മുഖം പൊത്തിപ്പിടിച്ച് സ്നേഹയുടെയും ശ്രീകുമാറിന്റെയും പൊന്നോമന; ആശുപത്രിയിൽ നിന്നുള്ള വീഡിയോയുമായി നടി!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സ്നേഹയും ഭർത്താവ് ശ്രീകുമാറും. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗർഭിണിയാണെന്ന വിവരം പോലും യൂട്യൂബ് വീഡിയോയിലൂടെയാണ് സ്നേഹ പങ്കുവച്ചത്. ഗർഭിണി ആയി മാസങ്ങൾക്ക് ശേഷമായിരുന്നു ആരാധകരോട് ഇക്കാര്യം പറഞ്ഞത്. പിന്നീടങ്ങോട്ട് എല്ലാ കാര്യങ്ങളും ഇരുവരും യൂട്യൂബിലൂടെയും സോഷ്യൽമീഡിയയിലൂടെയും പങ്കുവച്ചിരുന്നു.
അതിനിടെ നിറവയറിലുള്ള സ്നേഹയുടെ ഒരു ഡാൻസ് വീഡിയോയും വൈറലായി മാറി. സ്നേഹ തന്നെയാണ് ഒമ്പതാം മാസത്തിലെ ഡാൻസ് വിഡിയോ പങ്കുവച്ചത്. 'എന്തരോ മഹാനുഭാവലു' എന്ന ക്ലാസിക് പാട്ടിനാണ് സ്നേഹ നൃത്തച്ചുവടുകൾ വച്ചത്. നിരവധി പേരാണ് സ്നേഹയ്ക്ക് ആശംസകളുമായി എത്തിയത്. അതിനു പിന്നാലെ ജൂണ്‍ ഒന്നിന് കുഞ്ഞ് ജനിച്ചു എന്ന സന്തോഷ വാര്‍ത്തയും താരങ്ങൾ പുറത്തുവിട്ടു. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നുള്ള കുഞ്ഞിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സ്നേഹ.

നടിയും സുഹൃത്തുമായ വീണ നായര്‍ കാണാന്‍ വന്നപ്പോള്‍ എടുത്ത വീഡിയോ ആണ് സ്‌നേഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'വിലമതിക്കാന്‍ കഴിയാത്ത നിമിഷം. ഒരു ആണ്‍ കുഞ്ഞിനാല്‍ ഞങ്ങള്‍ അനുഗ്രഹീതരായി' എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീണ വന്ന് സ്‌നേഹയെ കാണുന്നതും, സ്‌ട്രെക്ചറില്‍ കിടക്കുന്ന സ്നേഹയുമായി സംസാരിക്കുന്നതൊക്കെ വീഡിയോയില്‍ കാണാം.
പിന്നീട് ശ്രീകുമാർ നഴ്‌സിൽ നിന്ന് കുഞ്ഞിനെ വാങ്ങുന്നതും കാണിക്കുന്നുണ്ട്. ശ്രീകുമാര്‍ കുഞ്ഞിനെ വാങ്ങുന്ന സമയത്ത് ഇമോജി കൊണ്ട് മുഖം മറച്ചിട്ടുണ്ട്. മറ്റൊരിടത്ത് കുഞ്ഞ് തന്നെ കൈ കൊണ്ട് മുഖം മറച്ചതും കാണാം. ആദില്‍, വരദ, അശ്വതി, വീണ നായർ തുടങ്ങിയ താരങ്ങൾ അടക്കം നിരവധി പേർ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ആശംസകളും സ്‌നേഹവും അറിയിച്ച് വന്ന കമന്റുകൾക്കെല്ലാം സ്നേഹയും മറുപടി നൽകിയിട്ടുണ്ട്.
ഒമ്പതാം മാസം വരെ അഭിനയത്തിലൊക്കെ സജീവമായിരുന്നു സ്നേഹ. വൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരമ്പരയിലും മാറിമയത്തിലുമാണ് സ്നേഹ അഭിനയിച്ചു കൊണ്ടിരുന്നത്. രണ്ടു സെറ്റിലും തനിക്ക് നല്ലപോലെ കെയർ ലഭിച്ചെന്ന് സ്നേഹ പറഞ്ഞിരുന്നു. വൈഫ് ഈസ് ബ്യൂട്ടിഫുളിൽ കുമാരി എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിച്ചത്.
സ്നേഹ ഗർഭിണിയായതോടെ സീരിയലിന്റെ കഥയിൽ മാറ്റം വരുത്തി സ്നേഹയുടെ കഥാപാത്രത്തെയും ഗർഭിണിയാക്കിയാണ് പരമ്പര മുന്നോട്ട് കൊണ്ടുപോയത്. അവസാനം ഒമ്പതാം മാസ ചടങ്ങുകളടക്കം സെറ്റിൽ വെച്ച് നടത്തുകയും അത് ഷൂട്ട് ചെയ്ത് പരമ്പരയിൽ ഉപയോഗിക്കുകയും ചെയ്തിരുന്നു. വൈകിയാണ് സ്നേഹ ഗർഭിണിയാണെന്ന വിവരം അറിയുന്നത് അതുകൊണ്ട് പെട്ടെന്നായിരുന്നു മാറ്റങ്ങളൊക്കെ.

പിസിഒഡി കാരണമാണ് ഗർഭിണിയാണെന്ന് തിരിച്ചറിയാൻ വൈകിയതെന്ന് സ്നേഹ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. അറിയുമ്പോൾ തന്നെ 11 ആഴ്ച ആയിട്ടുണ്ടായിരുന്നു. പിസിഓഡി ഉണ്ടായിരുന്നതുകൊണ്ട് പിരീഡ്‌സ് അത്ര കറക്ട് ആയിരുന്നില്ല. സെറ്റിൽ വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചിൽ തോന്നിയപ്പോൾ ഡോക്ടറെ കണ്ടതാണ്. അങ്ങനെ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നതെന്നാണ് സ്നേഹ പറഞ്ഞത്.
2019 ഡിസംബറിലായിരുന്നു സ്നേഹയുടേയും ശ്രീകുമാറിന്റേയും വിവാഹം. മറിമായം പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ മുതലുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. പരമ്പരയിൽ ലോലിതൻ, മാണ്ഡോദരി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് സ്നേഹയും ശ്രീകുമാറും പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്. പിന്നീട് കോവിഡ് കാലത്ത് യൂട്യൂബ് ചാനലുമായി എത്തിയപ്പോഴാണ് പ്രേക്ഷകർ ഇവരെ അടുത്ത് അറിയുന്നത്.


Click it and Unblock the Notifications