വയസ് 40, എങ്കിലും ഡിമാൻഡ് കുറയാതെ ശ്രിയ! ചിരഞ്ജീവി ചിത്രത്തിൽ ഐറ്റം ഡാൻസിന് ചോദിച്ചത് വൻതുകയെന്ന് റിപ്പോർട്ട്!
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന നായിക നടിയാണ് ശ്രിയ ശരൺ. തമിഴ്, തെലുങ്ക് സിനിമകളിൽ തരംഗം സൃഷ്ടിച്ച ശ്രിയ രജിനീകാന്ത്, വിജയ് തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെയെല്ലാം നായികയായിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം പോക്കിരി രാജ, കാസനോവ തുടങ്ങിയ സിനിമകളിൽ ശ്രിയ അഭിനയിച്ചു. പിന്നീട് ഹിന്ദിയിലേക്ക് ചേക്കേറിയ താരം ഹിന്ദിയിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായി മാറിയിരുന്നു.
2018 വിവാഹിത ആയതോടെ ശ്രിയ ചെറിയ ഇടവേളയെടുത്തിരുന്നു. അതോടെ നടി സിനിമകളിൽ നിന്നകലുമെന്നാണ് പ്രേക്ഷകർ കരുതിയതെങ്കിലും അങ്ങനെ ആയിരുന്നില്ല സംഭവിച്ചത്. കരിയർ ഗ്രാഫിൽ ഇടിവ് വന്നെങ്കിലും ശ്രിയ സിനിമാ അഭിനയം നിർത്തിയില്ല. ചെറുതും വലുതുമായ സിനിമകളുടെ ഭാഗമായി.

അതിനിടെ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പിൽ നായികയായി ശ്രിയ വീണ്ടും തിളങ്ങി. രണ്ട് കുട്ടികളുടെ അമ്മയായാണ് നടി ഈ സിനിമയിൽ അഭിനയിച്ചത്. 40 -കാരിയായ ശ്രിയ യഥാർത്ഥ ജീവിതത്തിലും ഇന്ന് അമ്മയാണ്. രാധ എന്ന മൂന്ന് വയസ്സുകാരിയുടെ അമ്മയാണ് ശ്രിയ. റഷ്യക്കാരനായ ആൻഡ്ര്യൂ കൊസ്ചീവാണ് ശ്രിയയുടെ ഭർത്താവ്.
പ്രായം കൂടുന്നുണ്ടെങ്കിലും ശ്രിയയുടെ സൗന്ദര്യം കുറയുന്നില്ല എന്നാണ് ഇപ്പോൾ സിനിമ മേഖലയിലെ സംസാരം. സ്റ്റാർ നായികയായി ശ്രിയ ഇപ്പോഴും തിളങ്ങുകയാണ്. വിവാഹം കഴിഞ്ഞ് കുട്ടി ആയിട്ടും യാതൊരു മാറ്റവും വരാത്ത ചുരുക്കം ചില നായികമാരിൽ ഒരാളാണ് ശ്രിയയും. അതിനിടെ താരത്തിന്റെ പ്രതിഫലം സംബന്ധിച്ച ഒരു ചൂടുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
താര നായികയെന്ന നിലയിൽ ടോളിവുഡ് സിനിമ ആരാധകർക്കിടയിൽ ക്രേസായി മാറിയിരിക്കുകയാണ് ശ്രിയ ശരൺ. രണ്ടാം ഇന്നിങ്സിലും ശ്രിയ തിളങ്ങി നിൽക്കുമ്പോൾ ശ്രിയയെ വീണ്ടും സിനിമയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. അടുത്തിടെ ഉപേന്ദ്രയെ നായകനാക്കി കന്നഡയിൽ ഒരുക്കിയ പാൻ ഇന്ത്യ സിനിമയായ കബ്സയിൽ ശ്രിയ നായികയായി അഭിനയിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോൾ തെലുങ്കിൽ ചിരഞ്ജീവി ചിത്രത്തിലും ശ്രിയ എത്തുന്നു എന്ന വിവരങ്ങളാണ് വരുന്നത്.
ചിരഞ്ജീവി നായകനാകുന്ന ഭോല ശങ്കർ എന്ന ചിത്രത്തിൽ ഐറ്റം സോങ് ചെയ്യുന്നതിനായി ശ്രിയയെ അണിയറ പ്രവർത്തകർ സമീപിച്ചു എന്നാണ് വിവരം. എന്നാൽ ഈ ഒരു ഗാന രംഗത്തിന് മാത്രം ശ്രിയ ഒരു കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. നിലവിൽ ഇത് സംബന്ധിച്ച ചർച്ച നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
ഈ റിപ്പോർട്ടിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ടോളിവുഡ് സിനിമാ ലോകത്തും ഈ വിഷയം ചർച്ചയാകുകയാണ്.

വാർത്ത സത്യമാണെങ്കിൽ തെന്നിന്ത്യയിലെ താരമൂല്യമുള്ള നായികമാരിൽ ഒരാളായി ശ്രിയ മാറുകയാണ് എന്ന് ഉറപ്പിക്കാം. വരും ദിവസങ്ങളിൽ ചിരഞ്ജീവിയോ സിനിമയുടെ അണിയറ പ്രവർത്തകരോ ഇക്കാര്യത്തിൽ എന്തെങ്കിലും വ്യക്തത നൽകുമോ എന്നാണ് തെലുങ്ക് സിനിമ പ്രേമികളും ശ്രിയ ശരൺ ആരാധകരും ഉറ്റുനോക്കുന്നത്. വേതാളത്തിന്റെ റീമേക്ക് ആയി എത്തുന്ന ഈ ചിത്രത്തിൽ തമന്ന ഭാട്ടിയയാണ് നായിക. ചിരുവിന്റെ സഹോദരിയായി കീർത്തി സുരേഷാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആഗസ്റ്റ് 11ന് ഭോല ശങ്കർ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
മ്യൂസിക് സ്‌കൂൾ എന്ന ചിത്രമാണ് ശ്രിയയുടേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ഒന്ന്. ശ്രിയ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് തിയേറ്ററുകളിൽ എത്തുക. പ്രകാശ് രാജാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്.


Click it and Unblock the Notifications











