'അപർണ നായരുടെ മകൾക്ക് അമ്മയാകാൻ അവന്തിക തയ്യാറായി...പക്ഷെ'; ബീനയും മാനോജും പറയുന്നു
സിനിമകളിലൂടേയും സീരിയലുകളിലൂടേയും പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അപര്‍ണ നായര്‍. അടുത്തിടെയാണ് അപർണ ആത്മഹത്യ ചെയ്യുന്നത്. സീരിയൽ ലോകത്തെയാകെ ഞെട്ടിച്ച വിയോഗമായിരുന്നു അപർണയുടേത്. താരത്തിന്റെ പെട്ടെന്നുള്ള വിയോഗം ഉൾക്കൊള്ളാൻ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ഇപ്പോഴും കഴിഞ്ഞിട്ടില്ല. രണ്ടു പെൺ മക്കളാണ് അപർണയ്ക്ക് ഉള്ളത്.
ഇപ്പോഴിതാ അപർണയുടെ ഒരു മകളെ ദത്തെടുക്കാൻ നടി അവന്തിക മോഹൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ കുറിച്ചും, അപർണയുടെ വീട്ടിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് നടി ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും. മനോജിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചത്.

'കഴിവുള്ള അഭിനേത്രിയായിരുന്നു അപർണ, എന്നാൽ അവളുടെ വിയോഗം നമ്മളെ തളർത്തിക്കളഞ്ഞു. ഇപ്പോൾ ഞങ്ങൾ ഈ വീഡിയോയുമായി എത്തിയിരിക്കുന്നത് അപർണയുടെ മകളുടെ കാര്യവും, നടി അവന്തികയുടെ നല്ല മനസ്സിനേയും കുറിച്ച് പറയാനാണ്. നടി അവന്തിക എനിക്ക് മകളെപോലെയാണ്, അവൾക്ക് ഞാൻ അമ്മയെപ്പോലെയും. ഞങ്ങൾ പരസ്പരം എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കാറുണ്ട്. പറഞ്ഞുവരുന്നത് അപർണയെ കുറിച്ചാണ്', ബീനയും മനോജും പറയുന്നു.
'അപർണയുടെ ആദ്യ കുട്ടിയുടെ അച്ഛൻ കൂടെയില്ല. രണ്ടാമത്തെ കുട്ടിയുടെ അച്ഛനാണ് അപർണയുടെ ഇപ്പോഴത്തെ ഭർത്താവ്. ആ കുഞ്ഞിനെയും കൂട്ടി പുള്ളി പോയി. ഇപ്പോൾ ആദ്യ കുട്ടി ജീവിക്കുന്നത് അപർണയുടെ അമ്മയ്ക്ക് ഒപ്പമാണ്. ഒരു വയസ്സുമുതൽ ആ കുഞ്ഞിനെ നോക്കുന്നത് അമ്മുമ്മയാണ്. ആ കുട്ടി കുഞ്ഞായിരുന്നപ്പോൾ അതിനെ അപർണ ലൊക്കേഷനിൽ കൊണ്ടുവരുമായിരുന്നു. ഇപ്പോൾ പതിനെട്ടുവയസ്സായി',
'അവന്തികയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു ആ കൊച്ചിനെ, അപർണ മരിച്ചപ്പോൾ അവന്തിക എന്നെ വിളിച്ചു ചോദിച്ചത് എനിക്ക് ആ കുഞ്ഞിനെ വളർത്താൻ തരുമോ എന്നാണ്. അവൾക്ക് മൂന്നര വയസുള്ള മകനുണ്ട്. എന്റെ മോന്റെ ചേച്ചിയായി ഞാൻ നോക്കാം എന്നൊക്കയാണ് എന്നോട് പറഞ്ഞത്. അങ്ങനെ ഇക്കാര്യം സംസാരിക്കാൻ ഞങ്ങൾ ഒരു ദിവസം അപർണയുടെ വീട്ടിൽ പോയി. നിയമപരമായി അതിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. ഏറ്റെടുക്കാനാകില്ല എന്ന് അറിയാമായിരുന്നു എങ്കിലും പോയി',
'അവന്തികയ്ക്ക് ഒരു കുഞ്ഞുള്ളതുകൊണ്ട് ലീഗലി ആ കുട്ടിയെ കിട്ടാൻ പാടാണ്. സ്വന്തമായി വീടോ ബാങ്ക് ബാലൻസോ ഒന്നുമില്ല അപർണയ്ക്ക്. അപർണയുടെ അമ്മയ്ക്ക് ഹാർട്ട് അറ്റാക്ക് വന്നിട്ട് ആശുപത്രിയിലായിരുന്നു, നമ്മൾ കാണാൻ ചെന്ന ദിവസം അവരെ കാണാനായില്ല. വീണ്ടും ഞങ്ങൾ അവളെ കാണാൻ വേണ്ടി പോയി. അപർണ മരിച്ച ശേഷം ആ മോൾ ഒരാഴ്ച ആരോടും സംസാരിക്കാതെ ഇരുന്നു. കരയുക പോലും ചെയ്യാതെ അവൾ ഒറ്റ ഇരിപ്പായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്', ബീന പറയുന്നു.

'അമ്മയും ഈ മകളും മറ്റൊരു വീട്ടിലായിരുന്നു. എന്നാൽ അമ്മയുടെ കാര്യവും, മോളുടെ കാര്യവുമെല്ലാം അപർണ തന്നെയാണ് നോക്കിയിരുന്നത്. ആ ബന്ധം അവസാനിപ്പിച്ചുവരാൻ വേണ്ടി പറഞ്ഞതാണ്. പക്ഷേ അവൾ വന്നില്ല എന്നാണ് അമ്മ പറഞ്ഞത്. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം മോളെ നോക്കും അവന്തികയുടെ കൂടെ വിടാൻ കഴിയില്ലെന്നാണ് അമ്മ പറഞ്ഞത്. പക്ഷേ അവരുടെ അവസ്ഥ പരിതാപകരമാണ്',
'അവന്തികയുടെ മനസ്സിന് ബിഗ് സല്യൂട്ട് ഉണ്ട്. പക്ഷെ മോളുടെ കാര്യം എല്ലാം ഏറ്റെടുക്കാൻ സന്മനസ്സുള്ളവർ വരട്ടെ എന്നാണ് നമ്മളും ആഗ്രഹിക്കുന്നത്. അവൾക്ക് വേണ്ടി ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. മിടുക്കിയായ കുട്ടിയാണ്. ഡോക്ടർ ആവണമെന്നാണ് അവളുടെ ആഗ്രഹം. നാളെ അവൾ രാജ്യത്തിന് തന്നെ അഭിമാനമായി മാറട്ടെ', ബീനയും മനോജും വീഡിയോയിൽ പറഞ്ഞു.


Click it and Unblock the Notifications