കല്യാണദിവസം മകനെ കാണിക്കാതെ മാറ്റി നിർത്തിയതോ? വിവാഹക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ; ദേവപ്രസാദ് പറയുന്നു
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദേവപ്രസാദ്. അനിയത്തിപ്രാവ് പരമ്പരയിൽ ശ്രീകാന്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. സീരിയലിലെ നായക കഥാപാത്രമാണ് ദേവപ്രസാദിന്റേത്. വലിയ സ്വീകാര്യതയാണ് താരത്തിന് സീരിയലിലൂടെ ലഭിക്കുന്നത്. അതിനിടെ ജീവിതത്തിലും പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ദേവപ്രസാദ്.
കഴിഞ്ഞ ആഴ്ചയാണ് നടന്‍ വിവാഹിതനായത്. ക്ലാസിക്കല്‍ ഡാന്‍സറും നൃത്താധ്യാപികയുമായ ധന്യയാണ് വധു. സ്വകാര്യ കമ്പിനിയില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന ധന്യ സ്വന്തമായി നൃത്ത വിദ്യാലയവും നടത്തി വരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ തന്റെ വിവാഹവിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരുന്നു. ഭാര്യ ധന്യയുടേത് രണ്ടാം വിവാഹമാണെന്നും ഒരു മകനുണ്ടെന്നും സുഹൃത്തുക്കളായിരുന്ന തങ്ങൾ ഒരു ഘട്ടത്തിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് ദേവപ്രസാദ് പറഞ്ഞത്.

പിന്നാലെ വിവാഹത്തിന് എന്തുകൊണ്ട് ധന്യയുടെ മകനെ കാണിച്ചില്ല എന്ന ചോദ്യങ്ങളുമായി ചിലർ എത്തിയിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ദേവപ്രസാദും ധന്യയും. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു ഇരുവരും.
സ്‌കൂൾ കാലഘട്ടം മുതലേ നമുക്ക് അറിയാം, ഒരേ നാട്ടുകാരാണ്. എന്നാൽ വിവാഹം കഴിക്കാമെന്നുള്ള ചിന്തയിലേക്കും തീരുമാനത്തിലേക്കും എത്തുന്നത് രണ്ടു വർഷം മുൻപാണെന്ന് ദേവ പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് വർഷങ്ങൾക്കപ്പുറം ധന്യയെ കാണുന്നതും പരിചയം പുതുക്കുന്നതും. ആദ്യം റിയാക്ട് ചെയ്തില്ലെങ്കിലും പിന്നീട് നമ്മൾ കണക്ടഡ് ആയി. രണ്ടുപേരുടെയും ജീവിതത്തിലെ ബുദ്ധിമുട്ടുകളാണ് പങ്കുവെച്ചിരുന്നത്. അങ്ങനെ സുഹൃത്തുക്കളായി. ആ സൗഹൃദം പതിയെ പ്രണയത്തിലേക്കും വഴിമാറി.
വീട്ടിൽ അവതരിപ്പിക്കുമ്പോൾ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കാരണം ധന്യയുടെ രണ്ടാം വിവാഹമായിരുന്നു, ഒരു മോനും ഉണ്ട്. സ്വാഭാവികമായും ഇതറിഞ്ഞാൽ വീട്ടിൽ സമ്മതിക്കില്ല. കാരണം സാധാരണ നാട്ടിൻപുറത്തുകാരാണ് നമ്മൾ. എന്തുകൊണ്ടോ വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല. അമ്മയ്ക്ക് കണ്ടിഷ്ടപ്പെട്ടാൽ വിവാഹം ചെയ്യാമെന്നാണ് ഞാൻ പറഞ്ഞത്. നമ്മുടെ വീട്ടിലേക്ക് പറ്റിയ കുട്ടിയാണെന്ന് എനിക്ക് അറിയാമായിരുന്നു, ദേവപ്രസാദ് പറയുന്നു.

ഇവളെ കണ്ടപാടെ അമ്മയ്ക്ക് ഇഷ്ടമായി. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തുന്നത്. മോൻ ഞങ്ങളുടെ കൂടെ തന്നെയാണ്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. വിവാഹത്തിന്റെ അന്ന് അവൻ നമ്മുടെ കൂടെ നിന്നില്ല, ഫുൾ കറങ്ങി നടത്തമായിരുന്നു, ഓടിച്ചിട്ട് പിടിച്ചാണ് ഒരു ഫോട്ടോ എടുത്തത് പോലും. അല്ലാതെ കാണിക്കാതെ ഇരുന്നതല്ല. ഞാൻ അവനെ കല്യാണം കഴിച്ചപോലെയാണ്. ഫുൾടൈം മോൻ കൂടെത്തന്നെയുണ്ടെന്നും ദേവപ്രസാദ് പറഞ്ഞു.
വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് ധന്യയും മനസുതുറന്നു. "വിവാഹം കഴിക്കണമെന്ന പ്ലാനൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ആ സമയം പുള്ളി തന്ന കെയറിങ്ങുണ്ട്. അന്ന് മുതൽ ഇന്ന് വരെ അത് അങ്ങനെ തന്നെയാണ്. എന്നെ സംബന്ധിച്ച് എന്നോട് ഇക്കാര്യം പറഞ്ഞപ്പോൾ നോ പറയേണ്ട കാര്യമില്ലായിരുന്നു. നമ്മൾ ഒരു നാട്ടുകാരുമാണ്. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ആളൊരു മാന്യനാണെന്ന് നമുക്ക് മനസിലായി." - ഭാര്യ ധന്യ പറഞ്ഞു.


Click it and Unblock the Notifications