അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ അല്ലു അര്‍ജുന്‍ റിമാന്‍ഡില്‍. താരത്തെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്‌ട്രേറ്റാണ് താരത്തെ റിമാന്‍ഡ് ചെയ്തത്. അല്ലുവിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ഡിസംബര്‍ 27 വരെയാണ് റിമാന്‍ഡ് കാലാവധി. താരത്തെ ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അതേസമയം, തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി തെലുങ്കാന ഹൈക്കോടതി വാദം കേള്‍ക്കുകയാണ്.
പുഷ്പ 2വിന്റെ റിലീസ് സമയത്തുണ്ടായ തിരക്കില്‍ യുവതി മരിച്ച കേസിലാണ് പൊലീസ് ഇന്ന് രാവിലെ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. പിന്നാലെ താരത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുകയുമായിരുന്നു.

ഡിസംബര്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. അല്ലു അര്‍ജുന്റെ പുതിയ സിനിമയായ പുഷ്പ 2വിന്റെ പ്രീമയര്‍ ഷോ കാണാന്‍ ഹൈദരാബാദിലെ സന്ധ്യ തീയേറ്ററില്‍ എത്തിയതായിരുന്നു മരണപ്പെട്ട രേവതിയും കുടുംബവും. അപ്രതീക്ഷിതമായി തീയേറ്റര്‍ സന്ദര്‍ശിക്കാനായി അല്ലു അര്‍ജുന്‍ എത്തി. ഇതോടെ ആരാധകര്‍ തിക്കും തിരക്കും കൂട്ടുകയും തീയേറ്ററിന്റെ ഗേറ്റ് തകര്‍ക്കുകയും ചെയ്തു. തിരക്കില്‍ പെട്ടു പോയ രേവതി മരണപ്പെടുകയും മകന്‍ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ തീയേറ്റര്‍ മാനേജ്‌മെന്റിനെതിരേയും അല്ലു അര്‍ജുനെതിരേയും താരത്തിന്റെ സുരക്ഷാ സംഘത്തിനെതിരേയും പൊലീസ് കേസ് എടുക്കുകയായിരുന്നു. അല്ലു അര്‍ജുന്‍ വരുന്ന വിവരം അറിയിച്ചിരുന്നില്ലെന്നും മതിയായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം കേസില്‍ അല്ലു അര്‍ജുന് പുറമെ, സന്ധ്യ തീയേറ്റര്‍ ഉടമ എം സന്ദീപ്, സീനിയര്‍ മാനേജര്‍ എം നാഗരാജു, ലോവര്‍ ബാല്‍ക്കണിയുടെ ചുമതല ഉണ്ടായിരുന്ന വിജയ് ചന്ദര്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications