യുകെ എന്ന സ്വർഗ്ഗരാജ്യം വിട്ട് നശിച്ച കേരളത്തിലേക്ക് വന്നത് എന്താണ്! ഡിവോഴ്‌സാണോ കാരണം?; നിയയുടെ മറുപടി
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി നിയ രഞ്ജിത്ത്. നിരവധി ശ്രദ്ധേയ പരമ്പരകളുടെ ഭാഗമായിട്ടുള്ള നിയ കല്യാണി എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും നിയ തിളങ്ങിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് താരം. വിവാഹശേഷം കുടുംബസമേതം വിദേശത്തേക്ക് പോയതോടെയാണ് നിയ അഭിനയവും അവതരണവുമെല്ലാം വിട്ടത്.
ടെലിവിഷനിൽ നിന്നും അകന്നു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. യൂട്യൂബ് ചാനലുമൊക്കെയായി ആരാധകര്‍ക്കൊപ്പം തന്നെ നിയയുണ്ട്. ജീവിതത്തിലെ ഓരോ പുതിയ വിശേഷങ്ങളും നിയ യൂട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കുവെക്കാറുണ്ട്. അടുത്തിടെ ലണ്ടൻ ജീവിതം അവസാനിപ്പിച്ച് നിയ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇതിന്റെ വിശേഷങ്ങളും നിയ പങ്കുവെക്കുകയുണ്ടായി.

ഇതിനു പിന്നാലെ നിരവധി പേരാണ് കാരണം തിരക്കി എത്തിയത്. എല്ലാവരും യുകെയിലേക്ക് പോകുമ്പോൾ നിയ അവിടം വിട്ട് കേരളത്തിലേക്ക് വന്നത് പലരെയും ആശ്ചര്യപ്പെടുത്തി. ഭർത്താവുമായി ഡിവോഴ്സ് ആയോ എന്നുവരെയായി ചോദ്യങ്ങൾ. ഇപ്പോഴിതാ അതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നിയ. പുതിയ വീഡിയോയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം നിയ മറുപടി നൽകിയത്. കുറച്ചു ഡിപ്രഷൻ ലെവലിലേക്ക് എത്തിയപ്പോഴാണ് നാട്ടിലേക്ക് പോരാം എന്ന് തീരുമാനിച്ചതെന്ന് നിയ പറയുന്നു.
'നാടിന്റെ മണവും അന്തരീക്ഷവുമൊക്കെയാണ് എനിക്ക് ഇഷ്ടം. പിന്നെ വീട്ടുകാരെയൊക്കെ മിസ് ചെയ്തു. അതൊക്കെയാണ് നാട്ടിലേക്കുള്ള മടക്കത്തിന്റെ പ്രധാന കാരണം. ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ വല്ലാത്ത പേടിയായി. പലതവണ ഞാനത് പറഞ്ഞിട്ടുണ്ട്. എനിക്ക് ആകെ അറിയുന്നത് അഭിനയിക്കാനോ അല്ലെങ്കിൽ കുക്കറി ഷോ ചെയ്യാനോ ഒക്കെയാണ്. മറ്റു ജോലികൾ കിട്ടുമായിരിക്കും പക്ഷേ അതിൽ സന്തോഷം കിട്ടുമോ എന്ന് അറിയില്ല,' നിയ പറയുന്നു.
എന്തിനാണ് യുകെ പോലുള്ള സ്വർഗ്ഗ രാജ്യത്തിൽ നിന്നും നശിച്ച കേരളത്തിലേക്ക് വന്നത് എന്നാണ് കൂടുതൽ ആളുകൾ ചോദിക്കുന്നത്. ഡിവോഴ്സായിട്ടുണ്ടാകും അതാണ് പോന്നത് എന്നൊക്കെയാണ് ആളുകൾ പറയുന്നത്. എന്താണ് ഇത്തരക്കാരോട് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. എനിക്ക് വട്ടാണ് എന്നൊക്കെ ചിലർ സ്ഥാപിക്കുകയാണ്. ഇങ്ങനെയുള്ള ആളുകൾക്ക് ഞാൻ എന്ത് മറുപടിയാണ് നൽകേണ്ടത്.
മുപ്പത്തിനാല് വർഷത്തോളം കേരളത്തിൽ തന്നെ വളർന്നയാളാണ് ഞാൻ. ഇവിടെ ആയിരുന്നപ്പോഴാണ് കരിയറിലും ജീവിതത്തിലുമെല്ലാം മാറ്റങ്ങൾ വന്നത്. ലണ്ടനിലെ ജീവിതം ഇവിടത്തേതിലും നല്ലത് തന്നെയാണ്. എങ്കിലും കേരളത്തിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. നെഗറ്റിവ് കാര്യങ്ങൾ ഉണ്ട്, പക്ഷെ അവിടെ എല്ലാമുണ്ട്. ഡിപ്രെഷനും കാര്യങ്ങളുമൊക്കെ ഉണ്ട്. വേണമെങ്കിൽ എനിക്ക് അവിടെ ജോലിക്ക് കേറാവുന്നതേ ഉള്ളൂ. പക്ഷേ എനിക്ക് അതിൽ സംതൃപ്തി കിട്ടില്ല.

ഞാൻ എന്റെ വീട്ടുകാരുമായി നല്ല സ്നേഹത്തിലാണ്. രഞ്ജിത്തിന്റെ കുടുംബമായും നല്ല സ്നേഹത്തിലാണ്. വിവാഹം കഴിഞ്ഞതിനാൽ ഭർത്താവിന്റെ കൂടെ തന്നെ 24 മണിക്കൂറും നിൽക്കണം എന്നൊന്നുമില്ല. നമുക്ക് പരസ്പര സ്നേഹവും വിശ്വാസവുമൊക്കെ ഉണ്ടെങ്കിൽ എവിടെ നിന്നാലും പ്രശ്നമില്ല. ഒരു ജീവിതമാകുമ്പോൾ പലതും സംഭവിക്കാം. വളരെ ചെറിയ ജീവിതമാണ് നമ്മുടേത്. അതിനാൽ തന്നെ അതിൽ മാക്സിമം സന്തോഷത്തോടെ നമ്മൾ ജീവിക്കണം, നിയ പറയുന്നു.
ബിഗ് ബോസിലേക്ക് പോകുന്നതിനെ കുറിച്ചും നിയ മനസുതുറന്നു. 'അങ്ങനെയൊരു പ്ലാനും ഇപ്പോഴില്ല. ഇളയമകന് ഞാനില്ലാതെ ഒന്നും ചെയ്യാനാകില്ല. പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള മനക്കട്ടിയൊന്നും എനിക്കില്ല. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാൽ ഞാൻ കരഞ്ഞു പോകും,' നിയ പറഞ്ഞു. ലണ്ടനിലെ ആദ്യത്തെ കുറച്ചുകാലം രാസമായിരുന്നെങ്കിലും പിന്നീട് കാലാവസ്ഥയുമായി അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായെന്ന് നിയ പറഞ്ഞു. ജോലിക്ക് ഒന്നും പോകാത്തതിനാലാണ് ബോറടി ആയതെന്നും നിയ വീഡിയോയിൽ പറഞ്ഞു.


Click it and Unblock the Notifications