ഡയറക്ടർ ഒപ്പിച്ച പണി!, ഞങ്ങൾ വീണു; പ്രണയത്തിലായതിനെ കുറിച്ച് ജിഷിനും വരദയും പറഞ്ഞത്
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിനും വരദയും. ഓൺ സ്‌ക്രീനിൽ ഒന്നിച്ച താരങ്ങൾ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ 2014 ൽ ആണ് വിവാഹിതരായത്. അമല എന്ന പരമ്പരയുടെ ഷൂട്ടിനിടെ മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇവർക്ക് ഇപ്പോൾ ഒരു മകനും കൂടിയുണ്ട്.
വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് ഇരുവരും. സോഷ്യല്‍ മീഡിയയിലും വളരെ ആക്റ്റീവാണ് ജിഷിനും വരദയും. മുൻപ് റീലിസിലൂടെയും മറ്റും ഇരുവരും ആരാധകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. ഇതിനെല്ലാം വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ നിലവിൽ ഇവരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായല്ല മുന്നോട്ട് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഇരുവരും ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് ഇപ്പോൾ എത്താറില്ല. മാത്രമല്ല ഇരുവരും വേർപിരിഞ്ഞാണ് താമസം എന്നാണ് വിവരം. വരദ തന്റെ സ്വന്തം വീട്ടിൽ മകനൊപ്പമാണ് താമസം. ജിഷിനും വരദയും വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്ന റിപ്പോർട്ടുകൾ വന്നതോടെ ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വന്നിരുന്നു.
വിവാഹമോചനം നിരസിക്കുകയോ ശരിവെക്കുകയോ ചെയ്തില്ലെങ്കിലും വാർത്തകൾക്കെതിരെ രണ്ടുപേരും രംഗത്ത് എത്തിയിരുന്നു. 'ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രം. ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ... തെറ്റോ ആയിക്കൊള്ളട്ടെ. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്', എന്നാണ് വരദ പറഞ്ഞത്.

'നിങ്ങളാണോ കല്യാണം നടത്തിയത്? ഡിവോഴ്സ് ആയില്ല, ആകുമ്പോൾ അറിയിക്കാം...' എന്നാണ് ജിഷിൻ വളരെ ചോദ്യങ്ങളോട് പ്രതികരിച്ചത്. 'ഞാന്‍ ഡിവോഴ്‌സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നുവെന്ന് വരദ മാസ് മറുപടി കൊടുത്തിട്ടുണ്ട്. അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ്. പ്രേക്ഷകരുടെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാറുണ്ട്. പുറത്തൊക്കെ പോവുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നതും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതും ഇഷ്ടമാണ്. ഡിവോഴ്‌സായില്ല. ആവുമ്പോള്‍ പറയാം. കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത്' എന്നായിരുന്നു ജിഷിന്റെ പ്രതികരണം.
അതേസമയം. ഇവരുടെ മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അമല പരമ്പരയുടെ സെറ്റിൽ വെച്ച് തങ്ങൾ എങ്ങനെയാണു പ്രണയത്തിലായത് എന്ന് ഇരുവരും പറയുന്നതാണ് വീഡിയോ. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥികൾ ആയി എത്തിയപ്പോഴാണ് ജിഷിനും വരദയും ഇക്കാര്യം പറഞ്ഞത്. ഗുജറാത്തുക്കാരിയായ വരദയെ ജിഷിൻ എങ്ങനെയാണു സ്വന്തമാക്കിയത് എന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.

ഡയറക്ടർ ഒപ്പിച്ച പണിയാണ് അതെന്ന് ആയിരുന്നു ജിഷിന്റെ മറുപടി. താരങ്ങളുടെ വാക്കുകളിലേക്ക്. 'അമല ചെയ്യുന്ന സമയത്ത് ഞാൻ വില്ലനും ഇവൾ നായികയുമാണ്. ഡയറക്ടർ പറ്റിച്ച പണിയാണ്. പുള്ളി എന്താണ് ചെയ്തതെന്ന് വെച്ചാൽ അയാൾ എന്നോട് പറഞ്ഞു, 'ജിഷിനെ അവൾക്ക് നിന്നെ ഒരു നോട്ടമുണ്ടെന്ന്,' ഞാൻ ഒന്ന് ചുമ്മാ ഇരുന്നെടാ എന്ന് പറഞ്ഞു വിട്ടു. പിന്നെ ഞാൻ നോക്കുമ്പോൾ ഇവൾ എന്നെ നോക്കുന്നു. പിന്നീട് കൂടുതൽ അടുത്തപ്പോഴാണ് ഞാൻ ആ നഗ്നസത്യം മനസിലാക്കുന്നത്. ഡയറക്ടർ ഇവളോടും എന്നോട് പറഞ്ഞത് തന്നെ പറഞ്ഞിട്ടുണ്ടായി,'
'ഇവൾ നോക്കുന്നുണ്ടോ എന്ന് ഞാനും, ഞാൻ നോക്കുന്നുണ്ടോ എന്ന് ഇവളും നോക്കുന്നത് ആണ് പിന്നെ കാണുന്നത്. അങ്ങനെ നോക്കി പോയതാണ് നമ്മൾ,' ജിഷിൻ പറഞ്ഞു. 'ആദ്യം ഞാൻ കാണുമ്പോൾ ഒരുമാതിരി നോട്ടം ആയിരുന്നു. അലമ്പ് നോട്ടം ആയിരുന്നു. ഇത് എന്താണ് എന്ന് ഞാൻ കരുതി. അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് മനസിലായില്ല. അത് എനിക്ക് ഇഷ്ടമായില്ല. അതിൽ നിന്നാണ് കഥയൊക്കെ അറിഞ്ഞ് പ്രണയത്തിലാവുന്നത്,' വരദ പറഞ്ഞു.


Click it and Unblock the Notifications