'ശരീരത്തെക്കുറിച്ച് സംസാരിക്കാൻ മറ്റാർക്കും അവകാശം നൽകിയിട്ടില്ല'; ബോഡി ഷേമിങിനെതിരെ തുറന്നടിച്ച് നടി രേഷ്മ!
സമൂഹം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇന്നും മാറ്റമില്ലാതെ തുടരുന്ന ചില മോശം പ്രവണതകളുണ്ട്. അതിൽ ഒന്നാണ് ബോഡി ഷേമിങ്. ഒരു വ്യക്തിയെ അയാളുടെ നിറത്തിന്റെയും ശരീരത്തിന്റെയുമൊക്കെ പേരിൽ പരിഹസിക്കുന്നതിലൂടെ അല്‍പ്പനേരത്തെ സന്തോഷമാണ് പലരും ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ അതിന് ഇരയാക്കപ്പെടുന്നവരെ അത് വളരെയധികം ബാധിക്കുമെന്നതാണ് യാഥാർഥ്യം. എക്കാലത്തും അവരെയത് വേട്ടയാടുകയും ചെയ്യും.
സോഷ്യൽമീഡിയ സജീവമായതോടെ പലരും തങ്ങൾക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമായതോടെ പലരും തെറ്റുകൾ മനസിലാക്കി തിരുത്താനും ശ്രമിക്കുന്നുണ്ട്. ഒരുകാലത്ത് സിനിമകളിൽ അടക്കം ബോഡി ഷേമിങ് ഡയലോഗുകളും കോമഡികളും വ്യാപകമായിരുന്നു. എന്നാൽ ഇന്ന് അതിലൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്. എങ്കിലും സിനിമയ്ക്ക് പുറത്ത് താരങ്ങൾ ബോഡി ഷേമിങിന് ഇരയാകുന്ന സംഭവങ്ങൾ നിരന്തരം കാണാം.

അടുത്തിടെയാണ് നടി ഹണി റോസ് താൻ നേരിട്ടുകൊണ്ടിരിക്കുന്ന ബോഡി ഷേമിങിനെ കുറിച്ച് സംസാരിച്ചത്. ചാനൽ ഷോകളിൽ അടക്കം തന്നെ ബോഡി ഷേമിങ് ചെയ്യുകയാണെന്ന് ഹണി തുറന്നടിച്ചു. ഇപ്പോഴിതാ മറ്റൊരു താരം താൻ നേരിട്ടുകൊണ്ടിരിക്കുന്ന ബോഡി ഷേമിനെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്. തമിഴ് ടെലിവിഷൻ രംഗത്ത് ശ്രദ്ധനേടിയിട്ടുള്ള നടി രേഷ്മ പശുപുലേതിയാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽമീഡിയയിലൊക്കെ സജീവമായ രേഷ്മ തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയൊക്കെ ശ്രദ്ധനേടിയിട്ടുള്ള താരമാണ്.
അവതാരകയായും തിളങ്ങിയിട്ടുള്ള രേഷ്‌മ ബിഗ് ബോസ് തമിഴ് സീസൺ 3 യിലെ മത്സരാർത്ഥി എന്ന നിലയിലും പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെയാണ് രേഷ്മ താൻ നേരിട്ടുകൊണ്ടിരിക്കുന്ന ബോഡി ഷേമിങിനെ കുറിച്ച് മനസുതുറന്നത്. ഒരാളുടെ ശരീരത്തെക്കുറിച്ച് സംസാരിക്കാൻ മറ്റാർക്കും അവകാശമില്ലെന്നും അതിന് ആരും അനുവാദം തന്നിട്ടില്ലെന്നും നടി തുറന്നടിച്ചു. ഇത് വളരെ മോശമാണെന്നും രേഷ്‌മ പറഞ്ഞു.
തന്നോട് പലരും വണ്ണം വെച്ചല്ലോ എന്നൊക്കെ ചോദിക്കുകയാണ് എന്ന് പറഞ്ഞാണ് നടി വീഡിയോ ആരംഭിച്ചത്. വീഡിയോയിൽ ബോഡി ഷേമിങ്ങിനെ അപലപിച്ച രേഷ്മ, ശരീരത്തെയോ വസ്ത്രധാരണത്തെയോ അടിസ്ഥാനമാക്കി ഒരാളെ ജഡ്‌ജ് ചെയ്യാൻ ആർക്കും അവകാശമില്ലെന്നും പറഞ്ഞു. ഒരാൾക്ക് പല കുറവുകളും ഉണ്ടാകും എന്നാൽ അതിനെ കുത്തി കുത്തി പറയാതെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം.
സ്ത്രീകൾക്കെല്ലാം പലതരം ഹോർമോണൽ പ്രശ്‌നങ്ങൾ ഉണ്ടാകും. കാഴ്ചയിലും എല്ലാവരും വ്യത്യസ്തരായിരിക്കും. എല്ലാവരും പല ആരോഗ്യ സ്ഥിതികളിലൂടെയാണ് കടന്നു പോകുന്നത്. എനിക്ക് തന്നെ തൈയോറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതുകൊണ്ട് ശരീരഭാരം വർധിച്ചു. ഹെമറോയ്ഡ്‌സിന് സർജറി ചെയ്തു. അങ്ങനെ പലതിലൂടെയും കടന്നു പോയിട്ടുണ്ട്.

പലരും ഇതുപോലെ പലതിലൂടെയും കടന്നുപോയിട്ടുണ്ടാകും. അതുകൊണ്ട് എല്ലാവരും വാക്കുകൾ വിവേകത്തോടെ ഉപയോഗിക്കണമെന്നും രേഷ്മ അഭ്യർത്ഥിച്ചു. ഒരാളുടെ രൂപത്തെ അനാവശ്യമായി കളിയാക്കരുത്. ഇത്തരം കാര്യങ്ങൾ പലരേയും മാനസികമായും ശാരീരികമായും ബാധിക്കുന്നതാണ്. അത് മനസിലാക്കി മാത്രം അഭിപ്രായങ്ങൾ പറയുക. വേദനിപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കാതിരിക്കുക. ഇത് തന്റെ അഭ്യർത്ഥനയാണെന്നും നടി പറഞ്ഞു.
സ്വകാര്യ ഇടങ്ങളിൽ ആണെങ്കിൽ പോലും വാക്കുകൾ സൂക്ഷിച്ച് വേണം ഉപയോഗിക്കാനെന്ന് പറഞ്ഞ രേഷ്മ കർമ എന്ന ഒന്ന് ഉണ്ടെന്നും സൂചിപ്പിച്ചു. നമ്മൾ പറയുന്നതൊക്കെ മറ്റൊരു രീതിയിൽ തിരിച്ചടിക്കുമെന്ന് താരം പറഞ്ഞു. അതേസമയം തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ മനസിലേക്ക് എടുക്കാതെ തള്ളി കളയാനുള്ള കഴിവ് തനിക്കുണ്ടെന്നും എന്നാൽ എല്ലാവരുടെയും കാര്യം അങ്ങനെ ആയിരിക്കില്ലെന്നും നടി വ്യക്തമാക്കി. നടിയുടെ വാക്കുകൾ തമിഴകത്ത് ഇതിനകം ചർച്ചയായിട്ടുണ്ട്. നിരവധിപേർ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്.


Click it and Unblock the Notifications