'പറക്കാൻ ആഗ്രഹിക്കുന്നയാളുടെ ചിറക് വെട്ടിയിടാൻ ഞാൻ താല്പര്യപ്പെടുന്നില്ല'; വിവാഹമോചനത്തെക്കുറിച്ച് ഫിറോസ് ഖാൻ!
കഴിഞ്ഞ ദിവസമാണ് താനും ഭർത്താവ് ഫിറോസ് ഖാനും തമ്മിൽ വേർപിരിയുകയാണെന്ന് ബിഗ് ബോസ് താരം കൂടിയായ സജ്ന നൂർ വെളിപ്പെടുത്തിയത്. തങ്ങൾ വേർപിരിയാൻ കാരണം മൂന്നാമതൊരാൾ അല്ലെന്നും യോജിച്ച് പോകാൻ പറ്റാത്ത പല കാര്യങ്ങളും രണ്ടുപേർക്കുമിടയിൽ ഉണ്ടായതിനാലാണ് ഡിവോഴ്സിലേക്ക് നീങ്ങിയതെന്നും രണ്ടുപേരും ചേർന്നെടുത്ത തീരുമാനമാണെന്നും സജ്‌ന വ്യക്തമാക്കിയിരുന്നു.
അതിനുപിന്നാലെ ഇപ്പോഴിതാ ആദ്യമായി വിവാഹമോചനത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫിറോസ് ഖാൻ. പിരിയാം എന്ന് തീരുമാനിക്കാനുണ്ടായ കാരണത്തെ കുറിച്ച് ഫിറോസ് മനസുതുറന്നു. ജാങ്കോ സ്‌പേസ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പത്ത് വർഷത്തെ ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയാണ്. അവൾക്ക് ഞാൻ എന്താണെന്ന് അറിയാം. എനിക്കും അവൾ എന്താണെന്ന് അറിയാം. ഞങ്ങളെ സംബന്ധിച്ച് കരിയറിനുമൊക്കെ ഇതായിരിക്കും നല്ലതെന്ന് തോന്നി. അവളൊരു കുട്ടിത്തമുള്ള കുട്ടിയാണ്. ഒരു പൂമ്പാറ്റയെ പറന്നുനടക്കാൻ അവൾക്ക് ഇഷ്ടമായിരിക്കാം. ആ സ്‌പേസ് നൽകുന്നതിന് എനിക്ക് പരിമിതിയുണ്ട്. അത് എന്റെ കുഴപ്പമാണ്. അവളുടെ ആഗ്രഹം ഒരു തെറ്റല്ല,'
'ഒരു പരിധി കഴിഞ്ഞാൽ അപകടമാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. അത് എന്റെ കുറവായിരിക്കാം, പക്ഷെ ഞാൻ അങ്ങനെയാണ് പഠിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പരിധിയിൽ കൂടുതൽ പറക്കാൻ എനിക്ക് അനുവദിക്കാൻ കഴിയില്ല. ഇതുവരെ എന്റെ പരിധിക്കുള്ളിൽ നിന്നുള്ള സ്വാതന്ത്ര്യമൊക്കെ ഞാൻ നൽകിയിട്ടുണ്ട്. എന്നാൽ അങ്ങനെ പറക്കാൻ ആഗ്രഹിക്കുന്നയാളുടെ ചിറക് വെട്ടിയിടാൻ ഞാൻ താല്പര്യപ്പെടുന്നില്ല. അതുകൊണ്ട് ആ സ്നേഹത്തോടെ തന്നെ എടുത്ത തീരുമാനമാണ്,'
'അവൾ ഇപ്പോൾ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. അതാണ് ഞാനും ആഗ്രഹിക്കുന്നത്. അതുപോലെ ചിലയിടങ്ങളിൽ നമ്മൾ തോറ്റ് കൊടുക്കുന്നതാണ് നല്ലത്. അതിന് ഒരു വിജയത്തിന്റെ സുഖമുണ്ട്. ഞാൻ തോറ്റവനാണ് എന്നല്ല. അദ്ദേഹം പറഞ്ഞത് ഞാൻ അംഗീകരിച്ചു, അതിന് സമ്മതിച്ചു. അതാണ് ഞാൻ ഉദേശിച്ചത്. അദ്ദേഹത്തിന് നല്ലത് വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പത്ത് വർഷമെന്ന് പറയുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ്. അത്രയും നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ആളല്ലേ,' ഫിറോസ് പറയുന്നു.
