ഒടുവില്‍ ട്വിസ്റ്റ്; അല്ലു അര്‍ജുന് ഇടക്കാല ജാമ്യം!
അല്ലു അര്‍ജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹെെകോടതിയാണ് താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്. നേരത്തെ താരത്തെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെ താരത്തിന്റെ അഭിഭാഷകര്‍ ഇടക്കാല ജാമ്യത്തിന് അപേക്ഷിക്കുകയായിരുന്നു. അതേസമയം ഇതിനോടകം തന്നെ അല്ലു അര്‍ജുന്‍ ജയിലിലെത്തിയിരുന്നു. അതിനാല്‍ ഒരുപക്ഷെ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ അല്ലു അര്‍ജുന് തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും.

നടന്‍ ആയതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രൊമോഷന്‍ നടത്താനോ പാടില്ലെന്ന നിയന്ത്രണം അല്ലു അര്‍ജുനുമേല്‍ പ്രയോഗിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. നടന്‍ ഒരിടത്ത് പോയതു കൊണ്ട് മാത്രം അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. 50,000 രൂപയുടെ പേഴ്‌സണല്‍ ബോണ്ടിന്‍ മേലാണ് താരത്തിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
പുഷ്പ 2വിന്റെ റിലീസ് സമയത്തുണ്ടായ തിരക്കില്‍ യുവതി മരിച്ച കേസിലാണ് പൊലീസ് ഇന്ന് രാവിലെ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. പിന്നാലെ താരത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുകയുമായിരുന്നു. അതേസമയം കേസില്‍ അല്ലു അര്‍ജുന് പുറമെ, സന്ധ്യ തീയേറ്റര്‍ ഉടമ എം സന്ദീപ്, സീനിയര്‍ മാനേജര്‍ എം നാഗരാജു, ലോവര്‍ ബാല്‍ക്കണിയുടെ ചുമതല ഉണ്ടായിരുന്ന വിജയ് ചന്ദര്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. 39 കാരിയായ രേവതിയാണ് തീയേറ്ററിലെ തിക്കിലും തിരക്കിലും മരണപ്പെട്ടത്. രേവതിയുടെ ഒമ്പതു വയസുകാരന്‍ മകന്‍ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു. പുഷ്പ 2വിന്റെ പ്രീമിയര്‍ കാണാന്‍ കുടുംബസമേതം ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിലെത്തിയതായിരുന്നു രേവതി.

അപ്രതീക്ഷിതമായി തീയേറ്റര്‍ സന്ദര്‍ശിക്കാനായി അല്ലു അര്‍ജുന്‍ എത്തി. ഇതോടെ ആരാധകർ തിക്കും തിരക്കുമുണ്ടാക്കി. ഈ തിരക്കില്‍ തീയേറ്ററിന്റെ ഗേറ്റ് തകരുകയും നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ രേവതിയുടെ മകന് പ്രഥമശുശ്രൂഷ നല്‍കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിയിരുന്നു.
അപകടത്തിന് പിന്നാലെ തീയേറ്റര്‍ മാനേജ്‌മെന്റിനെതിരേയും അല്ലു അര്‍ജുനെതിരേയും താരത്തിന്റെ സുരക്ഷാ സംഘത്തിനെതിരേയും പൊലീസ് കേസ് എടുക്കുകയായിരുന്നു. അല്ലു അര്‍ജുന്‍ വരുന്ന വിവരം അറിയിച്ചിരുന്നില്ലെന്നും മതിയായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.


Click it and Unblock the Notifications