'പൊലീസ് ബെഡ് റൂമിലേക്ക് കയറി'; ഭാര്യയ്ക്ക് ഉമ്മ നല്‍കി ജീപ്പിലേക്ക്; നാടകീയം അല്ലുവിന്റെ അറസ്റ്റ്
നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റ് തെലുങ്ക് സിനിമാ ലോകത്തെയാകെ പിടിച്ചുലച്ചിരിക്കുകയാണ്. പുഷ്പ 2വിന്റെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ അപകടത്തിലാണ് രേവതി എന്ന 39 കാരി മരണപ്പെടുന്നത്. ഗുരുതരമായി പരുക്കേറ്റ രേവതിയുടെ മകന്‍ ഇപ്പോഴും ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് അല്ലു അര്‍ജുനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഹൈദരാബാദിലെ സ്വവസതിയില്‍ വച്ചാണ് പൊലീസ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് സമയത്തുള്ള അല്ലു അര്‍ജുന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്.

തന്നെ അറസ്റ്റ് ചെയ്യാന്‍ വന്ന പൊലീസ് സംഘത്തോട് അല്ലു അര്‍ജുന്‍ കയര്‍ത്ത് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. വീഡിയോയില്‍ അല്ലുവിനൊപ്പം ഭാര്യ സ്‌നേഹ റെഡ്ഡിയേയും അച്ഛന്‍ അല്ലു അരവിന്ദിനേയും സഹോദരന്‍ അല്ലു സിരീഷിനേയും കാണാം. പൊലീസ് വാഹനത്തില്‍ കയറും മുമ്പ് അല്ലു അര്‍ജുന്‍ ഭാര്യയെ ആശ്വസിപ്പിക്കുകയും കാപ്പി കുടിക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്.
ഭാര്യയെ ആശ്വസിപ്പിച്ച ശേഷം ഉമ്മ നല്‍കിയാണ് അല്ലു അര്‍ജുന്‍ പൊലീസ് വാഹനത്തിലേക്ക് കയറിയത്. അറസ്റ്റിനെ അല്ലു അര്‍ജുന്‍ എതിര്‍ത്തില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തന്റെ ബെഡ് റൂമിലേക്ക് കയറി വന്നത് മര്യാദകേടാണ് എന്ന് അല്ലു അര്‍ജുന്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തനിക്ക് വസ്ത്രം മാറാനോ പ്രഭാതഭക്ഷണം കഴിക്കാനോ പൊലീസ് സമയം നല്‍കിയില്ലെന്നും അല്ലു ആരോപിക്കുന്നുണ്ട്.
അല്ലു അര്‍ജുന്റെ അറസ്റ്റിനെ തുടര്‍ന്ന് താരത്തെ കാണാനായി ആരാധകര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നുണ്ട്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. അതേസമയം മെഗാസ്റ്റാര്‍ ചിരഞ്ജീവിയോട് അല്ലു അര്‍ജുവിനെ കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് വരരുതെന്ന് ചിക്ടപല്ലി പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിര്‍മ്മാതാവ് ദില്‍ രാജു അടക്കമുള്ള പ്രമുഖര്‍ പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. അതേസമയം അല്ലു അര്‍ജുന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ഡിസംബര്‍ നാലിന് രാത്രി നടന്ന പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെയാണ് രേവതിയുടെ മരണത്തിന് ഇടയാക്കിയ സംഭവം അരങ്ങേറുന്നത്. തീയേറ്ററിലേക്ക് അപ്രതീക്ഷിതമായി അല്ലു അര്‍ജുന്റെ നേതൃത്വത്തിലുള്ള അണിയറ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. അല്ലു അര്‍ജുന്‍ വരുന്ന വിവരം ആരാധകര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി താരമെത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും തീയേറ്ററിന്റെ ഗേറ്റ് തകര്‍ക്കപ്പെട്ടു.

കുടുംബസമേതം സിനിമ കാണാനെത്തിയതായിരുന്നു രേവതി. തിക്കിലും തിരക്കിലും രേവതി മരണപ്പെട്ടപ്പോള്‍ ഒമ്പത് വയസുകാരനായ മകന്‍ ഗുരുതര പരുക്കളോടെ രക്ഷപ്പെട്ടു. അപകടസ്ഥലത്ത് വച്ച് രേവതിയുടെ മകന് പൊലീസ് പ്രഥമശുശ്രൂഷ നല്‍കുന്നതിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു. പിന്നാലെ സംഭവത്തില്‍ പൊലീസ് തീയേറ്റര്‍ മാനേജുമെന്റിനും അല്ലു അര്‍ജുനും താരത്തിന്റെ സുരക്ഷാ സംഘത്തിനുമെതിരെ കേസെടുക്കുകയായിരുന്നു.
അല്ലു അര്‍ജുന്‍ വരുന്ന വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തിന് പിന്നാലെ രേവതിയുടെ കുടുംബത്തിന്‍റെ വേദനയില്‍ പങ്കുചേരുന്നതായും ധനസഹായമായി 25 ലക്ഷം നല്‍കുമെന്നും അല്ലു അര്‍ജുന്‍ അറിയിച്ചിരുന്നു. തനിക്കെതിരായ കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി തീരുമാനം വരും മുമ്പ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.


Click it and Unblock the Notifications