'ദൈവം സഹായിച്ച് എനിക്ക് അസുഖങ്ങൾ ഒന്നുമില്ല, ഷുഗറാണോ എന്നൊക്കെ പലരും ചോദിക്കും'; സുബി അന്ന് പറഞ്ഞത്!
നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പ്രേക്ഷകരുമെല്ലാം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബി ഇന്ന് രാവിലെയാണ് വിട പറയുന്നത്. സുബിയുടെ രോഗ വിവരത്തെ കുറിച്ച് അടുത്ത സുഹൃത്തുക്കൾക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്.
ആണുങ്ങൾ മാത്രം തകർത്തിരുന്ന മിമിക്രി വേദിയിലേക്ക് ആദ്യ കാലങ്ങളിൽ കടന്നു വന്ന സ്ത്രീകളിൽ ഒരാളാണ് സുബി സുരേഷ്. വേദികളിൽ പൊട്ടിച്ചിരി തീർത്തിട്ടുള്ള താരം പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായിരുന്നു. മിമിക്രി വേദികളിൽ നിന്ന് പിന്നീട് ടെലിവിഷനിലും ബിഗ് സ്ക്രീനിലും സജീവമായതോടെ സുബിക്കുള്ള ജനപ്രീതി വർധിക്കുകയായിരുന്നു.

കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിലൊക്കെ സജീവമായ സുബി, സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. തന്റെ വീട്ടുവിശേഷങ്ങളും താരങ്ങളുടെ അഭിമുഖങ്ങളുമൊക്കെ നടി അതിലൂടെ പങ്കുവച്ചിരുന്നു. പ്രേക്ഷകരുമായി സുബി കൂടുതൽ അടുക്കുന്നത് അപ്പോൾ മുതലാണ്.
എങ്കിലും തന്റെ ഈ രോഗ വിവരം നടി പ്രേക്ഷകരെ അറിയിച്ചിരുന്നില്ല. ഇരുപത് ദിവസത്തോളമായി സുബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതൊന്നും ആരും അറിഞ്ഞിരുന്നില്ല. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികൾ പൂർത്തിയായപ്പോഴേക്കും ആരോഗ്യ സ്ഥിതി മോശമായി. ന്യുമോണിയ ബാധിച്ചതോടെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

എന്നാൽ മുൻപൊരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് അസുഖങ്ങൾ ഒന്നുമില്ലെന്ന് ആണ് സുബി പറഞ്ഞത്. നടിയുടെ പെട്ടെന്നുള്ള ട്രാൻസ്ഫോർമേഷൻ അന്ന് ആരാധകരെ ഞെട്ടിച്ചിരുന്നു. വർക്ക് ഔട്ടും ഫുഡ് കൺട്രോളിങ്ങുമൊക്കെയായി നടക്കുന്ന താൻ ആരോഗ്യവതിയാണെന്ന് നടി പറഞ്ഞിരുന്നു. ലോക്ക് ഡൗൺ സമയത്ത് നൽകിയാതായിരുന്നു അഭിമുഖം.

ലോക്ക് ഡൗണിന് മുമ്പേ ഞാൻ ഡയറ്റ് തുടങ്ങിയിരുന്നു. സ്വയം തിരഞ്ഞെടുത്ത ഡയറ്റ് പ്ലാൻ ആണ് ഫോളോ ചെയ്യുന്നത്. ഫുഡ് കൺട്രോളിനൊപ്പം വർക്കൗട്ടും ഉണ്ട്. നേരത്തെ ജിമ്മിൽ പോയിരുന്നു. ലോക്ക് ഡൗൺ ആയപ്പോൾ ജീവിത ക്രമത്തിലും മാറ്റം വന്നു രാവിലെ നേരത്തേ എഴുന്നേൽക്കാൻ തുടങ്ങി. ദിവസേന മൂന്നര ലിറ്ററോളം ഇളം ചൂടു വെള്ളം കുടിക്കാൻ തുടങ്ങി.
നോൺ വെജ് ഉൾപ്പടെയുള്ള മറ്റൊരു ഭക്ഷണത്തോടും എനിക്ക് വലിയ താൽപര്യമില്ല. പ്രോഗ്രാമൊക്കെ കഴിഞ്ഞ് എത്ര വൈകി വന്നാലും നമ്മ എനിക്ക് ചോറ് എടുത്ത് വച്ചിട്ടുണ്ടാകും മധുരം അങ്ങനെ കഴിക്കാറില്ല. ചായയും കാപ്പിയും ഉപയോഗിക്കില്ല. ബേക്കറി പലഹാരങ്ങളും പതിവില്ല. ലോക്ക് ഡൗൺ സമയത്ത് 6 കിലോയോളം പെട്ടെന്ന് കുറഞ്ഞു.

ഇപ്പോൾ ചോറ് കഴിക്കാൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും തടി കൂടാതെ ശ്രദ്ധിക്കുന്നുണ്ട്. തടി കുറഞ്ഞപ്പോൾ പലരും ചോദിക്കുന്നത് ഷുഗർ ആണൊന്നാണ്. ദൈവം സഹായിച്ച് എനിക്ക് അസുഖങ്ങളൊന്നുമില്ല. സത്യത്തിൽ എനിക്ക് വണ്ണം വച്ചത് ആഹാരം കഴിച്ചിട്ടല്ല തൈറോയിഡ് പോലെ ചില ആരോഗ്യപ്രശ്നങ്ങളായിരുന്നു കാരണമെന്നാണ് സുബി പറഞ്ഞത്.

എന്ത് ചെയ്യുമ്പോഴുമുള്ള തന്റെ പേടിയെ കുറിച്ചും നടി പറഞ്ഞിരുന്നു. യൂട്യൂബ് ചാനൽ തുടങ്ങുന്നതിലും പോലും പേടി ഉണ്ടായിരുന്നു. പക്ഷെ ബോറടിക്കാൻ തുടങ്ങിയപ്പോഴാണ് യൂട്യൂബ് ചാനലൊക്കെ തുടങ്ങിയതെന്ന് സുബി പറഞ്ഞത്. ഒരു പ്രത്യേക വിഷയത്തിൽ ഫോക്കസ് ചെയ്യാതെ ട്രാവൽ, ഫൂഡ്, ഫാഷൻ ഡയറ്റ്, ചാറ്റ്, ലൈഫ് എക്സ്പീരിയൻസ് തുടങ്ങി എല്ലാ കാര്യങ്ങളും സുബി തന്റെ ചാനലിലൂടെ പങ്കുവച്ചിരുന്നു.


Click it and Unblock the Notifications