ആ സംഭവത്തിന് ശേഷം ഉമ്മ 15 ദിവസം മിണ്ടിയില്ല; ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് പോലും പറഞ്ഞെന്ന് റിയാസ്!
തനിക്ക് നേരെയുണ്ടാവുന്ന സൈബർ ആക്രമങ്ങൾ തന്റെ രക്ഷിതാക്കളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് തുറന്നു പറയുകയാണ് റിയാസ് സലിം
ബിഗ് ബോസ് സീസൺ 4 ലൂടെ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ച മത്സരാർഥികളിൽ ഒരാളാണ് റിയാസ് സലീം. ഒരുപക്ഷെ മാസങ്ങൾക്കിപ്പുറവും ആ സീസൺ ഇന്നും ആളുകൾക്കിടയിൽ ചർച്ചയാവാൻ കാരണവും ഷോയിലേക്കുള്ള റിയാസിന്റെ എൻട്രിയാവും. ഷോയിലൂടെ ആരാധകരെയും ഹേറ്റേഴ്സിനെയും ഒരുപോലെ റിയാസിന് ലഭിച്ചിട്ടുണ്ട്.
ബിഗ് ബോസിന്റെ അകത്ത് തുടരുമ്പോഴും അതിനു മുൻപും ശേഷവുമെല്ലാം സോഷ്യൽ മീഡിയയിലൊക്കെ സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുണ്ട് റിയാസിന്. അടുത്തിടെ ബിഗ് ബോസിൽ റിയാസിന്റെ സഹമത്സരാർത്ഥി ആയിരുന്ന റോബിന്റെ ഭാവി വധു ആരതി പൊടിയെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ റിയാസിന്റെ വ്യാപകമായ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.
തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മനസിലാക്കി റിയാസ് ക്ഷമ പറഞ്ഞെങ്കിലും താരത്തിനെതിരെ സൈബർ ഇടങ്ങളിൽ വ്യാപക ആക്രമണമാണ് ഉണ്ടായത്. ഇപ്പോഴിതാ, തനിക്ക് നേരെയുണ്ടാകുന്ന ആക്രമങ്ങൾ തന്റെ മാതാപിതാക്കളെ എങ്ങനെയാണ് ബാധിച്ചതെന്നും ബാധിച്ചുകൊണ്ടിരിക്കുന്നതെന്നും പറയുകയാണ് റിയാസ്. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റിയാസ്.

