സ്റ്റിച്ചിട്ട കാലും വച്ച് ഏഴ് ദിവസം അഭിനയിച്ചു, എന്നിട്ടും നെഗറ്റീവ് കേള്‍ക്കേണ്ടി വന്നു: കേശുവും അമ്മയും
ജനപ്രീയ പരമ്പരയാണ് ഉപ്പും മുളകും. ഇതുപോലെ മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ മറ്റൊരു പരിപാടിയില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളികള്‍ക്ക് സുപരിചിതരാണ് ഉപ്പും മുളുകും കുടുംബത്തിലെ ഓരോ അംഗവും. കൊച്ചുകുട്ടികളായിരുന്നു കേശുവും ശിവയുമൊക്കെ ഇന്ന് വലിയ കുട്ടികളാണ്. സംസാരിക്കാന്‍ തുടങ്ങുന്നതിന് മുമ്പേ അഭിനയിച്ച് തുടങ്ങിയ പാറുക്കുട്ടി ഇന്ന് ഒരു മിടുക്കിയായി പരമ്പരയിലുണ്ട്.
ഉപ്പും മുളകിലെ കേശുവായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് അല്‍സാബിത്ത്. തന്റെ എട്ടാം വയസില്‍ ഉപ്പും മുളകിലേക്കും എത്തിയ അല്‍സാബിത്തിന് ഇന്ന് പതിനെട്ടുകാരന്‍ യുവാവാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഉപ്പും മുളകും പരമ്പര മുന്നോട്ട് പോകുന്നത് കേശുവിലൂടെയാണ്. ബാലുവും നീലുവും പരമ്പരയില്‍ നിന്നും മാറി നില്‍ക്കുന്ന സമയത്തും കേശു പരമ്പരയെ റേറ്റിംഗിലേക്ക് തിരികെ കൊണ്ടു വരുന്നത് കണ്ടു.

വളരെ ചെറുപ്പത്തില്‍ തന്നെ കുടുംബഭാരം ചുമക്കേണ്ടി വന്നു അല്‍സാബിത്തിന്. തന്റെ അമ്മയ്ക്കും കുടുംബത്തിനും വളരെ ചെറുപ്പത്തില്‍ തന്നെ അവന്‍ താങ്ങും തണലുമായി. അതേസമയം പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയുടെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ തന്ത വൈബ് പരിഹാസവും അല്‍സാബിത്തിനെ തേടിയെത്താറുണ്ട്. എന്നാല്‍ ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട കേശുവിനോടുള്ള സ്‌നേഹത്തില്‍ ഒരു തരിമ്പും കുറവ് വന്നിട്ടില്ല.
ഇപ്പോഴിതാ ഉപ്പും മുളകും അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെക്കുകയാണ് അല്‍സാബിത്തും അമ്മയും. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. കാലില്‍ സ്റ്റിച്ച് ഇട്ട് നില്‍ക്കുമ്പോഴും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ നിന്നും നെഗറ്റീവ് കേള്‍ക്കേണ്ടി വന്നുവെന്നാണ് അല്‍സാബിത്തും അമ്മയും പറയുന്നത്.
''മുളയുടെ നാര് കേരി. അങ്ങനെ മൊത്തം മൂന്ന് സ്റ്റിച്ചുണ്ടായിരുന്നു. അതും വച്ച് അഭിനയിച്ചു. പത്ത് എപ്പിസോഡോളം അഭിനയിച്ചു. ഏഴ് ദിവസവും സ്റ്റിച്ചുണ്ടായിരുന്നു. എന്നിട്ട് അതിനും നെഗറ്റീവ് പറഞ്ഞവരുണ്ട്. ആശുപത്രിയില്‍ പോയി സ്റ്റിച്ചിട്ട് വന്ന ശേഷവും സീനെടുത്തു. അപ്പോള്‍ തന്നെ. കാലിന്റെ വിരലിലാണ് മൂന്ന് സ്റ്റിച്ചും. രക്തം തളം കെട്ടി നില്‍ക്കുക എന്ന് പറയുന്ന അവസ്ഥയായിരുന്നു. എല്ലാവരും ഭയന്നു. അത്രയും രക്തം വന്നു'' എന്നാണ് അമ്മ പറയുന്നത്.
''ഉച്ച സമയമാണ്. ഞാന്‍ വീട്ടിലായിരുന്നു. പറന്നാണ് ആശുപത്രിയിലെത്തിയത്. സെറ്റില്‍ നിന്നും പാറുവിന്റെ അമ്മയാണ് വിളിച്ചത്. ഇത്ത, അല്‍സാബിത്തിന്റെ കാല് മുറിഞ്ഞു. നന്നായി രക്തം പോയിട്ടുണ്ട്. ഞാന്‍ കണ്ടിട്ടില്ല. ആശുപത്രിയില്‍ കൊണ്ടു പോയിട്ടുണ്ട്. ഇത് പറയുന്നത്, ഇല്ലെങ്കില്‍ നാളെ ആരും പറഞ്ഞില്ലല്ലോ എന്ന് ഇത്ത ചീത്ത പറയുമെന്നും അവര്‍ പറഞ്ഞു'' എന്നും അമ്മ പറയുന്നു. അതേസമയം അത് കഴിഞ്ഞ് രണ്ട് മിനുറ്റ് കഴിഞ്ഞ് ഞാന്‍ വിളിച്ചുവെന്ന് അല്‍സാബിത്ത് പറയുന്നുണ്ട്.

