കുഞ്ഞുങ്ങളെ വിശ്വാസികളായി തന്നെ വളർത്തണം; സബീന അബ്ദുൽ ലത്തീഫ് ലക്ഷ്മി പ്രിയ ആയതിങ്ങനെ!
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിട്ടുള്ള ലക്ഷ്മി പ്രിയ വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു. ബിഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയും താരം തിളങ്ങി. ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ ലക്ഷ്മ പ്രിയ ബിഗ് ബോസില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഷോയിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു ലക്ഷ്മി പ്രിയ.
ഒരു മുസ്ലിം കുടുംബത്തിൽ ആയിരുന്നു താരത്തിന്റെ ജനനം. അവിടെ നിന്നും ഇന്ന് കാണുന്ന ലക്ഷ്മി പ്രിയയിലേക്ക് എത്തിയതിന് പിന്നിൽ വലിയൊരു കഥ തന്നെയുണ്ട്. ഒരിക്കല്‍ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ ലക്ഷ്മി പ്രിയ അതിഥിയായി എത്തിയിരുന്നു. അന്ന് സബീന അബ്ദുൽ ലത്തീഫ് എന്ന മുസ്ലിം പെൺകുട്ടി ലക്ഷ്മി പ്രിയ ആയത് എങ്ങനെയാണെന്ന് നടി പറയുകയുണ്ടായി. ആ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

'ഭർത്താവ് ഏത് മതം പിന്തുടരുന്നോ കുട്ടികൾ പിന്തുടരേണ്ടത് അതാവണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുട്ടികളെ മതമില്ലാതെ വളർത്തണം എന്ന കോൺസെപ്റ്റിനോടൊന്നും എനിക്ക് യോജിപ്പില്ല. നിങ്ങൾ ഏത് മതത്തിൽ വിശ്വസിക്കുന്നോ ആ മതത്തിൽ വിശ്വാസികളായി തന്നെ കുഞ്ഞുങ്ങളെ വളർത്തണം എന്റെയൊരു കോൺസെപ്റ്റ്. ഞാൻ ചെറുപ്പം മുതൽ തന്നെ ഡാൻസ് പഠിക്കുന്നുണ്ട്. അതിൽ എല്ലാം കൃഷ്ണന്റെയും ദേവിയുടേയുമൊക്കെ കഥകളാണ്. അതുകൊണ്ട് ഹിന്ദു വിശ്വാസത്തോട് ചെറുപ്പം മുതലേ ഒരു താത്പര്യം ഉണ്ടായിരുന്നു',
'എന്റെ അച്ഛന്റെ പേര് കബീർ എന്നാണ്. എന്റെ പേരിനൊപ്പം വന്നിരിക്കുന്നത് ചിറ്റപ്പന്റെ പേരാണ്. എന്റെ അച്ഛനും അമ്മയും ഞാൻ ചെറുതായിരിക്കുമ്പോഴേ ഡിവോഴ്സ് ആയതാണ്. ഞങ്ങൾ മൂന്ന് മക്കളാണ്. അതിൽ ചേച്ചിമാർ രണ്ടുപേരും അമ്മയുടെ വീട്ടിലും ഞാൻ അച്ഛന്റെ വീട്ടിലും ആയിരുന്നു. അമ്മയില്ലാത്ത കുട്ടി ആയിട്ടാണ് ഞാൻ വളർന്നത്. അച്ഛൻ എന്നെ അച്ഛന്റെ വീട്ടിൽ ആക്കിയിട്ട് നാടുവിട്ടു പോയി. ഞാൻ എന്റെ ജീവിതത്തിൽ കുറച്ചു തവണ മാത്രമേ അച്ഛനെ കണ്ടിട്ടുള്ളു',
'അവർ സെപറേറ്റഡ് ആയതിന് ശേഷം ഞാൻ ഭയങ്കര റെബൽ ആയിരുന്നു. അനാവശ്യ പിടി വാശികളും മറ്റുമായിരുന്നു. ചെറുപ്പം മുതൽ അഭിനയിക്കണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. ശോഭനയെ പോലെയൊരു നടിയാകണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അതിന്റെ ഭാഗമായി നാടകത്തിൽ അഭിനയിച്ചിരുന്നു. അതിന്റെ ഭാഗമായി കൊല്ലത്ത് ഒരു നാടക ക്യാമ്പിന് പോയപ്പോഴാണ് ജയേഷേട്ടന്റെ അച്ഛനെ പരിചയപ്പെടുന്നത്',

'അച്ഛനും ഞാനും നല്ല കൂട്ടായിരുന്നു. അപ്പോൾ അച്ഛൻ തന്നെ പറയും നിന്നെ മക്കളെ ആരെയെങ്കിലും കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന്. ഞാൻ അന്ന് അത് പറയല്ലേ മതം ഭയങ്കര പ്രശ്നമാണെന്ന് പറഞ്ഞു. അദ്ദേഹം തമാശപോലെ പറഞ്ഞു വിട്ടതാണ്. അതിനിടെ ജയേഷേട്ടനുമായി ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. അന്ന് എനിക്ക് പാട്ടൊക്കെ പാടി തന്നു. അന്നെനിക്ക് ആൾ കൊള്ളാമല്ലോ എന്ന് തോന്നി. പിന്നീട് ഒരിക്കൽ ജയേഷേട്ടൻ അവിടെ വന്നു. അന്ന് അച്ഛൻ എന്നെ പരിചയപ്പെടുത്തി. പിന്നെ എന്തോ മുൻജന്മ ബന്ധം പോലെ ഞങ്ങൾ ഒന്നായി. കല്യാണം കഴിച്ചു',
'പതിനെട്ടാം വയസിൽ ആയിരുന്നു എന്റെ വിവാഹം. കൊല്ലത്ത് ഒരു അമ്പലത്തിൽ വച്ചായിരുന്നു വിവാഹംനടന്നത്. ആ സമയത്താണ് ഏട്ടനും ആ അമ്പലത്തിലെ മേൽശാന്തിയും കൂടി എന്റെ പേരിടൽ നടത്തുന്നത്. പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ സബീന അബ്ദുൽ ലത്തീഫ് എന്ന ഞാൻ ലക്ഷ്‌മി പ്രിയ ആകുന്നത് ആ നിമിഷം വരെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല, ലക്ഷ്മി പ്രിയ പറഞ്ഞു.


Click it and Unblock the Notifications