അമ്മ മരിച്ചു, നീലു അമ്മയെ കാണണമെന്ന് പറഞ്ഞ് വീട്ടിലെത്തി! മോൾ പേടിച്ചു; ആരാധകനെ കുറിച്ച് നിഷ സാരംഗ്
ജനപ്രീയ പരമ്പരയാണ് ഉപ്പും മുളകും. മലയാളത്തിലെ സിറ്റ് കോമുകളുടെ ചരിത്രത്തില്‍ ഉപ്പും മുളകും പോലെ ജനപ്രീതി നേടിയ മറ്റൊരു പരമ്പര ഉണ്ടാകില്ല. പരമ്പരയിലെ കഥാപാത്രങ്ങൾ എന്നതിലുപരി തങ്ങളുടെ തൊട്ടടുത്ത വീട്ടിലുള്ളവരെ പോലെയും ബന്ധുക്കളെ പോലെയുമൊക്കെയാണ് മലയാളികൾക്ക് ഉപ്പും മുളകും കുടുംബത്തെ കാണുന്നത്. അതുകൊണ്ട് തന്നെയാണ് ഒരിക്കല്‍ നിര്‍ത്തി വച്ചിട്ടും പ്രേക്ഷകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉപ്പും മുളകും വീണ്ടും ആരംഭിക്കേണ്ടി വന്നത്.
ഉപ്പും മുളകും കുടുംബത്തിലെ ബാലുവും നീലുവും ലച്ചുവും കേശുവും ശിവയും മുടിയനും പാറുക്കുട്ടിയുമൊക്കെ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്. ഇത്രത്തോളം മലയാളികള്‍ സ്‌നേഹിച്ച മറ്റൊരു ഓണ്‍ സ്‌ക്രീന്‍ കുടുംബം ഉണ്ടാകില്ലെന്നുറപ്പാണ്. ഓഫ്‌സ്ക്രീനിലും മലയാളികൾ ഈ സ്നേഹം അവരോട് കാണിക്കാറുണ്ട്. ഇപ്പോഴിതാ സ്നേഹം കൊണ്ട് തമിഴ് നാട്ടിൽ നിന്നും തന്നെ കാണാനെത്തിയ ആരാധകനെ കുറിച്ച് പറയുകയാണ് നടി നിഷ സാരംഗ്.

പരമ്പരയിൽ നീലു എന്ന അമ്മ കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. അമ്മയോടെന്ന പോലെയുള്ള സ്നേഹം പലർക്കും തന്നോട് ഉണ്ടെന്ന് നിഷ പറയുന്നു. ഒരുപാട് കുട്ടികൾ അങ്ങനെ കാണാൻ വരാറുണ്ടെന്നും അതുപോലെ വന്ന ഒരാളാണ് തമിഴ്‌നാട്ടിലെ ഒരു ആരാധകനെന്നും നിഷ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഷ സാരംഗ്.
'ഒരുപാട് കുട്ടികളൊക്കെ കാണാൻ വന്നിട്ടുണ്ട്. വീട്ടിലൊക്കെ വന്നിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നൊരു പയ്യൻ അവന്റെ അമ്മ മരിച്ചു എന്നൊക്കെ പറഞ്ഞ് വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ ഉപ്പും മുളകും ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു. മൂത്ത മോളും കുട്ടിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവൾ പേടിച്ചിട്ട് വിളിച്ചു. പത്ത് ഇരുപത്തിമൂന്ന് വയസുള്ള ഒരു പയ്യനാണ് വന്നത്. അമ്മയെ കണ്ടിട്ടേ പോകൂ എന്നൊക്കെ പറഞ്ഞാണ് വന്നത്. വലിയ ബാഗൊക്കെ ഉണ്ടായിരുന്നു. അതൊക്കെ അവിടെ വെച്ച് അവിടെ തന്നെ നിന്നു',
'അമ്മ വരാൻ വൈകുമെന്ന് മോൾ പറഞ്ഞു. പക്ഷേ ആൾ ബാഗൊക്കെ അവിടെ വെച്ച് കിടന്നുറങ്ങി. മോൾ പേടിച്ച് കരയാൻ തുടങ്ങി. പിന്നെ ഞാൻ ചെന്നു. എന്റൊപ്പം ഉണ്ടായിരുന്നവർ അവനെ വഴക്ക് പറയാൻ തുടങ്ങി. ഒരു പെൺകുട്ടി മാത്രമുള്ള വീടിന്റെ മുന്നിൽ ഇങ്ങനെ വന്നു നിൽക്കുന്നത് ശരിയല്ലല്ലോ എന്ന രീതിയിൽ. പക്ഷെ എനിക്ക് വിഷമം വന്നുപോയി. ഒരു അമ്മയില്ലാത്തതിന്റെ ദുഃഖം അത് ഇല്ലാത്തവർക്കേ അറിയൂ',

'കുട്ടികൾ വാശിപിടിക്കുന്നതും ദേഷ്യപ്പെടുന്നതും എല്ലാം അമ്മമാരുടെ അടുത്താണ്. നമ്മളെ വഴക്ക് പറയില്ലെന്നും നമ്മളെ വിട്ടു പോകില്ലെന്നും നമ്മളെ ഉപേക്ഷിക്കില്ലെന്നും നമുക്ക് അറിയുന്ന ഒരാളാണ്. ആ അമ്മയെ നഷ്ടപ്പെട്ട് കഴിയുമ്പോഴാണ് അതിന്റെ വാല്യൂ മനസിലാകുന്നത്. ഞാൻ ആ പയ്യനെ കണ്ടു, സംസാരിച്ചു. എന്നിട്ടാണ് ആ പയ്യൻ പോയത്. തമിഴ്നാട്ടിലൊക്കെ ഉപ്പും മുളകിനും ഒരുപാട് ആരാധകർ ഉണ്ട്. ഒരുപാട് പേർ കാണുന്നുണ്ട്', നിഷ സാരംഗ് പറഞ്ഞു.
അതേസമയം മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് നിഷ സാരംഗ്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീടാണ് മിനിസ്ക്രീനിലേക്ക് ചുവടുവയ്ക്കുന്നത്. എന്നാൽ ഉപ്പും മുളകിലെ അമ്മ വേഷമാണ് നിഷയെ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ഉപ്പും മുളകിന് ശേഷം നിരവധി സിനിമകളിലും അമ്മ വേഷങ്ങളിൽ നിഷ എത്തിയിരുന്നു. അർജുൻ അശോകൻ നായകനായ തീപ്പൊരി ബെന്നിയാണ് നിഷ ഒടുവിൽ അഭിനയിച്ച ചിത്രം.


Click it and Unblock the Notifications











