'ഞാൻ വിവാഹം കഴിച്ചു കാണണമെന്നത് അമ്മയുടെ ആഗ്രഹമാണ്; സ്നേഹിച്ചയാളെ വേണ്ടെന്ന് വച്ചതിന് കാരണം': സുബി പറഞ്ഞത്
മലയാളി പ്രേക്ഷകരെ ആകെ ഞെട്ടിച്ചിരിക്കുകയാണ് നടി സുബി സുരേഷിന്റെ വിയോഗ വാർത്ത. മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആ താരം ഇനിയില്ല എന്നത് പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. തീർത്തും അപ്രതീക്ഷിതമായിരുന്നു സുബിയുടെ വിയോഗം. കരൾ രോഗബാധിതയായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.
കോമഡി ഷോകളിലൂടെയാണ് സുബി താരമായി മാറുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷന്‍ മേഖലയിലുമെല്ലാം താരമായി മാറുകയായിരുന്നു സുബി. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും സാന്നിധ്യം അറിയിക്കാന്‍ സാധിച്ചിട്ടുണ്ട് സുബിയ്ക്ക്. ധാരാളം സുഹൃത്തുക്കളാണ് സുബിക്ക് മലയാള സിനിമ ലോകത്ത് ഉള്ളത്.

അതേസമയം, അവിവാഹിതയായിരുന്നു താരം. ജീവിതത്തിൽ പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. അടുത്തയിടെ വിവാഹം ഉടനുണ്ടാകുമെന്ന സൂചനകൾ നടി നൽകിയിരുന്നു. അതിനു മുന്നേ നടി വിടപറയുകയായിരുന്നു.
ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ എത്തിയപ്പോൾ താൻ വിവാഹം കഴിച്ചു കാണാനുള്ള അമ്മയുടെ ആഗ്രഹത്തെ കുറിച്ചും. തന്റെ പ്രണയം വിവാഹത്തിലേക്ക് എത്താതിരുന്നതിനെ കുറിച്ചും നടി സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ഞാൻ പ്രണയിച്ചിട്ടൊക്കെ ഉണ്ട്. അത് ലൈഫിലേക്ക് വരില്ല. ലൈഫിലേക്ക് ഉള്ളതല്ല എന്ന് തോന്നിയപ്പോൾ വേണ്ടെന്ന് വെച്ചു. പരസ്‍പരം എടുത്ത തീരുമാനമായിരുന്നു. ആളുടെ കല്യാണം കഴിഞ്ഞു. കല്യാണം കഴിഞ്ഞ ശേഷവും ഞങ്ങൾ കണ്ടിട്ടുണ്ട്. നല്ല സുഹൃത്തുക്കളാണ് എന്നാണ് സുബി പറഞ്ഞത്.
വിവാഹം വേണമെന്നും സുബി പറഞ്ഞു. അതിന് സമയമാവട്ടെ, വീട്ടുകാർക്കൊക്കെ ഞാൻ വിവാഹം കഴിച്ച് കാണണമെന്ന് ആഗ്രഹമുണ്ട്. അമ്മയ്ക്ക് ആ ആഗ്രഹമുണ്ട്. അമ്മ എന്റെ കൂട്ടുകാരിയെ പോലെയാണ്. എന്നെ ഒരു ദിവസം വിളിച്ചിരുത്തിയിട്ട് പറഞ്ഞു നിനക്ക് ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ നമ്മുക്ക് അത് ചെയ്യാം. ആരെയെങ്കിലും ഇഷ്ടപ്പെടാൻ നോക്ക് എന്ന് പറഞ്ഞു.

ആ ലൈസൻസ് കിട്ടിയ ശേഷം എനിക്ക് ആരോടും പ്രണയം തോന്നുന്നില്ല. അതിന് മുൻപ് പ്രണയിച്ചിട്ടുണ്ട്. ഇപ്പോൾ അതില്ല. ഒരു ദിവസം വീണ്ടും എന്നെ വിളിച്ചിരുത്തിയിട്ട് പറഞ്ഞു, നമ്മുക്ക് ഒരു കല്യാണം കഴിച്ച് നോക്കാം. ഒരു കുട്ടിയുണ്ടായാൽ എനിക്ക് അതിനെ നോക്കുകയൊക്കെ ചെയ്യാം. വേറെ ടെൻഷൻ ഒന്നും വേണ്ട. പോണേൽ പോട്ടെ നമ്മുക്ക് ഒന്ന് കഴിച്ചു നോക്കാമെന്ന് വരെ അമ്മ പറഞ്ഞെന്നും സുബി പറയുന്നുണ്ട്.
കല്യാണം കഴിക്കില്ലെന്ന് ഒന്നും ഞാൻ തീരുമാനിച്ചിട്ടില്ല. അറേഞ്ചഡ് മാര്യേജ് എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. ആരെയെങ്കിലും കണ്ട് ഇഷ്ടത്തിലായി അങ്ങനെ വിവാഹം കഴിക്കാമെന്നതേ ഉള്ളു എന്നാണ് സുബി പറഞ്ഞത്.

സ്നേഹിച്ചയാളുമായി പിരിയാനുണ്ടായ കാരണത്തെ കുറിച്ചും സുബി അഭിമുഖത്തിൽ മനസ്സ് തുറന്നിരുന്നു. ഒരു സംസാരത്തിനിടെയിൽ എന്റെ അമ്മയ്ക്ക് ജോലിക്ക് പോകാമല്ലോ എന്നയാൾ ചോദിച്ചു. ഞാൻ അത് എന്തിനാണ് എന്ന് ചോദിച്ചു. എന്റെ ഫാമിലിയെ നന്നായി അറിയുന്ന ആളാണ്. വീട്ടുകാരൊക്കെ ആയി അടുപ്പമുള്ളതാണ്.

അങ്ങനെയൊക്കെ ആണെങ്കിലും എന്നോട് അങ്ങനെ പറയേണ്ട കാര്യം എന്താണെന്ന് എനിക്ക് തോന്നി. ഞാൻ ജോലിക്ക് പോയി കുടുംബം നോക്കുന്നുണ്ട്. അപ്പോൾ അത് പറയേണ്ട കാര്യമില്ലല്ലോ. അങ്ങനെ ഞാൻ ചിന്തിച്ചപ്പോൾ എന്നോട് വല്ലാത്ത സ്നേഹമുണ്ട്. പക്ഷെ എന്നെ വീട്ടിൽ നിന്ന് മൊത്തത്തിൽ പറിച്ചു കൊണ്ട് പോകും അത് എനിക്ക് മനസിലായി.
അതുപോലെ അദ്ദേഹം എനിക്കൊരു ബാങ്ക് അക്കൗണ്ട് എടുത്ത് നൽകി. ഞാൻ സമ്പാദിക്കുന്നത് എന്റെ പേരിൽ തന്നെ സേവ് ചെയ്യണം കുടുംബത്തിലേക്ക് പോകരുത് എന്ന ചിന്ത ആയിരുന്നു അയാൾക്ക് എന്ന് എനിക്ക് തോന്നി. അങ്ങനെയൊക്കെ വന്നപ്പോൾ നമ്മൾ തമ്മിൽ ചേരില്ല എന്ന് പരസ്‌പരം പറഞ്ഞ് പിരിയുകയായിരുന്നു സുബി പറഞ്ഞു.


Click it and Unblock the Notifications











