പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചും മനസ് തുറന്ന് രശ്മിക; ചൂടുപിടിച്ച് പ്രണയ വാര്‍ത്തകള്‍
തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ അരങ്ങേറിയ രശ്മിക പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിക്കുകയായിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍നിര താരമായി മാറിയ രശ്മിക ഇപ്പോള്‍ ബോളിവുഡിലേക്കും ചുവടുവച്ചിരിക്കുകയാണ്. അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയുടെ വന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറുകയായിരുന്നു രശ്മിക. നാഷണല്‍ ക്രഷ് സോഷ്യല്‍ മീഡിയ വിളിക്കുന്ന രശ്മികയുടെ ഹിന്ദി അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍.
രശ്മികയും യുവനടന്‍ വിജയ് ദേവരക്കൊണ്ടയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഇരുവരും ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. രശ്മികയുടേയും വിജയ് ദേവരക്കൊണ്ടയുടേയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഇവര്‍ ജീവിതത്തിലും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നത്. മുംബൈയിലും ഹൈദരാബാദിലും ഇരുവരും ഒരേ ജിമ്മിലാണ് പോകുന്നത്. ഈ ന്യു ഇയര്‍ ഇരുവരും ഗോവയില്‍ ഒരുമിച്ചാണ് ആഘോഷിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിജയ് ദേവരക്കൊണ്ടയും രശ്മികയും ഒരുമിച്ച് ഡിന്നറിനും മറ്റും എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. എന്നാല്‍ തങ്ങള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് വിജയും രശ്മികയും പറയുന്നത്. ഈയ്യടുത്ത് വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് രശ്മിക പറഞ്ഞിരുന്നു. ഇതിനിടെ ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തനിക്കുള്ള സങ്കല്‍പ്പവും കാഴ്ചപ്പാടുമൊക്കെ പങ്കുവെക്കുകയാണ് രശ്മിക മന്ദാന. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''എന്നെ സംബന്ധിച്ച്, പ്രണയം എന്നത് ഇരുവരും പരസ്പരം ബഹുമാനിക്കുകയും സമയം നല്‍കുകയും ചെയ്യുന്നതാണ്. സുരക്ഷിതത്വം തോന്നണം. പ്രണയത്തെക്കുറിച്ച് വിശദീകരിക്കുക എളുപ്പമല്ല. കാരണം പ്രണയം എന്നത് വൈകാരികമായൊരു കാര്യമാണ്. രണ്ടു പേര്‍ക്കും ഒരുപോലെയാകുമ്പോഴാണ് പ്രണയം സാധ്യമാകുന്നത്. ഒരാള്‍ക്ക് മാത്രം അനുകൂലമായിട്ട് കാര്യമില്ല'' എന്നാണ് രശ്മിക പറയുന്നത്. വിവാഹത്തെക്കുറിച്ചും രശ്മിക മനസ് തുറക്കുന്നുണ്ട്.

''എന്താണ് അ്‌തേക്കുറിച്ച് ചിന്തിക്കേണ്ടത് എന്നെനിക്ക് അറിയില്ല. കാരണം ഞാന്‍ ഇപ്പോള്‍ നന്നേ ചെറുപ്പമാണ്. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല്. അതേസമയം നമുക്ക് കംഫര്‍ട്ടബിള്‍ ആയൊരാളെയാണ് വിവാഹം കഴിക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം'' എന്നാണ് വിവാഹത്തെക്കുറിച്ച് രശ്മിക പറയുന്നത്. അതേസമയം നേരത്തെ രശ്മിക കന്നഡ സിനിമയിലെ മുന്‍നിര താരമായ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു. രക്ഷിത് നായകനായി എത്തിയ ചിത്രത്തിലൂടെയായിരുന്നു രശ്മികയുടെ അരങ്ങേറ്റം. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും നടന്നിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിയുകയായിരുന്നു. ഈ സംഭവത്തതിന് ശേഷം രശ്മികയ്‌ക്കെതിരെ രക്ഷിത് ആരാധകര്‍ സോഷ്യല്‍ മീഡിയ ആക്രണവുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തന്റെ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി രക്ഷിത് തന്നെ രംഗത്ത് എത്തുകയായിരുന്നു. ഇതിന് ശേഷമാണ് രശ്മിക തെലുങ്കിലേക്ക് എത്തുന്നത്.
Recommended Video

പുഷ്പയുടെ വിജയത്തിന് പിന്നാലെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് രശ്മിക. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ കൂടെ അഭിനയിക്കുന്ന മിഷന്‍ മജ്‌നുവാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ. പിന്നാലെ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ഗുഡ്‌ബൈ എന്ന ചിത്രവും തയ്യാറെടുക്കുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. രശ്മികയുടെ ഹിന്ദി അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ്ആരാധകര്‍. ലൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട ഹിന്ദിയിലെത്തുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക. ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി ഒരുമിക്കുന്നത്. പിന്നാലെ ഡിയര്‍ കോമ്രേഡിലും ഇരുവരും ഒരുമിച്ചു. രണ്ട് ചിത്രങ്ങളും മികച്ച വിജയങ്ങളായി മാറുകയും ചെയ്തിരുന്നു.


Click it and Unblock the Notifications