കുഞ്ഞിന്റെ മതം സംബന്ധിച്ച് മുന്നേ തന്നെ തീരുമാനം എടുത്തിട്ടുണ്ട്; ഞങ്ങളുടെ വിവാഹം നടന്നത് അതുകൊണ്ട് മാത്രം!
വിവാഹത്തെക്കുറിച്ചും മകന്റെ മതം ഏതായിരിക്കും എന്നതിനെ കുറിച്ചും മനസ്സുതുറക്കുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷ് ക്രിസ്റ്റിയും. സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തി പിന്നീട് മിനിസ്‌ക്രീനിൽ തിളങ്ങിയ താരങ്ങളാണ് ഇരുവരും. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിട്ടുള്ളതാണ് ചന്ദ്ര ലക്ഷ്മൺ. അതുപോലെ ടോഷും നിരവധി ശ്രദ്ധേയ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്‌തിയാണ്.
ഇവരുടെ വിവാഹവും കുഞ്ഞിന്റെ ജനനവുമൊക്കെ ആരാധകർ അടുത്തിടെ ആഘോഷമാക്കിയ സംഭവങ്ങളാണ്. 2021 ലായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന പ്രണയവിവാഹമായിരുന്നു ഇവരുടേത്. രണ്ടു മതത്തിൽ പെട്ടവരാണെങ്കിലും വീട്ടുകാർ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവർക്ക് ഒരു ആൺ കുഞ്ഞ് ജനിച്ചത്.

ഇപ്പോൾ മകനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ടോഷും ചന്ദ്രയും. എന്നാൽ വീട്ടുകാർ സമ്മതിച്ചത് കൊണ്ട് മാത്രമാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് പറയുകയാണ് ഇരുവരും ഇപ്പോൾ. സമ്മതിച്ചില്ലെങ്കിൽ പിരിയാനുള്ള തീരുമാനം എടുത്തിരുന്നുവെന്നും. ഒരു കുഞ്ഞുണ്ടായാൽ കുഞ്ഞിന്റെ മതം സംബന്ധിച്ച് പോലും തീരുമാനം എടുത്തിരുന്നു എന്നാണ് ഇവർ പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ.

'ചെന്ന് കെട്ടിച്ചു തരുമോ എന്നൊരു ചോദ്യമൊന്നും ഞങ്ങളുടെ വിവാഹത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. ഞങ്ങൾ രണ്ടുപേരും വീട്ടിൽ പറഞ്ഞു. രണ്ടു കൂട്ടരും സമ്മതിക്കുകയും ചെയ്തു. അതുകൊണ്ടാണ് വിവാഹത്തിലേക്ക് എത്തിയത്,'
'ഞങ്ങൾ പ്രണയിച്ചു നടന്ന് വിവാഹത്തിലേക്ക് എത്തിയവരാണ് എന്നൊന്നും പറയാൻ പറ്റില്ല. ഞങ്ങൾ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ടു. പരസ്‌പരം വിവാഹിതരാവാമെന്ന് തിരിച്ചറിയുന്ന സമയത്ത് നമ്മൾ വീട്ടിൽ പറയുകയായിരുന്നു. അത് വീട്ടുകാർ സമ്മതിച്ചില്ലായിരുന്നെങ്കിൽ വിവാഹത്തിലേക്ക് ഞങ്ങൾ എത്തില്ലായിരുന്നു. അത് ഉറപ്പിച്ചിട്ടാണ് ഞങ്ങൾ മുന്നോട്ട് പോയത്,'

'പ്രണയത്തിലായിട്ട് അപ്പനും അമ്മയും എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ചു ചാടി പോന്നത് ഒന്നുമല്ല. വീട്ടുകാരുടെ സമ്മതത്തോടെ ആണ്. രണ്ടു വീട്ടുകാരും ഒരുപോലെ പറഞ്ഞത്, നിങ്ങൾക്ക് അത് കംഫർട്ട് ആണെങ്കിൽ നോക്കിക്കോളൂ എന്നാണ്. അല്ലാതെ ഇതിനകത്ത് വില്ലന്മാരായി ആരും ഉണ്ടായിരുന്നില്ല,' ടോഷ് പറഞ്ഞു.
വീട്ടിൽ പറഞ്ഞപ്പോൾ, അപ്പ ടോഷിനെ കണ്ടിട്ടുണ്ടായിരുന്നു. നല്ല ഒരാളാണ് എന്നാണ് പറഞ്ഞത്. അപ്പോൾ അമ്മയ്ക്കും സമ്മതമായി. ഇത്ര എളുപ്പമായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഒരു വില്ലനിസം ഒന്നുമുണ്ടാവാത്തതിന്റെ വിഷമമുണ്ടെന്നും ചന്ദ്ര പറയുന്നുണ്ട്.

'ഞങ്ങളുടേത് ഒരു കസ്റ്റമൈസ് വെഡിങ് ആയിരുന്നു. രണ്ടുപേരുടെയും വിശ്വാസത്തിൽ ഉള്ള കാര്യങ്ങൾ ചേർത്താണ് ചടങ്ങുകൾ നടത്തിയത്. ജാതി മത വിശ്വാസങ്ങൾ ഇല്ലാതെ ഒരു മാതൃകയാവുക എന്നതൊന്നും അല്ല ചിന്തിച്ചത്. പകരം രണ്ടു പേരും വളർന്ന് വന്ന ഒരു പശ്ചാത്തലമുണ്ട്. ഇത് രണ്ടും മാറേണ്ട ആവശ്യമില്ല. ഇതിനെ ബഹുമാനിച്ചാൽ മതി. എനിക്കും ചന്ദുവിനും ഇപ്പോഴും ഞങ്ങളുടേതായ വിശ്വാസങ്ങളുണ്ട്. രണ്ടു കൂട്ടർക്കും അതിന്റെതായ സ്‌പേസും നൽകിയിട്ടുണ്ട്,'

'രണ്ടു മതങ്ങൾ തമ്മിലല്ലല്ലോ വിവാഹം രണ്ടു വ്യക്തികൾ തമ്മിൽ അല്ലെ. ഇനിയുള്ള കാലങ്ങളിൽ ഇതുപോലെയുള്ള വിവാഹങ്ങൾ ആയിരിക്കും. പരസ്‌പര ബഹുമാനവും മറ്റും ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം,' ഇരുവരും പറഞ്ഞു.
'മോനെ സംബന്ധിച്ച് ഞങ്ങൾ ആഗ്രഹിക്കുന്നത്, അവൻ വളർന്നു വരുമ്പോൾ ഞങ്ങൾ രണ്ടു മതത്തെ കുറിച്ചും പറഞ്ഞ് കൊടുക്കും. അവൻ തീരുമാനിച്ചോട്ടെ. ഞങ്ങൾ വീട്ടിൽ കല്യാണ കാര്യം പറയും മുന്നേ പരസ്‌പരം സംസാരിച്ച് തീരുമാനിച്ച കാര്യമാണിത്,' ഇരുവരും പറഞ്ഞു.


Click it and Unblock the Notifications