ദുബായിൽ എത്തിയാൽ ഞാൻ മറ്റൊരാളാകും; ആ ലൈഫ് മിസ് ചെയ്തല്ലോ എന്നോർത്ത് സങ്കടം തോന്നിയിരുന്നു: മനസുതുറന്ന് അനുശ്രീ
കുടുംബ പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് അനുശ്രീ. ബാലതാരമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ അനുശ്രീ നിരവധി ജനപ്രീയ പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. നായിക വേഷങ്ങളിലൂടെയൊക്കെ പ്രേക്ഷകർക്ക് കുടുംബത്തിലെ ഒരംഗത്തെ പോലെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. സീരിയൽ ലോകത്ത് പ്രകൃതി എന്ന പേരിൽ അറിയപ്പെടുന്ന അനുശ്രീ സോഷ്യൽ മീഡിയയിലേയും സജീവ സാന്നിധ്യമാണ്.
അനുശ്രീയുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെ അനുശ്രീ ഭർത്താവ് വിഷ്ണുവുമായുള്ള ബന്ധം പിരിഞ്ഞതൊക്കെ വലിയ വാർത്തയായി മാറിയിരുന്നു. സീരിയലിൽ ക്യാമറാമാനായിരുന്നു വിഷ്ണു. വീട്ടുകാരെ എതിർത്ത് നടത്തിയ പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ അധികം വൈകാതെ ഇവർ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനും അനുശ്രീക്കുണ്ട്.

കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ അനുശ്രീ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു യുട്യൂബ് ചാനലിന് നൽകിയ അനുശ്രീയുടെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധനേടുകയാണ്. തന്റെ ഫാഷൻ, സ്റ്റൈലിങ് ഒപ്പം തന്നെ ജീവിതത്തിൽ പോസിറ്റീവായി ഇരിക്കുന്നതിനെ കുറിച്ചൊക്കെയാണ് അനുശ്രീ സംസാരിക്കുന്നത്.
ഫാഷന്റെ കാര്യത്തിൽ അങ്ങനെ ശ്രദ്ധിക്കുന്ന ആളല്ല താനെന്ന് അനുശ്രീ പറഞ്ഞു. എല്ലാത്തരം വേഷങ്ങളും തനിക്ക് ഇഷ്ടമാണെങ്കിലും സാരിയും, ഹാഫ് സാരിയും ആണ് കൂടുതൽ ഇഷ്ടം. മുടി നീട്ടി വളർത്തണം എന്ന ആഗ്രഹമില്ല. മുത്തശ്ശിയുടെയും, അമ്മയുടെയും ഇഷ്ടം കൊണ്ടാണ് മുടി വളർത്തിയതെന്നും അനുശ്രീ പറഞ്ഞു. മോനെ ഫുൾ ടൈം നോക്കുന്നത് അമ്മയാണെന്നും താൻ എപ്പോഴും ഫ്രീ ആണെന്നും അനുശ്രീ വ്യക്തമാക്കി.
വസ്ത്രധാരണത്തെ കുറിച്ച് സംസാരിക്കവെ, നാട്ടിൽ നിന്നും ദുബായിയിൽ എത്തിയാൽ താൻ മറ്റൊരാളാകുമെന്ന് അനുശ്രീ പറഞ്ഞു. മുട്ടിന് മുകളിലുള്ള വസ്ത്രം ധരിച്ചു കണ്ടാൽ നാട്ടിലാണെങ്കിൽ ആളുകൾ നോക്കും. അവിടെ അങ്ങനെയല്ല. ആളുകളുടെ മെന്റാലിറ്റിയുടെ പ്രശ്നമാണ്. കുറച്ചു നെക്ക് ഇറങ്ങിയ ഡ്രസാണെങ്കിലും ആളുകൾ നോക്കും. അങ്ങനെയുള്ളൊരു ഫോട്ടോ ഇട്ടാൽ, അവൾ കൈ വിട്ടുപോയി എന്നൊക്കെയുള്ള മോശം കമന്റുകൾ ആയിരിക്കുമെന്നും അനുശ്രീ പറഞ്ഞു.
അവിടെയൊക്കെ നമ്മൾ എന്തുതരം ഡ്രസ്സ് ഇട്ടാലും ആരും തിരിഞ്ഞുപോലും നോക്കില്ല. എന്റെ ഇഷ്ടത്തിനനുസരിച്ച വസ്ത്രങ്ങൾ ഇടുന്നത് അവിടെയാണ്. എല്ലാം അവിടെ നിന്നാണ് പർച്ചേസ് ചെയ്യുകയെന്നും അനുശ്രീ വ്യക്തമാക്കി. ഷോപ്പിങ്ങിന് പോകുന്നത് ഇഷ്ടമാണ്. എന്നാൽ മണിക്കൂറുകൾ നിന്നുള്ള പരിപാടിക്ക് എനിക്ക് ഇഷ്ടമല്ല. ഷോപ്പിങ്ങിന് പോകുമ്പോൾ ഒരു ഐഡിയ കയ്യിലുണ്ടാകും. അതുകൊണ്ട് തീരുമാനം എടുക്കാൻ താമസിക്കില്ല. ഇഷ്ടപ്പെട്ടാൽ വില ഒന്നും നോക്കില്ലെന്നും അനുശ്രീ പറഞ്ഞു.

ഇൻഡസ്ട്രിയിലേക്ക് വന്നപ്പോൾ ആരും ഉപദേശിച്ചു ഒരു ക്യാരക്ടർ ചെയ്യേണ്ടി വന്നിട്ടില്ല. അഞ്ചുവയസ്സ് ഉള്ളപ്പോഴാണ് വരുന്നത്. പിന്നെ പുതിയ ഡയറക്ടറിന്റെ ഒപ്പം വർക്ക് ചെയ്യുമ്പോൾ നമ്മളെക്കൊണ്ട് പറ്റുന്നതിന്റെ മാക്‌സിമം ചെയ്യാൻ ശ്രമിക്കാറുണ്ട്. ചെറുപ്പത്തിൽ അഭിനയിക്കാൻ പോകാൻ ഇഷ്ടക്കേട് ഒന്നും ഉണ്ടായിരുന്നില്ല. കോളേജ് സമയം ആയപ്പോൾ ആ ലൈഫ് മിസ് ചെയ്തല്ലോ എന്നോർത്തിട്ട് സങ്കടം തോന്നിയിരുന്നു. അതൊഴിച്ചാൽ അഭിനയം ഇഷ്ടപ്പെട്ടു ചെയ്തതാണ്. എല്ലാം എൻജോയ് ചെയ്തിരുന്നെനും അനുശ്രീ വ്യക്തമാക്കി.
ജീവിതത്തിൽ നെഗറ്റീവ് ചിന്തിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. നെഗറ്റീവ് ആയിരുന്നാൽ മുഖവും ഡള്ളായി ഇരിക്കും, നിരാശ തോന്നും. വരുന്ന പോസിറ്റീവ് കാര്യങ്ങൾ കൂടി നെഗറ്റീവായി മാറും. അപ്പോൾ നമ്മൾ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുക എന്നുള്ളതാണ് നമുക്ക് ചെയ്യാനാവുക. അതുകൊണ്ടാണ് താൻ എപ്പോഴും പോസിറ്റിവിറ്റി നിലനിർത്തുന്നതെന്നും അനുശ്രീ പറഞ്ഞു.


Click it and Unblock the Notifications