ടാ യൂസഫേ, നിനക്കെന്നെ മനസ്സിലായില്ലേ? ഞാനാ മുഹമ്മദ് കുട്ടി; മമ്മൂട്ടിയുടെ ജീവിതത്തിലെ 'കഥ പറയുമ്പോള്‍' നിമിഷം
സൗഹൃദങ്ങള്‍ക്ക് എന്നും വില കല്‍പ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റര്‍ മമ്മൂട്ടി. അതുപോലെ തന്നെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമെല്ലാം യാതൊരു മറയുമില്ലാതെ തുറന്നു പറയുകയും ചെയ്യും. തന്റെ പഴയ കാല സുഹൃത്തിനെ വണ്ടി നിര്‍ത്തി കണ്ട മമ്മൂട്ടിയുടെ കഥ പറയുകയാണ് സാലിഹ് ഹംസ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പഴയൊരു കഥ പറയുന്നത്.
അഴകളവില്‍ ആരേയും പിന്നിലാക്കും ഈ സുന്ദരി; ചിത്രങ്ങള്‍ ഇതാ
മമ്മൂട്ടിയുടെ മികച്ച സിനിമകളിലൊന്നായ ഒരു വടക്കന്‍ വീരഗാഥയുടെ സമയത്തുണ്ടായ സംഭവങ്ങളാണ് സാലിഹ് വിവരിക്കുന്നത്. ഇത് സംഭവകഥയാണെന്നും മമ്മൂക്ക ചിലപ്പോള്‍ മറന്നിട്ടുണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. സാലിഹിന്റെ പോസ്റ്റ് വായിക്കാം തുടര്‍ന്ന്.

'ഒരു വടക്കന്‍ വീരഗാഥ'യിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ 'ചന്ദനലേപ സുഗന്ധം ചൂടിയതാരോ.. കാറ്റോ.. കാമിനിയോ..' ഗാനരംഗങ്ങളുടെ ഷൂട്ടിംഗ് എന്റെ നാടായ നിലമ്പൂരിലെ പ്രകൃതി രമണീയമായ ചാലിയാര്‍മുക്കില്‍ വെച്ചായിരുന്നു. മൂന്ന് നദികള്‍ കൂടിച്ചേരുന്ന 'ത്രിവേണി സംഗമം' പോലെത്തെ മനോഹരമായ സ്ഥലത്ത്, പൊരിവെയിലില്‍ രണ്ട് ദിവസങ്ങള്‍ മുഴുവന്‍ ചന്തു ചേകവരായ മമ്മൂട്ടിയും ഉണ്ണിയാര്‍ച്ചയായ മാധവിയും ഉള്ള പ്രണയരംഗങ്ങള്‍ ഹരിഹരന്റെ സംവിധാനത്തില്‍ ഛായാഗ്രഹകന്‍ രാമചന്ദ്രബാബു ഭംഗിയായി ഫിലീമിലാക്കി.
അന്നൊക്കെ ഷൂട്ടിന് ടേപ്പ് റിക്കോര്‍ഡറില്‍ പാട്ടിന്റെ കാസറ്റ് ലൗഡ് സ്പീക്കറിലൂടെ പ്ലേ ചെയ്തായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. മാധവിയുടെ അല്‍പ്പ വസ്ത്രധാരണവും മമ്മൂക്കയുടെ പൗരുഷ ശരീരവും വസ്ത്രധാരണവും ഇരുവരുടെയും ഇഴുകിച്ചേര്‍ന്നുള്ള പ്രണയരംഗങ്ങളും കാണാന്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. (ഞാനന്ന് പത്തില്‍ പഠിക്കുന്ന പൊടിമീശക്കാരന്‍ മാത്രം).
ആള്‍ക്കാരുടെ അതിരുവിട്ട കമന്റടികള്‍ക്ക് മമ്മൂക്കയും മാധവിയും കൈവീശി പുഞ്ചിരിക്കുക മാത്രം ചെയ്തു.

വെയിലത്ത് അഭിനയിക്കുന്ന മമ്മൂക്ക സഹികെട്ട് ദേഷ്യം അടക്കിപ്പിടിച്ച് ഇടയ്‌ക്കെപ്പോഴോ അതിരുവിട്ട കമന്റ് വന്നയിടത്ത് നോക്കി പറഞ്ഞു, 'ഞങ്ങള്‍ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നേ.. നിങ്ങള്‍ ഉള്ള ജോലി കളഞ്ഞ് ഞങ്ങളെ കാണാന്‍ വന്നെങ്കില്‍ മിണ്ടാതെ കണ്ട് സഹകരിക്കണം'. അന്നേരം ജനങ്ങള്‍ ആര്‍ത്ത് 'മമ്മൂക്കാ..' വിളിയോടെ അടങ്ങിയൊതുങ്ങി നിന്നു. ഷൂട്ടിംഗ് കഴിഞ്ഞ് കോസ്റ്റ്യും പോലും മാറാതെ, (ഇന്നത്തെപ്പോലെ ലൊക്കേഷനില്‍ വിശ്രമിക്കാനോ കോസ്റ്റ്യും മാറാനോ കാരവാന്‍ സൗകര്യമൊന്നുമില്ലല്ലോ..) മമ്മൂക്ക കാറില്‍ നേരെ ഹോട്ടലിലേക്ക് വിശ്രമിക്കാന്‍ പോകും വഴി, നിലമ്പൂര്‍ ടൂറിസ്റ്റ് ഹോം കെട്ടിടത്തിന്റെ താഴെയുള്ള ജാവിദ് മെഡിക്കല്‍സ് ഷോപ്പിലിരിക്കുന്ന ഉടമയെ പെട്ടെന്ന് തിരിച്ചറിഞ്ഞ് ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

