എല്ലാവരും കുളിക്കുന്നത് പോലെ കുളിക്കും, മുടി ഉണക്കും; പക്ഷേ ഒരു കാര്യമുണ്ട്; മുടിയുടെ രഹസ്യം പറഞ്ഞ് ഋഷി!
മലയാള മിനിസ്‌ക്രീനിലെ ജനപ്രീയ പരമ്പരകളിൽ ഒന്നാണ് ഉപ്പും മുളകും. പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതരല്ലാത്തവരും പുതുമുഖങ്ങളുമായി ആരംഭിച്ച പരമ്പരയ്ക്ക് അവിശ്വസനീയമായ സ്വീകാര്യതയാണ് ലഭിച്ചത്. ബാലുവും നീലുവും അവരുടെ കുടുംബവും മലയാളികൾക്ക് തങ്ങളുടെ തൊട്ടടുത്ത ബന്ധക്കളോ പ്രിയപ്പെട്ട അയല്‍വാസികളോ ഒക്കെയായി മാറി. പരമ്പരയിലെ ഓരോ താരങ്ങളും വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.
ഇന്ന് ഉപ്പും മുളകിന്റെ അതേ ഫോർമാറ്റിൽ വിവിധ പരമ്പരകളും സീരീസുകളും വരുന്നുണ്ടെങ്കിലും ജനപ്രീതിയുടെ കാര്യത്തിൽ ഒന്നിനും ഉപ്പും മുളകിനെ വെല്ലാൻ സാധിച്ചിട്ടില്ല. ഉപ്പും മുളകിന്റെ തുടക്കം മുതൽ പരമ്പരയുടെ ഭാഗമായ താരമാണ് ഋഷി എസ് കുമാര്‍. ഉപ്പും മുളകും വീട്ടിലെ മൂത്ത മകന്റെ വേഷത്തിലാണ് നടൻ എത്തുന്നത്. വിഷ്ണു എന്നാണ് ഋഷിയുടെ കഥാപാത്രത്തിന്റെ പേര്. മുടിയുടെ പേരിൽ ശ്രദ്ധേയനായ ഋഷിക്ക് മുടിയൻ എന്നൊരു പേരുമുണ്ട്.

ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് ഋഷി ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. അന്ന് മുതൽ ഋഷിയുടെ മുടി ശ്രദ്ധനേടിയിട്ടുണ്ട്. ഏത് വേദിയിൽ എത്തിയാലും ഋഷി സ്ഥിരമായി നേരിടുന്ന ചോദ്യമാണ് മുടി പരിപാലിക്കുന്നത് എങ്ങനെയാണെന്ന്. ഒരിക്കൽ അമൃത ടിവിയിലെ റെഡ് കാർപെറ്റ് ഷോയിൽ ഋഷി തന്റെ മുടിയുടെ രഹസ്യം വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോഴിതാ, ആ വീഡിയോ വീണ്ടും ശ്രദ്ധനേടുകയാണ്. മുടിയുടെ വളർച്ചയുടെ രഹസ്യമെന്താണെന്ന സ്വാസികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
അങ്ങനെ പ്രത്യേകിച്ച് ഒരു കാര്യവും മുടിക്ക് വേണ്ടി ചെയ്യാറില്ലെന്നാണ് ഋഷി പറയുന്നത്. എല്ലാവരും കുളിക്കുന്നത് പോലെ തന്നെ കുളിക്കും, മുടി ഉണക്കും. എല്ലാവരെയും പോലെ തന്നെ കിടന്ന് ഉറങ്ങും. അതിലൊന്നും ഒരു വ്യത്യാസവും ഇല്ല. മുടിക്ക് വേണ്ടി അങ്ങനെ പ്രത്യേകിച്ച് എണ്ണ ഉപയോഗിക്കുകയോ പൊടിക്കൈകൾ ചെയ്യുകയോ ഒന്നും ചെയ്യാറില്ലെന്നും ഋഷി പറയുന്നു.
'മുഖം ഒന്ന് കണ്ടോട്ടോ.. മുടി വെട്ടു അങ്ങനെയൊന്നും അമ്മയോ വീട്ടുകാരോ ഒരിക്കലും പറഞ്ഞിട്ടില്ല. അതാണ് എനിക്ക് കുടുംബം തരുന്ന പിന്തുണ. മുടി മസാജ് ചെയ്തു തരുന്നത് എല്ലാം അമ്മ തന്നെയാണ്. മുടിയ്ക്ക് പെട്ടെന്ന് ജഡ കെട്ടും. അത് വൃത്തിയാക്കാന്‍ ഒരാള്‍ക്ക് മാത്രമേ പറ്റൂ, അത് എന്റെ അമ്മയ്ക്കാണ്',
'ബ്യൂട്ടി പാര്‍ലറില്‍ ഈ മുടിയും കൊണ്ട് പോയിരുന്നാല്‍ അവര്‍ക്ക് ഭയങ്കര കണ്‍ഫ്യൂഷനാണ്, ഇതെവിടെ നിന്ന് തുടങ്ങണമെന്ന് അവർക്ക് ഒരു പിടിയും കിട്ടില്ല. മുടി വൃത്തിയാക്കുമ്പോള്‍ കത്രിക എടുക്കാനും അവരെ സമ്മതിക്കാറില്ല. എന്റെ മുടി എങ്ങനെ മെയ്ന്റൈൻ ചെയ്ത് കൊണ്ടുപോകണമെന്ന് അമ്മയ്ക്ക് മാത്രമേ അറിയൂ', ഋഷി പറഞ്ഞു.
താൻ അഭിനയത്തിലേക്ക് വരുമെന്നോ ആളുകള്‍ തിരിച്ചറിയുന്ന നിലയിലേക്ക് എത്തുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും ഋഷി പറയുന്നുണ്ട്. 'ഞാനൊരു പ്രൊഫഷണല്‍ ഡാന്‍സറാണ്. അഭിനയിച്ചു തുടങ്ങിയപ്പോള്‍ എന്നെ കൊണ്ട് പറ്റുമോ എന്നൊക്കെയുള്ള ടെന്‍ഷനുണ്ടായിരുന്നു. പക്ഷെ പിന്നീട് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ കോണ്‍ഫിഡന്‍സ് വന്നു',

'ഉപ്പും മുളകും ഫാമിലിയും നല്ല സപ്പോര്‍ട്ടാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഷൂട്ട് പോവുമ്പോഴും അവിടെ അഭിനയിക്കുകയാണെന്ന് തോന്നാറില്ല. ഒരു കുടുംബം പോലെ തന്നെയാണ്. ഓരോരുത്തരും അച്ഛനും അമ്മയും മക്കളും സഹോദരങ്ങളുമൊക്കെയായി ജീവിക്കുകയാണ്', ഋഷി പറയുന്നു.
അതേസമയം, ഉപ്പും മുളകിന് പുറമെ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലും ഋഷി അഭിനയിച്ചിട്ടുണ്ട്. നീരജ് മാധവ് നായകനായ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് ഋഷി അവതരിപ്പിച്ചത്.


Click it and Unblock the Notifications