'എല്ലായ്‌പ്പോഴും എനിക്ക് പിന്തുണയായി എന്റെ ശക്തിയായി നിന്നിട്ടുള്ളത് എന്റെ മാതാപിതാക്കൾ മാത്രമാണ്. സുഹൃത്തുക്കളൊക്കെ വരും പോകും. എപ്പോഴും നമ്മുക്ക് ഉണ്ടാവുക നമ്മുടെ പാരന്റ്സ് മാത്രമാണ്. നമ്മൾ എന്ത് തെറ്റ് ചെയ്താലും നമ്മളെ ആരൊക്കൊക്കെ അംഗീകരിക്കാൻ ബുദ്ധിമുട്ട് വന്നാലും അവസാനം നമ്മുടെ കുടുംബമേ ഉണ്ടാവൂ,' റിയാസ് പറഞ്ഞു.
തനിക്ക് നേരെയുണ്ടാകുന്ന ആക്രമങ്ങളെ ഉമ്മയും വാപ്പയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഇപ്പോഴും പ്രധാനപ്പെട്ട കാര്യമാണെന്ന് റിയാസ് പറഞ്ഞു. 'അവർ കാരണവും എനിക്ക് പല കാര്യങ്ങളും തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്വന്തം കുഞ്ഞ് മറ്റുള്ള ആളുകളാൽ വേദനിപ്പിക്കപ്പെടുമ്പോൾ അവർക്കും ഒരു പ്രഷർ വരുന്നുണ്ട്. അവർക്കും ഞാൻ ഇങ്ങനെ ആയിരിക്കണം എന്ന് പറയേണ്ടി വരും,'
'ഞാൻ വ്യത്യസ്തനാണ് എന്ന് കരുതി ഞാൻ വേദനിക്കുന്നത് കാണാൻ അവരും ആഗ്രഹിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ ഉള്ളവർ ഒരിക്കലും ഒന്നും നിർത്താൻ പോകുന്നില്ല. എന്റെ മുഖത്തു നോക്കി ഇന്ന് പലരും പറയില്ലായിരിക്കാം. സോഷ്യൽ മീഡിയയിൽ പറയുന്നതിനെ ഞാനും മൈൻഡ് ചെയ്യില്ല. പക്ഷെ അത് ബാധിക്കുന്ന ആളുകളുണ്ട്. എന്റെ പാരന്റ്സ് എല്ലാ കമന്റുകളും വായിക്കുന്നുണ്ട്. എന്നെ കുറിച്ച് വരുന്ന എല്ലാ വീഡിയോകളും കാണുന്നുണ്ട്,'
'ഇത് ചെയ്യുന്നവരുടെ മനസിലൊക്കെ പൈസ എന്ന ഒറ്റ വിചാരമേയുള്ളു. അവർ അതിന് ഏത് അറ്റം വരെയും പോകും ആരെയും വേദനിപ്പിക്കും. ഒരു കാരണവുമില്ലാതെ. ഉമ്മ എന്നെ എന്നും വിളിക്കും. എപ്പോഴും വിഷമം പറയും. രണ്ടു മാസം മുൻപ് എന്റെ ഉമ്മ ഒരുപാട് വേദനിച്ചു,'
'ഒരുപാട് പേർ എന്നെ ആക്രമിച്ചു എന്റെ വീട്ടുകാർ ചെയ്യുന്നത് പോലും മോശമാണെന്ന് പറഞ്ഞു. അത് അത്രയും മോശമായ അവസ്ഥ ആയിരുന്നു. ഉമ്മ എന്നോട് ആ സമയത്ത് ഒരു 15 ദിവസം മിണ്ടിയില്ല. ആദ്യമായിട്ടാണ് അങ്ങനെ,'
'ഞാനും ഒരു നല്ല മനുഷ്യൻ അല്ല. നമ്മുടെ വായിൽ നിന്നും എന്തെങ്കിലും ശരിയല്ലാത്തത് വരും. അങ്ങനെ ഒരു കാര്യം പറഞ്ഞതിന്റെ പേരിലായിരുന്നു അത്. ഉമ്മയ്ക്കും വിഷമമായി. എല്ലാവരും എന്നെ കുറിച്ച് സംസാരിക്കുന്നു. ഉമ്മ അതെല്ലാം കാണുന്നു. അങ്ങനെയാണ് എന്നോട് 15 ദിവസം മിണ്ടാതെ ആയത്,'

'അതിനു ശേഷമാണു ഞാൻ കൊടൈ പോകുന്നത്. അവിടെ വെച്ച് ഞാൻ നാലഞ്ച് മണിക്കൂർ ഇതിന്റെ പേരിൽ കരഞ്ഞു. അതിനു ശേഷമാണ് കരയുന്ന വീഡിയോ അപ്‌ലോഡ് ചെയ്തത്. എന്റെ പേജിൽ ഞാൻ സന്തോഷത്തോടെ ഇരിക്കുന്നത് മാത്രം കണ്ടാൽ പോരാ എന്ന് എനിക്ക് ഉണ്ടായിരുന്നു,'
'അതിനു ശേഷം ഉമ്മ എന്നെ വിളിച്ച് പറഞ്ഞത്. ഞാൻ ആത്മഹത്യ ചെയ്താലെങ്കിലും അവർ നിന്നെ ആക്രമിക്കുന്നത് നിർത്തുമായിരിക്കും എന്നാണ്. അവർ കാരണം ഒരു ജീവൻ പൊലിഞ്ഞു എന്ന് തോന്നുമ്പോൾ അവർ നിന്നെ വെറുതെ വിടുമായിരിക്കും എന്ന്. പക്ഷെ അങ്ങനെയല്ല. എന്നാലും അവർ തുടരും. അങ്ങനെയൊരു ലോകമാണ് ഇത്,' റിയാസ് പറഞ്ഞു.


Click it and Unblock the Notifications