൂവിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് ലക്ഷ്മി മായ!
മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരയാണ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കനൽപ്പൂവ്. പരമ്പരയിൽ മൈഥിലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടി ലക്ഷ്മി മായ ആണ്. അടുത്തിടെ താരം പരമ്പരയിൽ നിന്ന് പിന്മാറുകയുണ്ടായി. സീരിയലുകളിൽ നിന്നും ഇത്തരം പിന്മാറ്റങ്ങൾ സാധാരണമാണെങ്കിലും ലക്ഷ്മി മായയുടെ പിന്മാറ്റം പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നതല്ല. ഇപ്പോഴിതാ പരമ്പരയിൽ നിന്ന് പിന്മാറേണ്ടി വന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി മായ.
ലൊക്കേഷനിൽ സീനിയർ ആയ സ്ത്രീ ആർട്ടിസ്റ്റുകൾ വിഷം നിറയ്ക്കുകയാണെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണെന്നും ലക്ഷ്മി മായ ആരോപിക്കുന്നു. ഒരുപാട് സഹിച്ചു, പക്ഷേ ഇത്തവണ അതിരു കടന്നു. ചാനലിൽ പിടിപാടുള്ളതുകൊണ്ട് അവർ പറയുന്നതിനാണ് അവിടെ വിലയെന്നും ലക്ഷ്മി പറയുന്നു. സോഷ്യൽമീഡിയയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

"ഞാൻ കനൽപ്പൂവിൽ നിന്നും പിന്മാറി. പിന്മാറിയതിന്റെ കാരണം ചോദിച്ചുകൊണ്ട് ഒരുപാട് ആളുകളാണ് എത്തുന്നത്. ഇത്രയും ആളുകൾ എന്നെ സ്നേഹിക്കുന്നതിൽ ഒരുപാട് സന്തോഷം. എന്നെ സ്നേഹിക്കുന്നവർക്ക് ഞാൻ പിന്മാറിയത്തിൽ ഒരുപാട് സങ്കടം ഉണ്ടെന്നും അറിയാം. ഞാൻ ഷെയർ ചെയ്യുന്ന വീഡിയോസിലും പോസ്റ്റിലുമെല്ലാം ആളുകൾ ഇതേ കാര്യം തന്നെ ചോദിക്കുന്നു. എല്ലാവർക്കും മറുപടി നൽകാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.
ഞാൻ കനൽപ്പൂവിൽ നിന്നും മാറാൻ ഒരു റീസൺ ആണ് ഉള്ളത്. ഒരുപാട് ആളുകൾ പലവിധത്തിലുള്ള കമന്റുകളും ഇടുന്നുണ്ട്. ഞാൻ ഗർഭിണി ആയതുകൊണ്ട് മാറി, എക്സ്ട്രാ പേയ്‌മെന്റ് ചോദിച്ചു അതുകൊണ്ട് മാറി, അതല്ല എയർ ഹോസ്റ്റസ് ആയതുകൊണ്ട് പിന്മാറി എന്നൊക്കെയാണ് ചിലരുടെ കണ്ടെത്തൽ. എന്നാൽ ഈ ഊഹാപോഹങ്ങൾ ഒന്നും അല്ല സത്യം. ഞാൻ പോകാനുള്ള കാരണത്തിന് ഒരൊറ്റ സിംപിൾ ഉത്തരമേയുള്ളൂ", ലക്ഷ്മി മായ പറയുന്നു.
"ചില സീനിയറായ ഫീമെയിൽ ആർട്ടിസ്റ്റുകളുടെ കുശുമ്പും, ടോക്സിസിറ്റിയും കാരണമാണ് ഞാൻ പിന്മാറിയത്. ഇതൊന്നും സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് പിന്മാറിയത്. എല്ലായിടത്തും ഇത്തരത്തിലുള്ള വിഷയങ്ങൾ ഉണ്ടാകുമെന്ന് അറിയാം എന്നാലും ഇത് അതിര് കവിഞ്ഞു. ഓരോ ഷെഡ്യൂളിനു വേണ്ടി അവിടെ എത്തുമ്പോഴും ഓരോ തരത്തിലുള്ള കഥകൾ ആണ് ഞാൻ കേൾക്കുന്നത്. ആദ്യമൊന്നും ഞാൻ മൈൻഡ് ചെയ്തില്ല. എന്നാൽ അവസാന ഷെഡ്യൂളിന് പോയപ്പോൾ ഞാൻ കുറച്ചു കാര്യങ്ങൾ കേട്ടു.
ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് പലതും അവർ പറഞ്ഞുണ്ടാക്കിയത്. വ്യാജ തെളിവുകൾ നിരത്തി ചാനലിൽ പോയി പരാതി നൽകി. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. ഞാൻ പ്രൊഫഷണൽ ആയിട്ടാണ് അവിടെ നിന്നിട്ടുള്ളത്. പോകുന്നു, വരുന്നു അത്രമാത്രം അല്ലാതെ അവിടെ ഒന്നിനും നിൽക്കില്ലായിരുന്നു. ഞാൻ ഒരു കാബിൻ ക്രൂ ആയിരുന്നു. സീനിയർ കാബിൻ ക്രൂ ആയിരുന്നപ്പോഴാണ് റിസൈൻ ചെയ്തത്. അങ്ങനെ നിന്ന ഞാൻ ആക്ടിങ് പാഷൻ ആയതുകൊണ്ടാണ് ഇവിടെ എത്തിയത്.

വളർന്ന വന്ന കുഞ്ഞുചെടിയെ ഒടിച്ചുകളയും പോലെയാണ് എന്നെ അവിടെ അപകീർത്തിപ്പെടുത്തിയത്. ടോക്സിസിറ്റി ആണ് അവർ കൂടുതലും പടർത്തിയത്. മുകളിൽ ഉള്ള ആളുകൾക്ക് എല്ലാം അറിയാമെങ്കിലും ഈ പറഞ്ഞ സീനിയർ ആർട്ടിസ്റ്റുകൾക്ക് ചാനലുമായി നല്ല ബന്ധമാണ് ഉള്ളത്. എന്റെ സമാധാനത്തിന് ഞാൻ തന്നെ പിന്മാറിയതാണ്. ആരും എന്നെ മാറ്റിയതല്ല", ലക്ഷ്മി മായ വീഡിയോയിൽ വ്യക്തമാക്കി.
മാൻവി ആണ് ലക്ഷ്മി മായക്ക് പകരം മൈഥിലി എന്ന കഥാപാത്രത്തെ ഇപ്പോൾ അവതരിപ്പിക്കുന്നത്. യദു കൃഷ്ണ, അമ്പിളി ദേവി, ചിലങ്ക, നീതു നായർ, സനു രാജ്, ശ്രിയ സുരേന്ദ്രൻ തുടങ്ങിയ താരങ്ങളും പരമ്പരയുടെ ഭാഗമാണ്.


Click it and Unblock the Notifications