'ജീവിതത്തിലെ ഒരു മോശം ദിവസം, എല്ലാ അമ്മമാർക്കും ഇങ്ങനെ ആയിരിക്കും'; സൗഭാഗ്യ പറയുന്നു
സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അർജുൻ സോമശേഖരനും. ടിക് ടോക് വീഡിയോകളിലൂടെയാണ് ഇരുവരും ശ്രദ്ധനേടുന്നത്. നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ.
താരകല്യാണിന്റെ ശിഷ്യനാണ് സൗഭാഗ്യയുടെ ഭർത്താവ് അര്‍ജുന്‍. ടിക് ടോക്കിലൂടെ തിളങ്ങിയ താരം ഇന്ന് ടെലിവിഷൻ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ്. ചക്കപ്പഴം പരമ്പരയിലൂടെയാണ് അർജുൻ താരമായത്. സൗഭാഗ്യയും ഇപ്പോൾ അഭിനയ രംഗത്തുണ്ട്.

ചെറുപ്പം മുതലുള്ള സുഹൃത്തായിരുന്നു സൗഭാഗ്യയും അർജുനും. ഇവർക്കിടയിലെ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. തുടർന്നാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം.
വിവാഹത്തിന് മുമ്പ് തന്നെ സൗഭാഗ്യക്ക് ഒപ്പം വീഡിയോകളിൽ അർജുൻ എത്താറുണ്ടായിരുന്നു. ഇവർക്ക് ഇപ്പോൾ സുദർശന എന്നൊരു മകളുമുണ്ട്. വിവാഹ ശേഷം അർജുന്റെ വീട്ടിലാണ് സൗഭാഗ്യ. തങ്ങളുടെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെയും മറ്റും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സൗഭാഗ്യ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോ ശ്രദ്ധനേടുകയാണ്.

സുധാപ്പൂ എന്ന് വിളിക്കുന്ന മകൾ സുദർശനയ്ക്ക് ഒപ്പമുള്ള ഒരു ദിവസമാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. മകൾക്ക് പനിയാണെന്നും ഏറ്റവും മോശം ദിവസമാണെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ.
'പിള്ളേർക്ക് വയ്യാതാകുന്ന സമയം, അമ്മമാരേ സംബന്ധിച്ച് ഏറ്റവും മോശം ദിവസങ്ങളായിരിക്കും. നമ്മുക്ക് എന്തൊക്കെയോ ഫീലിംഗുകൾ ആയിരിക്കും ആ സമയം. എവിടെയോ എന്തൊക്കെയോ തോന്നും. ചിലപ്പോൾ കുറ്റബോധം തോന്നും. വിഷമം വരും. നമ്മുടെ തെറ്റ് കൊണ്ടാണോ ഇത് വന്നത് എന്നിങ്ങനെയുള്ള ചിന്തയൊക്കെ വരും.

അങ്ങനെ വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും ഉറങ്ങിയിട്ടേ ഇല്ല. രാവിലെ ഏഴ് മണിയൊക്കെ ആയപ്പോഴാണ് മോൾ ഒന്ന് ഉറങ്ങുന്നത്. അപ്പോഴാണ് ഞാനും ഉറങ്ങുന്നത്. എഴുന്നേറ്റപ്പോൾ ഏകദേശം രണ്ടു മണിയോളം ആയി. മോളുടെ കൂടെ ഞാനും അറിയാതെ ഉറങ്ങി പോയതാണ്.
മോൾക്ക് ഇപ്പോൾ ഒരു വയസ്സേ ആയിട്ടുള്ളു. അവൾക്ക് ഇതുവരെ ഇത്രയും വലിയ രീതിയിൽ ചുമയൊന്നും വന്നിട്ടില്ല. ഭയങ്കര ചുമയാണ്. അർജുൻ ചേട്ടൻ ഇന്ന് ചക്കപ്പഴത്തിന്റെ ഷൂട്ടിനായി എറണാകുളത്തേക്ക് പോവുകയാണ്. അപ്പോൾ നമ്മുക്ക് നമ്മുടെ ദിവസം ആരംഭിക്കാം മോൾ എഴുന്നേൽക്കുന്നത് മുതലുള്ള കാര്യങ്ങളാണ് കാണിക്കുന്നത്' എന്ന് പറഞ്ഞാണ് സൗഭാഗ്യ വീഡിയോ ആരംഭിക്കുന്നത്.

സുധാപൂ എഴുന്നേറ്റ ശേഷം മുഖമൊക്കെ കഴുകി. ഡ്രസ്സൊക്കെ മാറ്റി സുന്ദരി കുട്ടിയാകുന്നത് വീഡിയോയിൽ കാണാം. അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ ഒന്നും കാണിക്കാതെ ഹാപ്പിയായിട്ടാണ് സുധപ്പൂവിനെ വീഡിയോയിൽ കാണുന്നത്. രാവിലെ ഭക്ഷണം ഒക്കെ കൊടുത്ത ശേഷം കുഞ്ഞിനെ അർജുന്റെ ചേട്ടന്റെ കൈയിൽ ഏല്പിച്ചിട്ടാണ്. സൗഭാഗ്യ തന്റെ കുളിയും പരിപാടികളും എല്ലാം ചെയ്യുന്നത്.
പിന്നീട് അർജുൻ ഷൂട്ടിനായി പോകുന്നതുമൊക്കെ കാണിക്കുന്നുണ്ട്. മകളെ ഇരുത്തി സൗഭാഗ്യ വീട്ടിലെ പണികൾ ചെയ്ത് തീർക്കുന്നതും രാത്രി കുഞ്ഞിന് ഭക്ഷണവും മരുന്നും കൊടുക്കുന്നതും ആവി കൊള്ളിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.

നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്യുന്നത്. സുധാപൂവിന്റെ രോഗം വേഗം ബദ്ധമാവട്ടെയെന്ന പ്രാർത്ഥനയാണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്. ഒരുപാട് അമ്മമാരും കമന്റ് ചെയ്യുന്നുണ്ട്. മകൾക്ക് അസുഖം വരുന്ന ദിവസത്തിന്റെ അത്രയും മോശം ദിവസങ്ങളില്ല എന്ന് ചിലർ സമ്മതിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ആവി കൊള്ളിക്കുന്നത് ഉറക്കത്തിൽ ആകുന്നതാണ് നല്ലതെന്ന് ചിലർ കമന്റിൽ പറയുന്നുണ്ട്.
സുധാപൂവിനെ കുറിച്ച് ധാരാളം കമന്റുകൾ വരുന്നുണ്ട്. സുന്ദരിയാണെന്നും ക്യൂട്ടാണെന്നും പറഞ്ഞുള്ള കമന്റുകളാണ് ഏറെയും. സുധാപൂവിന്റെ കണ്ണ് നക്ഷത്ര കുഞ്ഞുങ്ങളെ പോലെ തിളങ്ങുന്നു എന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications