'കതകു തുറക്കാൻ വൈകിയാൽ അവന് ടെൻഷനാണ്'; പ്രിയപ്പെട്ടവരുടെ കരുതൽ തന്നെ ഇമോഷണലാക്കിയെന്ന് സ്നേഹ ശ്രീകുമാർ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നടി സ്നേഹയും ഭർത്താവ് ശ്രീകുമാറും. മറിമായത്തിലെ മണ്ഡോദരിയും ലോലിതനുമായെത്തിയാണ് ഇവർ പ്രേക്ഷക ഹൃദയം കീഴടക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2019 ഡിസംബറിലാണ് സ്നേഹയും ശ്രീകുമാറും വിവാഹിതരായത്. തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ഇവരിപ്പോൾ. പുതിയ അതിഥിയുടെ വരവിനായി ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ഉള്ളത്.
അതേസമയം, നേരത്തെ തന്നെ അമ്മയും അച്ഛനുമാണ് സ്നേഹയും ശ്രീകുമാറും. ഇവർക്കൊരു വളർത്തു മകനുണ്ട്, ഓസ്‌കാർ എന്ന അരുമ നായക്കുട്ടി. ഗർഭിണിയായ ശേഷം ഓസ്കാർ തന്നോട് കാണിക്കുന്ന സ്നേഹത്തെ കുറിച്ച് പറയുകയാണ് സ്നേഹയിപ്പോൾ. പ്രിയപ്പെട്ടവരുടെ കരുതൽ പലപ്പോഴും തന്നെ ഇമോഷണലാക്കിയെന്നും മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സ്നേഹ പറയുന്നുണ്ട്.

വീട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും കരുതലോടെ ശ്രദ്ധിക്കുന്നതു പോലെ, വീട്ടിൽ അവരെക്കാളേറെ തന്നെ ശ്രദ്ധിക്കുന്ന ആളാണ് ഓസ്കാറെന്ന് സ്നേഹ പറയുന്നു. വിശേഷമായതൊക്കെ ആരും പറയാതെ തന്നെ അവൻ തിരിച്ചറിഞ്ഞെന്നാണ് സ്നേഹ പറയുന്നത്. സാധാരണ യാത്രകളൊക്കെ കഴിഞ്ഞ് വരുമ്പോൾ അവൻ ഓടി ദേഹത്ത് കയറും. വീട്ടിൽ വന്നാൽ അവനെ എടുക്കണമെന്നത് വലിയ നിർബന്ധമാണ്. പക്ഷേ, ഇപ്പോൾ അതൊക്കെ അവൻ തന്നെ നിർത്തി.
ഗർഭിണി ആയെന്ന് അറിഞ്ഞതിന് പിന്നാലെ ഒരു ദുബായ് യാത്ര ഉണ്ടായിരുന്നു. അതു കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോൾ അവൻ സാധാരണ പോലെ ഓടി ദേഹത്തു കയറിയില്ല. പതിയെ അടുത്തു വന്നിരുന്നു. അവന്റെ നെറ്റി വയറിൽ വച്ച് നോക്കി. ഇപ്പോൾ അടുത്തു നിന്ന് മാറാറില്ല.
വാഷ്റൂമിൽ നിന്ന് ഇറങ്ങാൻ താമസിച്ചാൽ വരെ ആകെ ബഹളമാണ്. കതകു തുറക്കാൻ വൈകിയാൽ അവനാണ് ടെൻഷൻ. ഡെലിവറിക്ക് പോകുമ്പോൾ ഇവനെയും കൊണ്ടു പോകേണ്ടി വരുമല്ലോ എന്നാണ് അമ്മ പറയുന്നത്, സ്നേഹ പറയുന്നു.
സഹപ്രവർത്തകർ തന്നോട് കാണിച്ച സ്നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും സ്നേഹ വാചാലയാകുന്നുണ്ട്. ഒരു പെങ്ങളയോ, കുഞ്ഞിനെയോ നോക്കുന്നതുപോലെയാണ് മറിമായം ടീം തന്നെ നോക്കിയതെന്നാണ് സ്നേഹ പറയുന്നത്. ഷൂട്ടിങ്ങിനിടയിൽ കൃത്യമായി കയ്യിൽ വെള്ളം കൊണ്ടുവരും. ചെറിയ ഫാൻ വരും. കൃത്യനേരങ്ങളിൽ ഭക്ഷണം കഴിക്കാൻ ഓർമിപ്പിക്കും. അവരുടെ വീട്ടിലെ ഒരാളെ പോലെയാണ് നോക്കിയത്. അതൊരു ഭാഗ്യമാണെന്ന് സ്നേഹ പറയുന്നു.

വൈഫ് ഈസ് ബ്യൂട്ടിഫുള്ളിന്റെ സെറ്റിൽ വീണയുണ്ട്. അമ്മയോ അമ്മായിയോ ഒക്കെ നോക്കുന്ന പോലെയാണ് അവൾ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. മാതളമൊക്കെ വാങ്ങി കൊണ്ടു വന്ന് എനിക്ക് കഴിക്കാൻ തരും. അതുപോലെയാണ് എല്ലാവരും. വൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ സെറ്റിൽ നിന്ന് പോരുമ്പോൾ ഒൻപതാം മാസത്തിലെ ചടങ്ങൊക്കെ നടത്തിയാണ് വിട്ടത്. അതൊക്കെ എല്ലാവർക്കും കിട്ടുന്നതല്ല. കുഞ്ഞുണ്ടായാലും സെറ്റിലേക്ക് കൊണ്ടു വന്നാൽ മതി. അവർ നോക്കിക്കൊള്ളാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും സ്നേഹ പറഞ്ഞു.
സീരിയലിന്റെ ഭാഗമായി കൂടിയാണ് വൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ സെറ്റിൽ സ്നേഹയുടെ ഒമ്പതാം മാസത്തെ ചടങ്ങ് നടത്തിയത്. പരമ്പരയിൽ സ്നേഹ അവതരിപ്പിക്കുന്ന കുമാരി എന്ന കഥാപാത്രവും ഒമ്പതാം മാസത്തിലൂടെ കടന്ന് പോവുകയാണ്. സ്നേഹ ഗർഭിണി ആയതോടെയാണ് കഥാപാത്രത്തെയും ഗർഭിണിയാക്കി കൊണ്ട് കഥ മാറ്റിയത്. വൈഫ് ഈസ് ബ്യൂട്ടിഫുൾ സെറ്റിൽ നടന്ന തന്റെ ഒമ്പതാം മാസ ചടങ്ങുകളുടെ വീഡിയോ സ്നേഹ യൂട്യൂബ് ചാനലിലൂടെയും പങ്കുവച്ചിരുന്നു. ശ്രീകുമാറും ചടങ്ങിനുണ്ടായിരുന്നു.


Click it and Unblock the Notifications