'ലണ്ടൻ ജീവിതം അവസാനിപ്പിക്കുന്നു, വീട്ടമ്മയായി ഒതുങ്ങിക്കൂടാനില്ല'; പുതിയ വിശേഷവുമായി നിയ രഞ്ജിത്ത്
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി നിയാ രഞ്ജിത്ത്. ഒരുപിടി സൂപ്പർ ഹിറ്റ് പരമ്പരകളിലൂടെയാണ് നിയ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും നിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് താരം. വിവാഹശേഷം കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കുകയായിരുന്നു നിയ.
കുടുംബത്തോടൊപ്പം ലണ്ടനിലാണ് നിയ ഇപ്പോൾ. അഭിനയത്തിൽ നിന്നൊക്കെ വിട്ടുനിൽകുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. യൂട്യൂബ് ചാനലുമൊക്കെയായി ആരാധകര്‍ക്കൊപ്പം തന്നെ നിയയുണ്ട്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളെല്ലാം നിയ ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നിയയുടെ പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. ഒരിടവേളയ്ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുവരുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം.

'തിരിച്ചു നാട്ടിലേക്ക് പോകണം എന്ന ആഗ്രഹമായിരുന്നു കുറെ നാളായി മനസ്സിൽ. നമ്മൾ നല്ലൊരു ജീവിതം ആണ് ഇവിടെ ജീവിക്കുന്നത് പക്ഷെ ഞാൻ വർക്ക് ചെയ്തിരുന്ന ആളല്ലേ എന്ന ചിന്ത എപ്പോഴും മനസിലുണ്ട്. ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ വല്ലാത്ത പേടിയായി. ഞാൻ അത് പലതവണയായി പറഞ്ഞിട്ടുമുണ്ട്. എനിക്ക് ആകെ അറിയുന്നത് അഭിനയിക്കാനോ അല്ലെങ്കിൽ കുക്കറി ഷോ ചെയ്യാനുമൊക്കെയാണ്. വേറെ ജോലിയൊക്കെ നോക്കിയാൽ കിട്ടുമായിരിക്കും. എന്നാൽ സന്തോഷം ലഭിക്കുമോ എന്ന് അറിയില്ല,'
'കുഞ്ഞുങ്ങളെ ഇട്ടിട്ട് ദൂരെ സീരിയൽ ഷൂട്ടിങിനും മറ്റും പോകാനാകുമോ എന്നൊന്നും അറിയില്ല. മൂത്ത മകനെ കേരളത്തിൽ തന്നെ പഠിക്കാൻ വിടും. ഇളയമോനെ മൂന്നര വയസ്സിൽ സ്‌കൂളിൽ ചേർക്കണം. അപ്പോൾ എറണാകുളത്ത് സീരിയലുകളോ സിനിമകളോ ഒക്കെ കിട്ടിയാൽ ചെയ്യണമെന്നുണ്ട്. രഞ്ജിത്ത് ലണ്ടനിൽ തന്നെ ഉണ്ടാകും, ഇപ്പോൾ നമ്മളെ കൊണ്ടാക്കാൻ വരും, എന്നിട്ട് തിരിച്ചുപോരും. അവിടെ നിൽക്കില്ല,' നിയ പറഞ്ഞു.

'ഒരു ആറുമാസം നീ നാട്ടിൽ നിന്നു നോക്ക്, പറ്റുന്നില്ലെങ്കിൽ തിരികെ പോരു എന്നാണ് രഞ്ജിത് എന്നോട് പറഞ്ഞിട്ടുള്ളത്. അവിടെ കുറച്ചു സമയം കിട്ടിയാൽ കൂടുതൽ വ്ലോഗ്സ് ചെയ്യാനും സീരിയലുകൾ ചെയ്യാനുമൊക്കെ അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ആരോടും അവസരം ചോദിച്ചിട്ടില്ല. എന്തെങ്കിലുമൊക്കെ കിട്ടുമോ എന്ന് നോക്കണം. നാട്ടിലേക്ക് പോകുന്നതിനാൽ ഇപ്പോൾ താമസിക്കുന്ന വീട് വിടുകയാണ്. ഇനി കുറച്ചു ഷോപ്പിങ്ങും കാര്യങ്ങളുമൊക്കെ ഉണ്ട്,' നിയ പുതിയ വീഡിയോയിൽ പറഞ്ഞു. നാല് വർഷം മുൻപാണ് നിയ യുകെയിലേക്ക് പോയത്.
അതിനു മുൻപ് സീരിയലുകളും മറ്റുമായി സജീവമായിരുന്നു താരം. മലയാളത്തിലും തമിഴിലുമൊക്കെയായി 25-ലധികം സീരിയലുകളിൽ നിയ അഭിനയിച്ചിട്ടുണ്ട്. കല്യാണി എന്ന പരമ്പരയിലൂടെയാണ് നിയ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് മിഥുനം, അമ്മ, കറുത്തമുത്ത് പോലുളള ശ്രദ്ധേയ പരമ്പരകളിൽ നിയ അഭിനയിച്ചിരുന്നു. തമിഴില്‍ കസ്തൂരിയാണ് നിയയുടെ സൂപ്പർ ഹിറ്റായ പരമ്പര. സീരിയലുകൾക്ക് പുറമെ സിനിമകളിലും നിയ അഭിനയിച്ചിട്ടുണ്ട്. കലാഭവൻ മാണിയുടെ നായികയായി മലയാളി എന്ന സിനിമയിലും ബെസ്റ്റ് ഫ്രണ്ട്സ് എന്ന മറ്റൊരു ചിത്രത്തിലുമാണ് നടി അഭിനയിച്ചത്.


Click it and Unblock the Notifications