പുഷ്പ 2 വിൽ വില്ലനായി വിജയ് സേതുപതിയില്ല; ജവാനിൽ ഷാരൂഖിന്റെ വില്ലനായെത്തും
ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ നായകനായ പുഷ്പയുടെ രണ്ടാം ഭാഗം. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പുഷ്പ സിനിമ വൻ വിജയമായിരുന്നു. 300 കോടിയിലേറെയാണ് ചിത്രം നേടിയ ബോക്സ് ഓഫീസ് കലക്ഷൻ.
അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായാണ് പുഷ്പ കണക്കാക്കപ്പെടുന്നത്. സുകുമാർ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തി. സമാന്തയുടെ ഡാൻസ് നമ്പറും സിനിമയുടെ മാറ്റ് കൂട്ടി.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായിരിക്കുകയാണ്. ഉടൻ തന്നെ ഇതിന്റെ ഷൂട്ടിംഗും ആരംഭിക്കും. നടൻ വിജയ് സേതുപതി സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അടുത്തിടെയായി വില്ലൻ വേഷങ്ങളിൽ തിളങ്ങുകയാണ് നടൻ. ഇതിനിടെ പുഷ്പ 2 വിലും നടനെത്തുന്നെന്ന റിപ്പോർട്ടുകൾ പ്രചരിച്ചത്.

എന്നാലിപ്പോൾ വിഷയത്തിൽ വിജയ് സേതുപതിയുടെ ടീം വ്യക്തത വരുത്തിയിരിക്കുകയാണ്. സിനിമ പുഷ്പ 2 വിൽ വിജയ് സേതുപതി അഭിനയിക്കുന്നില്ലെന്നാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്. അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ വില്ലൻ വേഷത്തിൽ വിജയ് സേതുപതി എത്തുന്നുണ്ട്. ഇതിനു പുറമെ മറ്റൊരു സിനിമയിലും ഇപ്പോൾ നടൻ വില്ലൻ വേഷം ചെയ്യുന്നില്ലെന്നാണ് പറയുന്നത്.
നേരത്തെ വിക്രം സിനിമയിലുൾപ്പെടെ വിജയ് സേതുപതിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിൽ കാതുവാക്കുല രണ്ട് കാതൽ ആണ് വിജയ് സേതുപതി നായകനായെത്തിയ അവസാന സിനിമ. ചിത്രത്തിൽ നയൻതാരയും സമാന്തയുമായിരുന്നു നായികമാർ. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ജവാനിൽ വിജയ് സേതുപതിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. സിനിമയുടെ സംവിധായകൻ അറ്റ്ലിയും വിജയ് സേതുപതിയും അടുത്ത സുഹൃത്തുക്കളാണ്.

ഷാരൂഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. നേരത്തെ ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. നയൻതാരയാണ് ചിത്രത്തിലെ നായിക. 2023 ഓടെ ആയിരിക്കും ചിത്രത്തിന്റെ റിലീസെന്നാണ് വിവരം. 2018 ൽ പുറത്തിറങ്ങിയ സീറോ എന്ന സിനിമയക്ക് ശേഷം ഒരു ഷാരൂഖ് ഖാൻ ചിത്രം പോലും റിലീസ് ആയിട്ടില്ല.
തുടരെയുള്ള പരാജയങ്ങൾ കാരണം നടൻ മികച്ച സിനിമകൾക്കായി ചെറിയ ഒരിടവേള എടുക്കുകയായിരുന്നു. ജവാന് പുറമെ പഥാൻ ആണ് ഷാരൂഖ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ജോൺ എബ്രഹാമും ദീപിക പദുകോണുമാണ് പഥാനിലെ മറ്റ് താരങ്ങൾ. 2023 ലാണ് ഈ സിനിമയും റിലീസ് ചെയ്യുന്നത്. 2023 നടന്റെ വർഷമായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











