സാമന്തയുടെ വിവാഹമോചനം പ്രവചിച്ച ജ്യോത്സ്യന്റെ പുതിയ പ്രവചനം അല്ലു അർജുനെ കുറിച്ച്; വൈറലായി സ്വാമിയുടെ വാക്കുകൾ
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ് നടൻ അല്ലു അർജുൻ. ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന അല്ലുവിന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. പുഷ്പയുടെ ഗംഭീര വിജയമാണ് നടന്റെ പ്രശസ്‌തി വർധിപ്പിച്ചത്. എന്നാൽ അതിനും മുൻപേ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടൻ. 2004 ൽ പുറത്തിറങ്ങിയ അല്ലുവിന്റെ ആര്യ എന്ന ചിത്രം മലയാളത്തിലേക്ക് മാെഴി മാറ്റിയത് മുതൽ അല്ലു അർജുൻ കേരളത്തിൽ താരമാണ്.
അല്ലു അർജുന്റെതായി പിന്നീട് എത്തിയ ഹാപ്പി, ബണ്ണി, കൃഷ്ണ തുടങ്ങി ഒട്ടുമിക്ക സിനിമകളും കേരളത്തിൽ വമ്പൻ ഹിറ്റായിരുന്നു. ആക്ഷനും ഡാൻസും റൊമാൻസുമെല്ലാം ഒരുപോലെ വഴങ്ങുന്ന അല്ലു അർജുന് യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തെ പറ്റി അല്ലു അർജുൻ പലപ്പോഴും വാചാലനായിട്ടുണ്ട്. അതേസമയം പുഷ്പയുടെ വിജയം നടന്റെ കരിയറിൽ വമ്പൻ മാറ്റങ്ങൾക്കാണ് കാരണമായത്.

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളായി അല്ലു അർജുൻ മാറി കഴിഞ്ഞു. ബോളിവുഡിൽ നിന്നടക്കം നടന് അവസരങ്ങൾ വാർന്നുണ്ടെന്നാണ് വിവരം. എന്നാൽ പുഷ്പ 2ന്റെ ഷൂട്ടിങ് തിരക്കുകളിൽ മറ്റുമാണ് നടൻ. മറ്റു സിനിമകളൊന്നും കമ്മിറ്റ് ചെയ്യാതെ അല്ലു പൂർണമായും പുഷ്പയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയായിരുന്നു എന്നാണ് വിവരം. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
അതിനിടെ അല്ലു അർജുനെ കുറിച്ച് പ്രമുഖ ജ്യോത്സ്യൻ വേണു സ്വാമി നടത്തിയ പ്രവചനം തെലുങ്ക് സിനിമാ ലോകത്ത് വൈറലായി മാറുകയാണ്. സമീപകാലത്തായി നിരവധി താരങ്ങളെ കുറിച്ചും അവരുടെ ജാതകം സംബന്ധിച്ചും പ്രവചനങ്ങൾ നടത്തിയിട്ടുള്ള ജ്യോത്സ്യനാണ് വേണു സ്വാമി. ജ്യോത്സ്യന്റെ പല പ്രവചനങ്ങളും ചില താരങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അല്ലു അർജുനെ കുറിച്ചുള്ള പ്രവചനം വലിയ രീതിയിൽ ശ്രദ്ധനേടുന്നത്.
നാഗ ചൈതന്യ-സാമന്ത ദമ്പതികൾ വേർപിരിയുമെന്നും നാഗേന്ദ്ര ബാബുവിന്റെ മകൾ നിഹാരിക കോനിഡേലയുടെ ദാമ്പത്യ ജീവിതം സുഗമമായി മുന്നോട്ട് പോകില്ലെന്നും വേണു സ്വാമി പറഞ്ഞത് മുൻപ് വലിയ വിവാദമായിരുന്നു. എന്നാൽ ഇത് രണ്ടു സംഭവിച്ചു. വേണു സ്വാമി പറഞ്ഞതുപോലെ നിഹാരികയും ഭർത്താവ് ചൈതന്യയും അടുത്തിടെ വിവാഹമോചിതരായി. ഇത് കൂടാതെ റിബൽ സ്റ്റാർ പ്രഭാസിന്റെ ആദിപുരുഷ് റിലീസിന് മുൻപേ പരാജയപ്പെടുമെന്നും വേണു സ്വാമി പ്രവചിച്ചിരുന്നു. അതും സംഭവിച്ചു.

ഇതോടെയാണ് വേണു സ്വാമിയുടെ പ്രവചനങ്ങൾ തെലുങ്ക് സിനിമാ പ്രേമികൾ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത്. നടിമാരായ ഡിംപിൾ ഹയാതി, രശ്മിക, നിധി അഗർവാൾ തുടങ്ങിയവർ അടുത്തിടെ വേണു സ്വാമിയുടെ അടുത്ത് ജാതകദോഷത്തിന് വേണ്ടി പൂജകൾ നടത്തിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വേണു സ്വാമി അല്ലു അർജുനെ കുറിച്ചും നടന്റെ കരിയർ സംബന്ധിച്ചും സംസാരിച്ചത്.
അല്ലു അർജുന്റെ ജാതകത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വേണു സ്വാമി. സത്യം പറഞ്ഞാൽ തെലുങ്കിലെ ഒറിജിനൽ പാൻ ഇന്ത്യ താരം അല്ലു അർജുനാണെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന പത്ത് വർഷത്തേക്ക് അല്ലു അർജുന് തിരിഞ്ഞ് നോക്കേണ്ടി വരില്ല. പുഷ്പ-2 വിലൂടെ അല്ലു അർജുൻ തരംഗം സൃഷിടിക്കുമെന്ന് ഉറപ്പാണ് എന്നുമാണ് വേണു സ്വാമി പറഞ്ഞത്. നടന്റെ കരിയറിലെ വളർച്ച പരിശോധിക്കുമ്പോൾ അതിന് സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്. സ്വാമിയുടെ വാക്കുകൾ കൂടെ വൈറലായതോടെ പുഷ്പ 2ൽ ആരാധകർക്കുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.


Click it and Unblock the Notifications