എട്ടാം ക്ലാസ് മുതൽ വിവാഹാലോചനകൾ, പത്ത് കഴിഞ്ഞപ്പോൾ വിവാഹം; നേരത്തെ വിവാഹം കഴിച്ചതിനെപ്പറ്റി നിഷ പറഞ്ഞത്!
മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിഷ സാരംഗ്. വർഷങ്ങളായി മിനി സ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. ഉപ്പും മുളകും എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെയാണ് നിഷ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലു അമ്മയായിട്ടാകും നിഷയെ കൂടുതൽ പേരും അറിയുന്നത്. വലിയ ജനപ്രീതിയാണ് നിഷയുടെ കഥാപാത്രത്തിന് ഇന്നും ലഭിക്കുന്നത്.
ഉപ്പും മുളകും ഹിറ്റായതോടെ സിനിമകളിലും മികച്ച വേഷങ്ങളാണ് നിഷയെ തേടിയെത്തിയത്. കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് താരം ഇപ്പോൾ. അതേസമയം സ്വകാര്യ ജീവിതത്തിൽ നേരിട്ട പല പ്രതിസന്ധികളെയും അതിജീവിച്ചാണ് നിഷ ഇന്നു കാണുന്ന നിലയിൽ എത്തിയത്. രണ്ട് പെൺകുട്ടികളാണ് നിഷയ്ക്ക് ഉള്ളത്. ഭർത്താവുമായി പിരിഞ്ഞ ശേഷം ഇവരെ രണ്ടുപേരെയും വളർത്തിയത് താരം ഒറ്റയ്ക്കാണ്.

വളരെ ചെറിയ പ്രായത്തിലായിരുന്നു നിഷയുടെ വിവാഹം. ഒരിക്കൽ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിക്കാനുണ്ടായ കാരണവും ജീവിതത്തിൽ കടന്നുപോയ പ്രതിസന്ധികളെ കുറിച്ചും നിഷ സംസാരിച്ചിരുന്നു. ആ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. അച്ഛന്റെ ആഗ്രഹപ്രകാരമാണ് തന്റെ വിവാഹം നേരത്തെ നടത്തിയതെന്ന് നിഷ പറയുന്നു.
'മാർച്ചിൽ പത്താം ക്ലാസ് പരീക്ഷ എഴുതി ഓഗസ്റ്റിൽ എന്റെ വിവാഹം കഴിഞ്ഞു. വളരെ ആർഭാടമായി നടത്തിയ വിവാഹമായിരുന്നു. അച്ഛന്റെ പെങ്ങളുടെ മകനാണ് എന്നെ വിവാഹം ചെയ്തത്. അതായത് മുറച്ചെറുക്കനാണ് വിവാഹം കഴിച്ചത്. എന്തുകൊണ്ടാണ് ഞാൻ നേരത്തെ വിവാഹം കഴിച്ചതെന്ന് ചിലപ്പോൾ എല്ലാവരും ചിന്തിക്കാം. എന്റെ അച്ഛൻ വളരെ വൈകിയാണ് വിവാഹം കഴിച്ചത്. ഞാൻ ജനിക്കുമ്പോൾ തന്നെ അച്ഛന് ഒരുവിധം പ്രായം ഉണ്ട്. അതുകൊണ്ട് അച്ഛന്റെ ആഗ്രഹമായിരുന്നു, ഏകമകളായ എന്നെ ചെറുതിലെ വിവാഹം കഴിപ്പിക്കണം എന്നത്',
'എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വിവാഹാലോചനകൾ വരുന്നുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ തിരക്കായതിനാൽ എന്നെ ശ്രദ്ധിക്കാനൊന്നും അധികം സമയം ലഭിച്ചിരുന്നില്ല. നേരത്തെ കല്യാണം കഴിച്ചുവിട്ടാൽ അവർക്ക് ബിസിനസൊക്കെ നോക്കി മുന്നോട്ട് പോകാമല്ലോ എന്ന് വല്ലതും ചിന്തിച്ചു കാണും. വിവാഹം കഴിഞ്ഞ് പെട്ടെന്ന് തന്നെ രണ്ടു കുട്ടികളായി. പിന്നീട് ചില പ്രശ്നങ്ങളായി. ഞാൻ അച്ഛന്റെയും അമ്മയുടെയും കൂടെ തന്നെയായി',
'രണ്ടാമത്തെ കുട്ടിക്ക് രണ്ടു വയസ് തികഞ്ഞപ്പോൾ ഞങ്ങൾ പിരിഞ്ഞു. പിന്നെ അച്ഛനെ ബിസിനസിൽ സഹായിച്ചു അങ്ങനെ കൂടി. അതിനിടയ്ക്ക് ഭർത്താവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് അങ്ങോട്ട് പോയി. എന്നാൽ വീണ്ടും തിരിച്ചുവന്നു. പിന്നീട് അത് ഡിവോഴ്സിലേക്കെത്തി. അതിനു ശേഷം കുറച്ചു നാൾ വീട്ടിൽ തന്നെ ആയിരുന്നു. അച്ഛൻ മരിക്കുന്നതിന് ഒരു വർഷം മുൻപ് മക്കളുമായി ഞാൻ വേറെ താമസിക്കാൻ തുടങ്ങി',

'ഒറ്റയ്ക്ക് താമസിക്കണം, നീ സ്വന്തമായി ഒരിടം കണ്ടെത്തണം ഞാൻ കൂടെ തന്നെയുണ്ടാകും എന്ന് അച്ഛൻ പറഞ്ഞത് അനുസരിച്ചാണ് മാറുന്നത്. അപ്പോഴേക്കും എന്റെ മൂത്ത ആങ്ങളയുടെ വിവാഹം കഴിഞ്ഞിരുന്നു. ഞാൻ ആർക്കും ബാധ്യത ആകരുതെന്നാണ് അന്ന് കരുതിയത്. അതുകൊണ്ട് ആങ്ങളമാരുടെ ഭാര്യമാരുമായി വളരെ സ്നേഹത്തിലാണ് ഞാൻ പോകുന്നത്. ഞാൻ അവിടെ നിന്നിരുന്നെങ്കിൽ ഒരുപക്ഷെ നാത്തൂൻ പോരൊക്കെ ഉണ്ടായേനെ', നിഷ പറയുന്നു.
'എന്നെ പോലെ ഒറ്റയ്ക്ക് ജീവിക്കാൻ വിധിക്കപ്പെട്ട ഒരുപാട് പേർ സമൂഹത്തിലുണ്ട്. ചിലർ പിന്തുണയ്ക്കാൻ ഉണ്ടാകും. എന്നാൽ തളർത്തി കളയാനായിരിക്കും കൂടുതൽ ആളുകൾ ഉണ്ടാവുക. അവൾക്ക് പിന്നാലെയാകും നാട്ടുകാരുടെ കണ്ണുകൾ. കഷ്ടപ്പാടുകൾ ഒന്നും ആരും കാണില്ല. ഇതിനെ അതിജീവിച്ചു മുന്നോട്ട് പോവുക എന്നതാണ് വേണ്ടത്. അതാണ് കരുത്ത്. പിന്തുണയ്ക്കാൻ ആളുകൾ ഉള്ളപ്പോഴാണ് ആ കരുത്ത് കൂടുക. അതാണ് ആത്മധൈര്യം നൽകുക. പ്രേക്ഷകരാണ് എനിക്ക് ആ ആത്മധൈര്യം തന്നത്. അവരോടാണ് നന്ദിയും കടപ്പാടും', നിഷ സാരംഗ് അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