ഞാന്‍ അവനില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല അവനെ വളര്‍ത്തുന്നതെന്നും അമ്മ പറയുന്നുണ്ട്. അവന്റെ ആഗ്രഹത്തിനല്ല, എന്റെ ആഗ്രഹത്തിനാണ് അവനെ പ്രസവിച്ചത്. എല്ലാവരും അങ്ങനെയാണ് മക്കള്‍ക്ക് ജന്മം നല്‍കുന്നത്. പിന്നെ എന്തിനാണ് അവരില്‍ ഓരോ പ്രതീക്ഷ വെക്കുന്നത് എന്നാണ് അമ്മ ചോദിക്കുന്നത്. ഞാന്‍ ഒരിക്കലും അങ്ങനെ പ്രതീക്ഷിച്ചിട്ടല്ല വളര്‍ത്തുന്നത്. എന്റെ സന്തോഷം, എന്റെ കുഞ്ഞ് നാളെ ആരുടേയും മുന്നില്‍ പോയി കൈ നീട്ടേണ്ടി വരരുത്. ഒരു ഗ്യാരണ്ടിയിലുമില്ലാത്തതാണ് മനുഷ്യന്റെ കാര്യം എന്നും അമ്മ പറയുന്നു.
അതേസമയം, ഉപ്പും മുളകിലേക്ക് ഇപ്പോള്‍ രണ്ട് വര്‍ഷമായി തുടര്‍ച്ചയായി പോകാറില്ല. ഇപ്പോള്‍ കുറച്ച് വയസായില്ലേ. മീശയൊക്കെ വച്ചില്ലേ. നാട്ടുകാര്‍ തല്ലില്ലേ എന്നാണ് അമ്മ തമാശയായി പറയുന്നത്. വലുതായത് കൊണ്ടല്ല. ഉപ്പും മുളകിന്റെ സെറ്റ് എന്ന് പറഞ്ഞാല്‍ അവിടുത്തെ ഓരോ മണല്‍ത്തരികള്‍ക്കും ഇവരെ അറിയാമെന്നതാണ്. അതിനാല്‍ ഇടയ്ക്ക് മാത്രമേ കൂടെ പോകാറുള്ളൂ. അതേസമയം ഔട്ട്‌ഡോര്‍ ഷൂട്ട് വന്നാല്‍ കൂടെ പോകാറുണ്ടെന്നും അമ്മ പറയുന്നു.


Click it and Unblock the Notifications