അവന്‍ പോയത് വീട് വെക്കണമെന്ന ആഗ്രഹം ബാക്കി വച്ച്; കൂടെയുള്ള ഉല്ലാസ് ഞാനല്ല: ഉല്ലാസ് പന്തളം
കേരളം ഇന്ന് മിഴി തുറന്നത് നടനും മിമിക്ര താരവുമായ കൊല്ലം സുധിയുടെ മരണ വാര്‍ത്തയിലേക്കാണ്. വാഹനാപകടത്തിലാണ് സുധിയെ കലാലോകത്തിന് നഷ്ടമായത്. വടകരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുന്ന വഴിയാണ് അപകടമുണ്ടാകുന്നത്. സുധി സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്ന നടന്‍ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുധിയുടെ മരണ വാര്‍ത്ത മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി തങ്ങളെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരാളെയാണ് മലയാളികള്‍ക്ക് നഷ്ടമായത്. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരമാണ് കൊല്ലം സുധി. കലാ കേരളം സുധിയുടെ വിയോഗത്തതില്‍ അനുശോചനം രേഖപ്പെടുത്തുന്നു. പ്രിയ കൂട്ടുകാരന്റെ മരണത്തില്‍ പ്രതികരണവുമായി മിമിക്രി താരം ഉല്ലാസ് പന്തളവുമെത്തി.

ഉറക്കത്തില്‍ നിന്ന് എണീക്കുന്നത് ഈ വാര്‍ത്ത കേട്ടാണ്. ഒന്നും പറയാന്‍ പറ്റാത്തൊരു അവസ്ഥ എന്നാണ് ഉല്ലാസ് പന്തളം പറഞ്ഞത്. 24ന്യൂസിനോടാണ് ഉല്ലാസിന്റെ പ്രതികരണം. ഷൂട്ട് കഴിഞ്ഞ് ഈ മാസം ഒന്നാം തീയതിയാണ് ഞങ്ങള്‍ തിരിച്ചെത്തിയത്. ആ പരിപാടിക്ക് ഞാനും കൂടെ പോവേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നത് കൊണ്ട് ഒഴിവായതാണെന്നും ഉല്ലാസ് പറയുന്നു. വടകരയിലെ പരിപാടിയില്‍ പങ്കെടുക്കാനിരുന്നതാണ് ഉല്ലാസും. കൊവിഡ് കഴിഞ്ഞതിന് ശേഷം മിക്ക പരിപാടികളിലും ഞങ്ങള്‍ ഒന്നിച്ച് ഉണ്ടായിരുന്നുവെന്നും ഉല്ലാസ് പറഞ്ഞു.
വികാരഭരിതനായാണ് ഉല്ലാസ് സംസാരിച്ചതത്രയും. ഈയൊരു അവസ്ഥയില്‍ എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ലെന്നും കുട്ടുകളുടെ കാര്യത്തില്‍ സങ്കടമുണ്ടെന്നും ഉല്ലാസ് പറഞ്ഞു. അതേസമയം സുധി്‌ക്കൊപ്പം അപകടത്തില്‍ പരുക്കേറ്റ് ഉല്ലാസ് താനാണെന്ന് കരുതി പലരും വിളിക്കുന്നതായും ഉല്ലാസ് പന്തളം പറഞ്ഞു. താന്‍ വീട്ടിലാണെന്ന് ഉല്ലാസ് വ്യക്തമാക്കുന്നു.
സുധിയെ അവസാനമായി കണ്ടതിനെക്കുറിച്ചും വീടിനെക്കുറിച്ച് പറഞ്ഞ് കരഞ്ഞതുമെല്ലാം ഓര്‍ക്കുന്നുണ്ട് ഉല്ലാസ്. മെയ് 25ന് സ്റ്റാര്‍ മാജിക്ക് ഷൂട്ട് കഴിഞ്ഞ് ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. സ്വന്തമായൊരു വീടില്ലെന്ന് പറഞ്ഞ് അവന്‍ ഒരുപാട് സങ്കടം പറഞ്ഞിരുന്നു. കരയുകയായിരുന്നു. ഒരുവിധത്തിലാണ് അവനെ ആശ്വസിപ്പിച്ചത്. സ്വന്തമായൊരു വീടന്ന ആഗ്രഹം ബാക്കിയാക്കിയാണ് അവന്‍ പോയത് എന്നാണ് ഉല്ലാസ് കൂട്ടുകാരനെക്കുറിച്ച് പറയുന്നത്.

25 ന് ഉല്ലാസിന്റെ ജന്മദിനമായിരുന്നു. അന്ന് സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ടിന് ശേഷം എല്ലാവരും ഒതുചേര്‍ന്നു. അപ്പോഴാണ് സുധി വീട് വെക്കാന്‍ പറ്റാത്തതിനെക്കുറിച്ച് പറഞ്ഞ് കരഞ്ഞത്. ബിനു അടിമാലിയും അന്ന് റൂമിലുണ്ടായിരുന്നു. പരിപാടികളൊക്കെ വരുന്നുണ്ടല്ലോ, ഹൗസിംഗ് ലോണ്‍ എടുക്കാമെന്ന് പറഞ്ഞാണ് ഞങ്ങള്‍ സുധിയെ ആശ്വസിപ്പിച്ചതെന്നും ഉല്ലാസ് പറയുന്നു. ഒരുപാട് കഷ്ടപ്പെടുകള്‍ അനുഭവിച്ച് വന്ന ആളാണ് സുധി. കൊവിഡും പ്രളയവുമൊക്കെ കഴിഞ്ഞ് കാര്യങ്ങളെല്ലാം ശരിയായി വന്ന് തുടങ്ങിയതേയുള്ളൂ. അതിനിടയിലാണ് ഈ വിയോഗം. ഒരുപാട് സങ്കടമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ വലിയ പ്രതിസന്ധികളും വെല്ലുവിളികളും മറികടന്നാണ് കൊല്ലം സുധി താരമായി മാറുന്നത്. മിമിക്രി താരമായി പ്രേക്ഷകരെ ചിരിപ്പിക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ വേദനകളായിരുന്നു. ആദ്യഭാര്യ ഉപേക്ഷിച്ച് പോയതിനെക്കുറിച്ചും പിന്നീട് രേണുവിനെ വിവാഹം കഴിച്ചതിനെക്കുറിച്ചുമൊക്കെ സുധി മനസ് തുറന്നിട്ടുണ്ട്. മകനെ സ്റ്റേജിന് പിന്നില്‍ കിടത്തിയുറക്കിയ ശേഷം സ്‌കിറ്റുകള്‍ അവതരിപ്പിച്ചതിനെക്കുറിച്ചും സുധി ഒരിക്കല്‍ മനസ് തുറന്നിട്ടുണ്ട്.


Click it and Unblock the Notifications