ആണുങ്ങളോടും അഡ്ജസ്റ്മെന്റിന് ആവശ്യപ്പെടും; ചിലർക്ക് പേടിയുണ്ട്; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നടി റിയ ജോർജ്
സൂര്യ ടിവിയിലെ സുന്ദരി എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് റിയ ജോർജ്. പരമ്പരയിൽ വൈദേഹി എന്ന കഥാപാത്രമായാണ് റിയ എത്തുന്നത്. ഇതിനു പുറമെ സീ കേരളത്തിലെ ശ്യാമാംബരം എന്ന സീരിയലിലും നടി അഭിനയിക്കുന്നുണ്ട്. ഫ്‌ളൈറ്റ് അറ്റൻഡന്റ് ആയി ജോലി ചെയ്തിരുന്ന റിയ ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി സീരിയലിൽ സജീവമാണ് താരം. അഭിനയത്തിന് പുറമെ അധ്യാപിക കൂടിയാണ് റിയ. ഏവിയേഷൻ ഇന്സ്ടിട്യൂഷനുകളിൽ താരം ക്ലാസ്സെടുക്കുന്നുണ്ട്.
അഭിനയത്തിലേക്ക് വന്നിട്ട് കുറച്ചു കാലങ്ങളെ ആയിട്ടുള്ളുവെങ്കിലും തന്നോട് അഡ്ജസ്റ്മെന്റിന് ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിയ ഇപ്പോൾ. ജനിച്ചതും വളർന്നതും നോർത്ത് ഇന്ത്യയിൽ ആയത് കൊണ്ട് തന്നെ ആളുകൾ തന്നെ മോശം രീതിയിൽ സമീപിക്കാറുണ്ടെന്നും താരം പറയുന്നു. കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നവർ പെൺകുട്ടികൾ മാത്രമല്ലെന്നും നടി പറഞ്ഞു. ഇൻഡ്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

'ഞാൻ സോഷ്യൽ ആയത് കൊണ്ടും ബോൾഡ് ആയ വ്യക്തിയാണെന്ന തോന്നൽ ഉള്ളത് കൊണ്ടും ചില മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നോർത്ത് ഇന്ത്യൻ ആണെന്ന് പറയുമ്പോൾ പെട്ടെന്ന് കിട്ടുമെന്ന ചിന്ത ചിലർക്കുണ്ട്. മുൻപ് ഫ്‌ളൈറ്റ് അറ്റൻഡന്റ് ആയിരുന്നു എന്ന് പറയുമ്പോൾ ക്യാപ്റ്റന്മാരുടെ കൂടെ കിടക്കാറുണ്ടോ എന്നൊക്കെയാണ് ചോദിക്കുക. എല്ലാ ഇൻഡ്ട്രികളിലും ഈ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഞാൻ എനിക്ക് മുന്നിൽ ഒരു മതിൽ തീർത്തിട്ടുണ്ട്',
'എന്നെ കാണുന്നവർ ഞാൻ കുറച്ചു ദേഷ്യക്കാരി ആണെന്നൊക്കെ ചിലപ്പോൾ ധരിച്ചേക്കും. ഈ ചോദ്യങ്ങൾ ഇങ്ങനെ എപ്പോഴും വരുന്നത് കൊണ്ട് ഞാൻ ഉണ്ടാക്കിയെടുത്ത ഇമേജ് ആണത്. അല്ലെങ്കിൽ ഒന്ന് ഫ്രണ്ട്ലി ആയി സംസാരിച്ചാൽ അപ്പോൾ തന്നെ നമുക്ക് ഒരു ഡ്രിങ്കിന് പോകാം, അവിടെ പോകാം എന്നൊക്കെ പറഞ്ഞുവരും. അങ്ങനെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മിക്കപ്പോഴും സംഭവിക്കാറുണ്ട്. അങ്ങനെ ഉള്ളപ്പോൾ നമ്മൾ അൽപം ജാഡ വെച്ചാൽ പ്രശ്നമുണ്ടാവില്ല', റിയൽ പറയുന്നു.
'ഈ ഇൻഡസ്ട്രിയൽ വന്നിട്ട് എനിക്ക് അങ്ങനെ അനുഭവങ്ങൾ ഇല്ല. കാരണം ഞാൻ അതിനുള്ള അവസരം കൊടുക്കാറില്ല. അഡ്ജസ്റ്മെന്റിന് തയ്യാറാകണം എന്ന് പറഞ്ഞ ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നല്ല സുഹൃത്തുക്കളെ പോലെ വന്നിട്ട്, സംസാരിച്ച ശേഷം ഈ ഇൻഡസ്ട്രി എങ്ങനെ ആണെന്ന് അറിയാമല്ലോ എന്നൊക്കെ പറഞ്ഞ് ആളുകൾ വന്നിട്ടുണ്ട്. പക്ഷേ ഞാൻ അതിനെയെല്ലാം നല്ല രീതിയിൽ ഒഴിവാക്കി വിടുകയാണ് ചെയ്തിട്ടുള്ളത്',

'അഡ്ജസ്റ്മെന്റിന് ആൺകുട്ടികളോടും ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളോട് മാത്രമല്ല. അത്തരം അനുഭവങ്ങൾ ഉള്ള മോഡലുകളെ എനിക്ക് അറിയാം. എന്റെ ചില വിദ്യാർത്ഥികൾക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതല്ലെങ്കിൽ പൈസ ആവശ്യപ്പെടുന്ന ഒരു രീതിയും ഉണ്ട്. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല. പക്ഷെ മീ ടു കാരണം ചിലർക്ക് പേടിയുണ്ട്. അതുകൊണ്ട് ഈ ശല്യം കുറവാണ്. എന്റെ ചില സീനിയേഴ്സ് ചില അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്',
ഒരു പ്രൊജക്ടിൽ ജോയിൻ ചെയ്ത ശേഷം അഡ്ജസ്റ്റ് ചെയ്യണം എന്ന രീതിയിൽ സമ്മർദ്ദം ചെലുത്തും. അതിന് തയ്യാറായില്ലെങ്കിൽ സെറ്റിൽ ചീത്ത വിളിക്കുകയും ഒക്കെ ചെയ്യും. കുറെ റീടേക്കുകൾ എടുക്കും. സീനും ഡയലോഗും കട്ട് ചെയ്യും. അങ്ങനെ പലതും കേട്ടിട്ടുണ്ട്. എന്നാൽ നാല് സീരിയൽ ചെയ്തിട്ടും എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. അതിന് ദൈവത്തോട് നന്ദിയുണ്ട്', റിയ ജോർജ് പറഞ്ഞു.


Click it and Unblock the Notifications











