'ആദ്യത്തെ കുഞ്ഞിന്റെ മരണം കഴിഞ്ഞ് ഏറ്റവും വേദനിപ്പിച്ചത് പത്താമത്തെ കുഞ്ഞിന്റെ മരണം'; അന്നമ്മ പറയുന്നു
താരമായി മാറാൻ ഇന്ന് സിനിമയിലോ സീരിയലിലോ അഭിനയിക്കണമെന്നില്ല. സോഷ്യൽ മീഡിയ മാത്രം മതി. അൽപം ക്രിയേറ്റിവിറ്റിയും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കിൽ ആർക്കും വലിയ താരമാകാം. സിനിമാ താരങ്ങളേക്കാൾ പ്രശസ്തരായ നിരവധി സോഷ്യൽ മീഡിയ താരങ്ങൾ ഇക്കാലത്തുണ്ട്. ചിലരൊക്കെ വീട്ടിലെ ഒരംഗത്തെ പോലെ പലർക്കും പ്രിയപ്പെട്ടവരാണ്. അതിലൊരാളാണ് അന്നമ്മ എന്ന പേരിൽ അറിയപ്പെടുന്ന ഉഷ മാത്യു.
സമന്വയം എന്ന ഫേസ്ബുക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും മലയാളികൾക്ക് സുപരിചിതയായ വ്‌ളോഗറാണ് അന്നമ്മ. ഫുഡ് വ്ലോഗുകളിലൂടെ ശ്രദ്ധനേടിയിട്ടുള്ള അന്നമ്മ വിവിധ ടെലിവിഷൻ പരിപാടികളിൽ കുക്കറി ഷോകളുടെയും ഭാഗമായിട്ടുണ്ട്. കൂടാതെ ഒരു സംരംഭകയും കൂടെയാണ് താരം. ജീവിതത്തിൽ പൊരുതി ജയിച്ചു വന്നയാളാണ് അന്നമ്മ. പ്രണയിച്ചു വിവാഹം കഴിച്ച അന്നമ്മയ്ക്ക് രണ്ടു മക്കളാണ് ഉള്ളത്. എന്നാൽ ഇതിനിടയിൽ പത്ത് കുഞ്ഞുങ്ങളെ അന്നമ്മയ്ക്ക് നഷ്ടമായി.

ഇപ്പോഴിതാ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആ കഥ പങ്കുവച്ചിരിക്കുകയാണ് അന്നമ്മ. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന പ്രണയവിവാഹമായിരുന്നു അന്നമ്മയുടേത്. 'ഇരുപതാം വയസിലായിരുന്നു വിവാഹം. ഇരുപത്തൊന്നാം വയസിലാണ് ആദ്യമായി ഗർഭിണിയാകുന്നത്. രണ്ടുമൂന്നു മാസം കഴിഞ്ഞാണ് അറിയുന്നത്. ഏഴുമാസം കഴിഞ്ഞു ഒരു ദിവസം കാലിലൂടെ എന്തോ ഒഴുകി വരുന്നു, നോക്കിയപ്പോൾ ഫ്ലൂയിഡാണ്',
'ഒന്നുകിൽ അമ്മ അലെങ്കിൽ കുഞ്ഞ് എന്നാണ് ഹോസ്പിറ്റലുകാർ പറഞ്ഞത്. കുഞ്ഞിനെ കിട്ടിയാൽ നോർമൽ ബേബി ആകില്ലെന്നും പറഞ്ഞു. കുഞ്ഞ് ജനിച്ചു. ഏഴു ദിവസം ഐസിയുവിൽ, അതുകഴിഞ്ഞ് എന്നോട് വന്നു പറഞ്ഞു ഇനി വച്ചിട്ടും കാര്യമില്ല, തലച്ചോറിലേക്കുള്ള വെയ്ൻ പൊട്ടി, കുഞ്ഞ് മരിച്ചുവെന്ന്. ഞാൻ സമ്മതിച്ചാൽ അതിൽ നിന്നും പുറത്തെടുക്കാമെന്ന്. എന്റെ കുഞ്ഞിനെ കൊല്ലുന്നത് എന്നോട് എന്തിനാ ചോദിക്കുന്നത് എന്ന് ഞാൻ ചോദിച്ചു',
'രക്ഷപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടേൽ ഡോക്ടർ അത് ചെയ്തേനെ എന്ന് പറഞ്ഞു. എനിക്കൊന്നു കാണണമെന്ന് പറഞ്ഞപ്പോൾ കുഞ്ഞിനെ പൊതിഞ്ഞ് എന്റെ കയ്യിൽ കൊണ്ട് തന്നു. ഞാൻ രണ്ടുമണിക്കൂർ കുഞ്ഞിനെ പൊത്തിപിടിച്ചിരുന്നു. മാമോദീസ കൊടുക്കാതെ കുഞ്ഞിനെ പള്ളിയിൽ അടക്കില്ലെന്ന് പള്ളിക്കാർ ആദ്യം പറഞ്ഞു. വീട്ടിൽ അടക്കം ചെയ്യാം എന്ന് ഞാൻ പറഞ്ഞപ്പോഴാണ് അവർ സമ്മതിച്ചത്', അന്നമ്മ പറയുന്നു.
'രണ്ടു വർഷം കഴിഞ്ഞു വീണ്ടും ഗർഭിണിയായി. നന്നായി സൂക്ഷിച്ചു. ഷുഗറായിരുന്നു പ്രശ്‍നം. തുടക്കം മുതൽ ഇൻസുലിൻ എടുത്തിരുന്നു. ഏഴര മാസത്തിലെ എന്റെ വയർ കണ്ടാൽ എനിക്ക് തന്നെ പേടിയാവുമായിരുന്നു. സ്കാൻ ചെയ്തപ്പോൾ കുട്ടിക്കും നല്ല വെയിറ്റ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഏഴര മാസത്തിൽ ചെക്കപ്പിന് പോയപ്പോൾ, ബിപി വേരിയേഷൻ ഉള്ളതുകൊണ്ട് ഉടനെ സർജറി നടത്തണമെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ഒരു മോനെ ഞങ്ങൾക്ക് കിട്ടി',
'ഇനിയും ഇതുപോലെ സംഭവിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് ഇനി ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കരുതെന്ന് ഡോക്ടർ പറഞ്ഞു. പ്രസവം നിർത്തിയിലെങ്കിലും മോന് നാല് വയസ്സാകുന്നത് വരെ ഞങ്ങൾ ഇനി ഒരു കുട്ടി വേണ്ടെന്ന് തീരുമാനിച്ചിരുന്നു. സ്കൂളിൽ പോയി തുടങ്ങിയപ്പോൾ അവന് ഏകാന്തത തോന്നി തുടങ്ങി, ഒരു കുട്ടി വേണമെന്നുള്ളത് അവന്റെ ആവശ്യമായി മാറി. അതിനുശേഷം ഞങ്ങൾ വീണ്ടും ശ്രമിച്ചു. ആദ്യം പ്രഗ്നന്റായത് അഞ്ചുമാസം കഴിഞ്ഞപ്പോൾ അബോർഷനായി',

'ആറാമത്തേത് ഇരട്ടകളായിരുന്നു ട്യൂബ് പ്രഗ്നൻസി ആയതുകൊണ്ട് അബോർഷൻ ചെയ്യേണ്ടി വന്നു. ഏഴു വയസ്സായപ്പോൾ എന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി മോൻ ഇനി ഒരു കുഞ്ഞു വേണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് ഞങ്ങൾക്ക് ഒരു കുഞ്ഞു കൂടി വേണമെന്ന മോഹം തുടങ്ങിയത്. അതിനുശേഷം ആറുമാസം, ഒരു വർഷം വ്യത്യാസത്തിലാണ് എല്ലാം സംഭവിച്ചത്. എനിക്ക് കിട്ടിയ മോളും എന്റെ മോനും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്',
'അവനിപ്പോൾ 22 വയസ്സും അവൾക്ക് 12 വയസ്സുമാണ്. പന്ത്രണ്ടാമത്തെ കുഞ്ഞാണ് എന്റെ മോൾ. ഏഴുമാസത്തിൽ വയറ്റിൽ കിടന്ന ഒരു കുഞ്ഞു മരിച്ചിട്ടുണ്ട്. ആദ്യത്തെ കുഞ്ഞു മരിച്ചു കഴിഞ്ഞതിൽ പിന്നെ ഏറ്റവുമധികം വേദനിപ്പിച്ചത് പത്താമത്തെ കുഞ്ഞിന്റെ മരണമാണ്. ഒമ്പത് മാസത്തിന് ശേഷമാണ് ആ കുഞ്ഞ് വയറ്റിൽ കിടന്നു മരിച്ചത്. അബോർഷനായി പോയതല്ലാതെ മരിച്ച എല്ലാ കുഞ്ഞുങ്ങളെയും ഞാൻ കണ്ടിട്ടുണ്ട്. ഈ കുഞ്ഞിനെ കാണണമെന്ന് പറഞെങ്കിലും ഡോക്ടർ സമ്മതിച്ചില്ല', ഉഷ മാത്യു പറഞ്ഞു.


Click it and Unblock the Notifications