ഭർത്താവാണ് ഏറ്റവും വലിയ പിന്തുണ, പുള്ളിയോട് ഡിസ്കസ് ചെയ്തേ എന്തും ചെയ്യൂ; മക്കൾ നല്ല സ്നേഹമാണ്: അപർണ പറഞ്ഞത്
സിനിമ-സീരിയൽ താരം അപർണ നായരുടെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തിരുവനന്തപുരത്തെ വീട്ടിൽ അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിലൊക്കെ സജീവ സാന്നിധ്യമായിരുന്നു അപർണ. മരണത്തിനു തൊട്ടു മുൻപ് പോലും അപർണയുടെ പേജിൽ സന്തോഷത്തോടെയുള്ള പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ നടിയുടെ മരണം പ്രേക്ഷകര്‍ക്കും സുഹൃത്തുക്കള്‍ക്കും സീരിയല്‍ ലോകത്തിനുമൊന്നും ഉള്‍ക്കൊള്ളാനായിട്ടില്ല.
എന്തിനാണ് അപര്‍ണ ജീവനൊടുക്കിയത് എന്ന ചോദ്യമാണ് എല്ലാവരിലും നിന്നും ഉയരുന്നത്. അതിനിടെ അപർണയുടെ പഴയ അഭിമുഖങ്ങളും ശ്രദ്ധനേടുകയാണ്. ഒരിക്കൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ മക്കളെ കുറിച്ചും കുടുംബത്തെക്കുറിച്ചും അപർണ വാചാലയാവുകയുണ്ടായി. ആ വാക്കുകളും ഇപ്പോൾ നൊമ്പരമാവുകയാണ്. ഭർത്താവ് സഞ്ജിത്താണ് തന്റെ കരിയറിലെ ഏറ്റവും വലിയ പിന്തുണയെന്ന് അപർണ അഭിമുഖത്തിൽ പറയുന്നുണ്ട്.

'കല്യാണത്തിന് മുൻപ് അഭിനയിച്ചു തുടങ്ങിയതാണെങ്കിലും കല്യാണം കഴിഞ്ഞാണ് അഭിനയത്തിൽ കൂടുതൽ സജീവമായത്. ഫാമിലി എനിക്ക് ഫുൾ സപ്പോർട്ട് ആണ്, പ്രത്യേകിച്ച് ഹസ്ബൻഡാണ് സപ്പോർട്ട് ചെയ്യുന്നത്. ലൊക്കേഷനിൽ കൊണ്ടുവിടുന്നതും കൂടെനിൽക്കുന്നതും ഒക്കെ പുള്ളിയാണ്. ഓരോ പ്രൊജക്റ്റും പുള്ളിയോട് ഡിസ്കസ് ചെയ്തിട്ടേ ഞാൻ എടുക്കാറുള്ളു. എനിക്ക് നല്ലതെന്ന് തോന്നുന്നത് പുള്ളി പറയാറുണ്ട്, അത്രയും സപ്പോർട്ട് ആണ് പുള്ളി',
'അമ്മയും അച്ഛനുമൊക്കെ എനിക്ക് സപ്പോർട്ടാണ്, അച്ഛൻ മരിച്ചു. അവരൊക്കെ ഉള്ളതുകൊണ്ടാണ് ഞാൻ ഇതുവരെ എത്തിയത്. രണ്ടു പെൺകുട്ടികളാണ് എനിക്ക്, മൂത്തയാൾ ത്രയ, പതിനൊന്നു വയസായി. ഇളയ ആളുടെ പേര് കൃതിക മൂന്നു വയസായി അവൾക്ക്. വീട്ടിൽ ഏറ്റവും കൂടുതൽ ബഹളം ഉണ്ടാക്കുന്ന ആൾ ഞാൻ തന്നെയാണ്.
പിള്ളേർ എന്നോട് എപ്പോഴും പറയും അമ്മയൊന്നു മിണ്ടാതെ ഇരിക്കുമോ എന്ന്. വേറെയൊന്നുമല്ല, ഞാൻ സംസാരിക്കുമ്പോൾ സൗണ്ട് കൂടിപ്പോകും. അല്ലാതെ ഞാൻ ബഹളം വയ്ക്കുന്നതല്ല. പിള്ളേർ രണ്ടും തമ്മിൽ നല്ല സ്നേഹത്തിലാണ്, എന്നാലും കണ്ണു തെറ്റിയാൽ അടികൂടും', എന്നാണ് അപർണ പറഞ്ഞത്.
കരിയറിൽ ചെയ്യാൻ ആഗ്രഹമുള്ള വേഷങ്ങളെ കുറിച്ചും അപർണ അതേ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'എനിക്ക് ആക്ഷൻ ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. അതുപോലെ ഒരു കഥാപാത്രം കിട്ടിയാൽ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. കന്മദത്തിൽ മഞ്ജു ചേച്ചി ചെയ്തപോലെയുള്ള കഥാപാത്രവും മണിച്ചിത്രത്താഴിൽ ശോഭന ചേച്ചി ചെയ്തത് പോലെയുള്ള കഥാപാത്രവും പോലെയുള്ള വെറൈറ്റി കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. അങ്ങനെ ഉള്ള കഥാപാത്രം ഒക്കെ കിട്ടട്ടെ എന്നാണ് എന്റെ പ്രാർത്ഥന', എന്നായിരുന്നു അപർണയുടെ വാക്കുകൾ.

ആത്മസഖി, ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ പരമ്പരകളിലൂടെയാണ് അപർണ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ഇതിനു പുറമെ കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി, മേഘതീർഥം, അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപർണ അഭിനയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 7.30 യ്ക്കാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നടിയുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കുന്നതിലേക്ക് അപർണയെ എത്തിച്ചതെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളിൽ നിന്നും മാെഴിയെടുത്തിട്ടുണ്ട്.


Click it and Unblock the Notifications