ഭഗവാന് മുന്നിൽ യെസ്, നോ എന്നെഴുതി നറുക്കിട്ടാണ് തീരുമാനിച്ചത്; തേജസേട്ടനെ കാണാനുള്ള നിമിത്തമായിരുന്നു അത്!
മിനിസ്ക്രീൻ പ്രേക്ഷകർക്കെല്ലാം ഏറെ പരിചിതയാണ് നടി മാളവിക കൃഷ്‌ണദാസ്. ഡാൻസർ, അവതാരക, അഭിനേത്രി തുടങ്ങി എല്ലാം മേഖലകളിലും തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ.
അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മാളവിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.
പിന്നീട് വിവിധ ഡാൻസ് റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായി എത്തുകയും ഒപ്പം തന്നെ വിവിധ സീരിയലികളിലും മാളവിക അഭിനയിച്ചിരുന്നു. എന്നാൽ മാളവിക കൂടുതൽ ശ്രദ്ധനേടുന്നത് മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ്.

ഷോയിൽ തിളങ്ങിയ മാളവിക അതിന് ശേഷം സിനിമയിലേക്കും എത്തി. കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിലാണ് മാളവിക അഭിനയിച്ചത്.
നിലവിൽ ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പ്രേക്ഷകർക്ക് മുന്നിൽ തന്നെയുണ്ട് മാളവിക. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
സോഷ്യൽ മീഡിയയിൽ മാളവിക പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. സ്വന്തമായൊരു യൂട്യൂബ് ചാനലും മാളവികയ്ക്കുണ്ട്.
തന്റെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. തന്റെ വിവാഹക്കാര്യമൊക്കെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു മാളവിക ആരാധകരെ അറിയിച്ചത്.
നായിക നായകൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്. നായികാ നായകനിൽ നിന്നുള്ള പരിചയം സൗഹൃദമാവുകയും അത് പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.
ഇപ്പോഴിതാ, നായികാ നായകനിൽ താൻ മനസില്ല മനസോടെയാണ് മത്സരിക്കാൻ എത്തിയതെന്ന് പറയുകയാണ് മാളവിക. തേജസിനെ കണ്ടുമുട്ടാനുള്ള നിമിത്തമായിരിക്കാം ആ തീരുമാനമെന്നും നടി പറയുന്നു.
ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് മാളവിക ഇക്കാര്യം പറഞ്ഞത്. മാളവികയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
മനസില്ലാ മനസോടെയാണ് ഞാൻ നായിക നായകനില്‍ മത്സരിച്ചത്. ചെന്നൈയിൽ ഡാന്‍സ് പഠിക്കാനായി പോയിരുന്നു. അതുകഴിഞ്ഞ് തിരിച്ച് വന്നപ്പോഴായിരുന്നു നായിക നായകന്റെ പരസ്യം കണ്ടത്.
മാളു അതിലേക്ക് അയയ്ക്കണമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എല്ലാ കാര്യങ്ങളും പറഞ്ഞ് തരാറുള്ള അമ്മൂമ്മയും എന്നോട് ഇതിന് അയയ്ക്കണമെന്ന് പറഞ്ഞിരുന്നു.
പൂജാമുറിയില്‍ ഭഗവാന് മുന്നിൽ യെസ്, നോ എന്നെഴുതിയ പേപ്പര്‍ വെച്ച് നറുക്കിട്ട് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഷോയിലേക്ക് അപേക്ഷ അയച്ചത്.
രണ്ട് തവണയാണ് അയച്ചത്. എന്തെങ്കിലും അഭിനയിച്ച് അയയ്ക്കണമെന്ന് അവര്‍ അറിയിച്ചപ്പോൾ ആകെ അങ്കലാപ്പായിരുന്നു. ഷോയിലേക്ക് പോകണോ, വേണ്ടയോ എന്നൊക്കെയുള്ള കൺഫ്യൂഷനായിരുന്നു.
പിന്നെ രണ്ടും കല്‍പ്പിച്ച് അങ്ങ് പോവുകയായിരുന്നു. തേജസേട്ടനെ കിട്ടാനുള്ളൊരു നിമിത്തമായി മാറുകയായിരുന്നു അത് എന്ന് മാളവിക പറഞ്ഞു.
ആദ്യം ചേട്ടനായിട്ടാണ് തേജസിനെ കണ്ടതെന്നും മാളവിക പറയുന്നുണ്ട്. നായിക നായകനില്‍ വെച്ചാണോ നിങ്ങള്‍ പ്രണയത്തിലായതെന്ന് എല്ലാവരും ചോദിച്ചിരുന്നു.

ഒരുമിച്ച് പ്രണയം റൗണ്ട് ചെയ്തിരുന്നു ഇരുവരും. ആര്‍ടിഒ ഓഫീസറിന് മുന്നില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി ചെല്ലുന്ന ചൊവ്വാ ദോഷക്കാരിയായ അശ്വതിയായാണ് മാളവിക അതിൽ എത്തിയത്.
ഇവരുടെ സ്‌കിറ്റിന് മികച്ച സ്വീകാര്യത ആയിരുന്നു ലഭിച്ചത്. ജീവിതത്തിലും നിങ്ങള്‍ രണ്ടാളും ഒരുമിച്ചെങ്കില്‍ നല്ലതായേനെ എന്നൊക്കെയുള്ള കമന്റുകൾ അന്ന് വന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഇവർ ഒന്നിക്കുന്നതും.
അതേസമയം, വിവാഹം എപ്പോഴാണെന്നതൊന്നും ഇരുവരും അറിയിച്ചിട്ടില്ല. വിവാഹ ഒരുക്കങ്ങളുടെ വിശേഷങ്ങൾ മാളവിക ഇടയ്ക്കിടെ പങ്കുവയ്ക്കുന്നുണ്ട്. വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.


Click it and Unblock the Notifications