കാറില്‍ ചന്തുവിന്റെ കോസ്റ്റ്യുമില്‍ ഇരിക്കുന്ന മമ്മൂക്ക കൈകൊട്ടി അല്‍പ്പം ഉറക്കെ ആ ആളെ വിളിച്ചു. ഷോപ്പിലെ ആള്‍ കാറിലേക്ക് സൂക്ഷിച്ചുനോക്കി. പുരാതനവസ്ത്രങ്ങള്‍ അണിഞ്ഞ് കാറിലിരിക്കുന്ന മമ്മൂക്കയെ അയാള്‍ക്ക് മനസ്സിലായില്ല. പിടുത്തം കിട്ടുന്നില്ല. ഒന്നാമത്, സിനിമ തീരേ കാണാത്തതിനാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളെ ആരെയും ആ മെഡിക്കല്‍ ഷോപ്പുടമയ്ക്ക് അറിയില്ല. മമ്മൂക്ക ഡ്രൈവറോട് എന്തോ പറഞ്ഞിട്ട് അയാളുടെ അടുത്തേക്ക് വിട്ടു.

ഡ്രൈവര്‍, മെഡിക്കല്‍ ഷോപ്പില്‍ നിന്നുകൊണ്ട് തുറിച്ച് നോക്കുന്ന ഉടമയുടെ അടുത്ത് ചെന്ന്. 'കാറിലിരിക്കുന്നത് നടന്‍ മമ്മൂട്ടിയാണ്. നിങ്ങളോട് ഒന്ന് അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു'. അന്നേരം പെട്ടെന്ന് ബോധം കിട്ടിയത് പോലെ അയാള്‍ കാറിനരികില്‍ ചെന്നു. മമ്മൂക്ക പരിചിതഭാവത്തില്‍ ചിരിച്ചു. 'ടാ.. യൂസഫേ.., സുഖമാണോ? നിനക്കെന്നെ മനസ്സിലായില്ലേ?
ഞാനാ മുഹമ്മദ് കുട്ടി, മമ്മൂട്ടി എന്നാണറിയപ്പെടുന്നേ. നമ്മള്‍ ഒരുമിച്ച് മഞ്ചേരി ശ്രീധരന്‍ വക്കീലിന്റെ കീഴില്‍ പ്രാക്ടീസ് ചെയ്തവരല്ലേ..'

യൂസഫ്ക്ക മമ്മൂക്കയെ തിരിച്ചറിഞ്ഞ സന്തോഷത്തില്‍ കടയിലേക്ക് ക്ഷണിച്ചെങ്കിലും ആള്‍ക്കാര്‍ തിരിച്ചറിഞ്ഞ് ചുറ്റും കൂടിയാല്‍ പ്രശ്നാവുംന്നൊക്കെ പറഞ്ഞ് മമ്മൂക്ക കാറില്‍ തന്നെയിരുന്നു. യൂസഫ്ക്ക പറഞ്ഞു, 'അല്ല മുഹമ്മദ് കുട്ടീ.., നമ്മള്‍ വക്കീല്‍ പണി പഠിച്ചെങ്കിലും, ഞാന്‍ മെഡിക്കല്‍ ഷോപ്പിലും നീയ് സിനിമേലും പെട്ടുപോയി ല്ലേ..? അതുമല്ല, നിന്നെ ഈ പുരാണാവതാര വേഷത്തില്‍ കണ്ടാല്‍ സ്വന്തം ഉമ്മ ഉപ്പ വരെ തിരിച്ചറീല!' 'ഹേയ്.. ഇത് പുരാണ അവതാരമൊന്നുമല്ല. ഇത് ചന്തുവാ, ചന്തു ചേകവര്‍' മമ്മൂക്ക പറഞ്ഞു.

മമ്മൂക്ക സ്വതസിദ്ധമായ പല്ലുകള്‍ കാട്ടിയുള്ള പൊട്ടിച്ചിരിയോടെ കാറില്‍ കുലുങ്ങികൊണ്ട് ഇരുന്നു. അന്നേരം ആളുകള്‍ താരത്തെ തിരിച്ചറിഞ്ഞ് ചുറ്റും കൂടാന്‍ തുടങ്ങിയതും മമ്മൂക്ക പഴയ സഹപ്രവര്‍ത്തകനോട് യാത്ര പറഞ്ഞ് ഡ്രൈവറോട് വണ്ടി അവിടെ നിന്നും വേഗം എടുക്കാനാവശ്യപ്പെട്ടു. കാര്‍ പോയപ്പോള്‍, ഓടിക്കൂടിയ ചിലര്‍ വിശ്വസിക്കാനാവാതെ യൂസഫ്ക്കയോട് 'ആ പോയത് മമ്മൂട്ടിയല്ലേ?!' എന്ന് ചോദിച്ചപ്പോള്‍, 'ഹേയ്.. അതേതോ ഒരു ചന്തു ചേകവരാണ്. തലവേദനയ്ക്കുള്ള ഗുളിക ചോദിച്ച് വന്നതാ' യൂസഫ്ക്ക ശാന്തമായി അറിയിച്ചു. ഇത് സംഭവകഥയാണ്. സത്യം അറിയുന്ന യൂസഫ്ക്ക വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയി. അദ്ദേഹത്തിന്റെ ജാവിദ് മെഡിക്കല്‍സ് ഷോപ്പ് ഇന്നില്ലെങ്കിലും മകന്‍ ജാവിദ് ഇന്നുമുണ്ട്. ചിലപ്പോള്‍, മമ്മൂക്കയും ഈ സംഭവം മറന്നിട്ടുണ്ടാവില്ല എന്ന് തോന്നുന്നു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications