ആരാണ് ആ പാലക്കാട്ടുകാരി? ആരാധകര്‍ തിരഞ്ഞ സുന്ദരി റെനീഷയോ? വെളിപ്പെടുത്തി റിനോഷ് ജോര്‍ജ്
ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ പോവുകയാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കുക മാര്‍ച്ച് 10 നായിരിക്കും. ഇതിനോടകം തന്നെ പുറത്ത് വന്ന പ്രൊമോ വീഡിയോ ആരാധകര്‍ക്കിടയില്‍ ആകാംഷ ജനിപ്പിച്ചിട്ടുണ്ട്. ഇത്തവണ നാല് ബെഡ് റൂമുകളുമായാണ് ബിഗ് ബോസ് വീട് ഒരുങ്ങുന്നത് എ്ന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ പറയുന്നത്.
ആറാം സീസണ്‍ പടിവാതിലില്‍ എത്തി നില്‍ക്കുമ്പോഴും ഇപ്പോഴും ആരാധകരുടെ മനസില്‍ അഞ്ചാം സീസണുണ്ട്. സീസണ്‍ ഓഫ് ഒറിജനല്‍സ് ആയിരുന്നു കടന്നു പോയ സീസണ്‍. കഴിഞ്ഞ സീസണിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് കടന്നു വരുന്ന പേരുകളിലൊന്നാണ് റിനോഷ് ജോര്‍ജിന്റേത്. പൊതുവെ ആരാധകരെ പോലും ഹേറ്റേഴ്‌സ് ആക്കി മാറ്റാന്‍ സാധ്യതയുള്ളൊരു ഇടമാണ് ബിഗ് ബോസ് വീട്. എന്നാല്‍ ബിഗ് ബോസ് വീടിന് അകത്തും പുറത്തും പോസിറ്റീവ് വൈബുണ്ടാക്കി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് റിനോഷ്.

ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ റിനോഷ് ജോര്‍ജ് മനസ് തുറക്കുകയാണ്. അഭിമുഖത്തിനിടെ റിനോഷിന് ചോദ്യവുമായി സഹ ബിഗ് ബോസ് താരമായ ശോഭ വിശ്വനാഥ് എത്തിയിരുന്നു. ശോഭയും റിനോഷും ഷോയ്ക്ക് അകത്തും പുറത്തുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. താന്‍ ജീവിതത്തില്‍ എന്നും കൊണ്ടു നടക്കാന്‍ ആഗ്രഹിക്കുന്ന സൗഹൃദമാണ് റിനോഷിന്റേത് എന്നാണ് ശോഭ പറയുന്നത്.
''റിനോഷിനെപ്പറ്റി പറയാന്‍ ഒരുപാടുണ്ട്. വാ തോരാതെ പറയാന്‍ പറ്റും. സീസണ്‍ ഓഫ് ഒറിജനല്‍സില്‍ വളരെ കുറച്ച് പേര്‍ മാത്രമേ ഒറിജിനല്‍ എന്ന് പറയാന്‍ പറ്റുന്നുള്ളവരുള്ളൂ. അതില്‍ ഒരാളാണ് റിനോഷ്. ഞാനത് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഒരിക്കലും മാറരുത്. ഇങ്ങനെ തന്നെ നീ ഉണ്ടാകണം. യു ആര്‍ എ ബ്യൂട്ടിഫുള്‍ ആന്റ് ജെനുവിന്‍ സോള്‍. പിന്നെ നീ വളരെ നല്ല കേള്‍വിക്കാരനാണ്. ബിഗ് ബോസ് വീട്ടിലെ എന്റെ അനുഭവമാണ്. രണ്ട് തവണ ബിഗ് ബോസ് വീട്ടില്‍ എനിക്ക് ഒരാള്‍ കേള്‍ക്കാന്‍ വേണം എന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അപ്പോള്‍ ഒരു സഹോദരനെ പോലെ നീയുണ്ടായിരുന്നു. അതിന് നന്ദി. ലവ് യു'' ശോഭ പറയുന്നു.
പിന്നാലെയായിരുന്നു ശോഭയുടെ ചോദ്യം. ആരാണ് ആ പാലക്കാടുകാരി കുട്ടി? കമന്റ് ബോക്‌സിലൊക്കെ ആരാണ് ആ പാലക്കാട് കുട്ടി എന്നാണ് എല്ലാവരും ചോദിക്കുന്നത്. നമ്മുടെ ഗ്രൂപ്പില്‍ ഒരേയൊരു പാലക്കാട് കുട്ടിയേ ഉള്ളൂ. ഇനി അതാണോ? എന്നാണ് ശോഭ ചോദിച്ചത്. തുടര്‍ന്ന് റിനോഷ് മറുപടി നല്‍കുകയായിരുന്നു.
അതൊരു പാട്ട് ഇറക്കിയിരുന്നു. അതില്‍ റൈം ആയിട്ടൊരു വരിയുണ്ടായിരുന്നു. 'ഷീ ഈസ് ഫ്രം പാലക്കാടാ, ഷീ ഈസ് മൈ ലിറ്റില്‍ ബേബിയാടാ' എന്നായിരുന്നു വരി. വെറുതെ എഴുതിയതാണ്. എഴുതിയപ്പോള്‍ അങ്ങനെ എഴുതിയെന്ന് മാത്രം വേറെ വിഷയമൊന്നുമില്ല. കുറേ പേര്‍ കമന്റ് ചെയ്തത് കണ്ടു. റെനീഷ പാലക്കാട് ആണ്. അതിനാല്‍ റെനീഷ ആണോ എന്ന്. പക്ഷെ അങ്ങനൊന്നുമല്ല. എഴുതിയപ്പോള്‍ അങ്ങ് എഴുതിയതാണെന്നാണ് റിനോഷ് പറയുന്നത്.

വളരെ കുറച്ച് പേരെ നമ്മളുടെ സീസണില്‍ നിന്നും ലൈഫ് ലോങ് കൂടെയുണ്ടാകൂ എന്ന് കരുതുന്നവരായുള്ളൂ. അതിലൊരാള്‍ നീയാണ്. നീ എന്നും കൂടെയുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ശോഭ വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം തനിക്ക് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് റിനോഷ് പറയുന്നത്. ആദ്യ സീസണിലും തന്നെ തേടി വിളി വന്നിരുന്നു. എന്നാല്‍ അന്ന് പുച്ഛമായിരുന്നുവെന്നും അതിനാല്‍ പോയില്ലെന്നുമാണ് റിനോഷ് പറയുന്നത്.
എന്നാല്‍ അഞ്ചാം സീസണില്‍ റിനോഷ് ബിഗ് ബോസിന്റെ ഭാഗമായി. ഷോ മുമ്പ് കണ്ട പരിചയം പോലും തനിക്കുണ്ടായിരുന്നില്ല. ഷോയിലൂടെ ലഭിക്കുന്ന പ്രശസ്തിയും പണവുമായിരുന്നു തന്റെ ലക്ഷ്യമെന്നാണ് റിനോഷ് പറയുന്നത്. താനത് ഓഡിഷനില്‍ പറഞ്ഞിരുന്നു. പുച്ഛത്തോടെ തന്നെയായിരുന്നു ബിഗ് ബോസിലേക്ക് പോയത്. എന്നാല്‍ ഒരുപാട് ബഹുമാനവുമായാണ് താന്‍ പുറത്ത് വന്നതെന്നും താരം പറയുന്നു.


Click it and Unblock the Notifications