'കരിയർ ഞങ്ങളുടെ വേർപിരിയലിന്റെ വിഷയമല്ല. അതിൽ ഫോക്കസ് നൽകണം എന്നാണ് പറഞ്ഞത്. കാരണം ഇനിയിപ്പോൾ ഒറ്റയ്ക്കുള്ള ഒരു യാത്ര ആണല്ലോ. ഇത്രയും നാലും നമ്മുടെ ഹൃദയത്തിന്റെ ഒരു ഭാഗമായിരുന്നു ആള്. അതിന്റെ പകുതി പോയി. ഒരാളും ഒരാൾക്കും പകരമാവില്ല. നാളെ മറ്റൊരാൾ ജീവിതത്തിലേക്ക് വന്നാലും സജ്‌നയ്ക്ക് പകരമാവില്ല. അദ്ദേഹം പോയതിൽ എനിക്ക് ദുഃഖമുണ്ട്. അഞ്ചാറ് മാസമായി നമ്മൾ ഈ ഡിവോഴ്സ് എന്ന പ്രോസസിലൂടെ പോവുകയാണ്,' ഫിറോസ് വ്യക്തമാക്കി.

വിവാഹമോചനവാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കും ഫിറോസ് മറുപടി നൽകി. 'ഞങ്ങൾ തമ്മിൽ യാതൊരു ഈഗോ ക്ലാഷും ഇല്ല. വിവാഹശേഷമാണ് അവൾ ഈ ഫീൽഡിലേക്ക് വരുന്നത്. കരിയറിൽ ഞാൻ അവളെ വളർത്തി എടുക്കുകയായിരുന്നില്ലേ അവിടെ ഈഗോ ക്ലാഷിന്റെ ആവശ്യമില്ല. ലൈംഗികജീവിതത്തിന്റെ കാര്യത്തിൽ ആണെങ്കിൽ അതിലും നൂറ് ശതമാനം ഹാപ്പി ആയിരുന്നു. അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഞങ്ങൾ ഇങ്ങനെ ആയിരിക്കില്ലല്ലോ പിരിയുക,'
'ഇപ്പോഴും ഞങ്ങൾക്കിടയിൽ വിളിയോ സംസാരമോ ഒന്നും ഉണ്ടാവില്ലല്ലോ. കാരണം, പറ്റിക്കപ്പെടുക എന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ കാര്യം. അപ്പോൾ അതുമല്ല. അങ്ങനെ ഇവർ ഈ പറയുന്ന കാര്യങ്ങൾ ഒന്നുമല്ല. ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് വിവാഹമോചനം എന്നത് പലരുടെയും ധാരണയാണ്. അതല്ലാത്ത കാരണങ്ങൾ കൊണ്ടും ആളുകൾ വേർപിരിയാം. അത് ഓരോരുത്തരുടെയും ജീവിത സാഹചര്യമാണ്,' ഫിറോസ് പറഞ്ഞു.
സജ്‌ന വന്നു സംസാരിച്ചത് കൊണ്ട് അതിനുള്ള മറുപടി പറയാനല്ല ഇപ്പോൾ അഭിമുഖം നൽകുന്നതെന്നും ഫിറോസ് വ്യക്തമാക്കി. സജ്‌ന പറഞ്ഞതിന് ക്ലാരിറ്റി ഇല്ലാത്തത് കൊണ്ട് പലരും അതിനെ വളച്ച് ഒടിച്ചു. ഇക്ക ചതിച്ചു, പെണ്ണുപിടിയനാണ് എന്നൊക്കെ ചിലർ വാർത്ത കൊടുത്തു. അതൊക്കെ ഭയങ്കര മോശമാണ്. എന്റെ കുടുംബക്കാരും ഇതൊക്കെ കാണുന്നുണ്ട്.
സജ്‌ന എല്ലാവരോടും ഓപ്പൺ ആയിട്ട് ഇടപെടും. ഞാൻ അതിനെയൊക്കെ ഒരു ലിമിറ്റിൽ നിർത്തുമായിരുന്നു. അവൾ അതുപോലെ നിന്നാൽ പലരും മിസ്‌ബിഹേവ് ചെയ്‌തേക്കും. അതുകൊണ്ട് അക്കാര്യത്തിൽ താൻ ഉപദേശിച്ചിട്ടുണ്ടെന്നും ഫിറോസ് ഖാൻ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications