'സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, ഇതൊരു തൊഴിലാണ്'; വിമർശിച്ചയാൾക്ക് മഞ്ജുവിന്റെ മറുപടി!
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി മഞ്ജു പത്രോസ്. റിയാലിറ്റി ഷോ മത്സരാർത്ഥിയായി മിനിസ്‌ക്രീനിലേക്ക് എത്തിയ മഞ്ജു പിന്നീട് സീരിയലിലൂടെയും സിനിമയിലൂടെയുമൊക്കെ താരമായി മാറുകയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിൽ മത്സരാര്‍ത്ഥിയായും മഞ്ജു പത്രോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന വെറുതെ അല്ല ഭാര്യയിൽ എത്തിയതോടെയാണ് മഞ്ജുവിന്റെ തലവര മാറുന്നത്. ഭർത്താവ് സുനിച്ചനൊപ്പം ഷോയിൽ പങ്കെടുത്ത മഞ്ജു ഷോയിലെ പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു.
ഷോയിലെ ടാസ്കുകളിലൊക്കെ മികച്ച പ്രകടനം പുറത്തെടുത്ത മഞ്ജുവിന് പിന്നീട് മറിമായം എന്ന ഹാസ്യ പരമ്പരയിൽ അവസരം ലഭിക്കുകയായിരുന്നു. അതിൽ തിളങ്ങിയതോടെ സിനിമകളിൽ നിന്നും അവസരങ്ങൾ തേടിയെത്തി. ഇതിനകം നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ മഞ്ജുവിന് സാധിച്ചു. ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ പരമ്പരകളിലൊക്കെ സജീവമാണ് താരം. ഒപ്പം സോഷ്യൽ മീഡിയയിലും വളരെ സജീവമായി നിൽക്കുന്നുണ്ട് മഞ്ജു.

തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എവിടെയും തന്റെ അഭിപ്രായവും നിലപാടുകളും തുറന്ന് പറയാൻ മടിക്കാത്ത ഒരാളാണ് മഞ്ജു പത്രോസ്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുള്ള ആക്രമണങ്ങളോടൊക്കെ ശക്തമായി പ്രതികരിച്ചു കൊണ്ട് മഞ്ജു രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഒരു പൊതുവേദിയിൽ മഞ്ജു നടത്തിയ ഒരു പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പൊതുപരിപാടിക്കിടെ സീരിയൽ താരങ്ങളെക്കുറിച്ച് മോശം പരാമർശം നടത്തിയ രാഷ്ട്രീയ പ്രവർത്തകന് ചുട്ട മറുപടി നൽകുന്ന മഞ്ജു വിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മഞ്ജുവിനെ അഭിനന്ദിച്ചു കൊണ്ട് നടൻ സാജൻ സൂര്യയായിരുന്നു വീഡിയോ പങ്കുവച്ചത്. സീരിയൽ കാണാറില്ലെന്നും സീരിയൽ നടിമാരെ ഇഷ്ടമല്ലെന്നുമായിരുന്നു മഞ്ജു വേദിയിലിരിക്കെ രാഷ്ട്രീയ പ്രവർത്തകന്റെ പരാമർശം. ഇതിനോടായിരുന്നു മഞ്ജു പ്രതികരിച്ചത്.
'സീരിയൽ നടികൾ വരുന്നത് എനിക്കിഷ്ടമല്ല, ഞാൻ അങ്ങനെയുള്ള പരിപാടികൾ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാർ കാണാഞ്ഞിട്ടാണോ എന്നറിയില്ല. എന്ത് തന്നെയായാലും ഇതൊരു തൊഴിൽ മേഖലയാണ്. അഭിനയം എന്ന് പറയുന്നത് ഒരു തൊഴിൽ മേഖലയാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുൻപിലെത്താൻ. എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് ഒരു കർഷകൻ വേദിയിൽ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ ആലോചിച്ചാൽ കൊള്ളാം', എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
'സീരിയൽ നടികളെ ഇകഴ്ത്തുന്ന പരാമർശങ്ങൾ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴിൽ രംഗത്തെ പുച്ഛവൽക്കരിക്കുകയും ചെയ്ത പ്രമുഖ പാർട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കിൽ കൂടിയും മഞ്ജു പത്രോസ് നൽകി. അഭിനന്ദനങ്ങൾ മഞ്ജു',

'പരിപാടിയുടെ പേര് " പെൺവെട്ടം" എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കൽ. ആളെകൂട്ടാൻ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയൽ കാണരുതെന്ന് ചീത്തയായി പോകുമെന്ന് . ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കൾ കാരണം ടിവിയിലെ വാർത്തകൾ പോലും കാണാൻ നാണക്കേടാന്ന്. കലികാലം' എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് സാജൻ സൂര്യ കുറിച്ചു.
നിരവധി പേരാണ് മഞ്ജുവിന്റെ മറുപടിയെ പ്രശംസിച്ച് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് ഇങ്ങനെ തന്നെ മറുപടി നൽകണം. ബിഗ് സല്യൂട്ട് എന്നൊക്കെയാണ് ഓരോരുത്തരുടെ കമന്റുകൾ.


Click it and Unblock the Notifications