'സാമന്തയെ വധുവിന്റെ വേഷത്തിൽ കണ്ടപ്പോൾ കരഞ്ഞുപോയി'; ശോഭിത പറഞ്ഞത് നടി സാമന്തയെ കുറിച്ചോ? സത്യമിങ്ങനെ!
തെന്നിന്ത്യൻ പ്രേക്ഷകർക്കെല്ലാം ഏറെ സുപരിചിതയായ നടിയാണ് ശോഭിത ധൂലിപാല. ഹിന്ദി സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ ശോഭിത മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ മൂത്തോൻ, കുറുപ്പ് തുടങ്ങിയ സിനിമകളിലാണ് ശോഭിത അഭിനയിച്ചത്. ഇതിൽ കുറുപ്പിലൂടെ ശോഭിതയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടം നേടാൻ കഴിഞ്ഞിരുന്നു. ഇതുകൂടാതെ തമിഴിലെ മൾട്ടിസ്റ്റാർ ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ശ്രദ്ധേയ വേഷത്തിൽ എത്തിയിരുന്നു. രണ്ടാം ഭാഗത്തിലും നടിയുണ്ട്.
അങ്ങനെ കരിയറിൽ മികച്ച സമയത്തിലൂടെ കടന്നു പോകുമ്പോൾ ശോഭിതയുടെ സ്വകാര്യ ജീവിതവും പലപ്പോഴും മാധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്. കഴിഞ്ഞ കുറെ നാളുകളായി നടിയെ കുറിച്ച് വരുന്ന പ്രധാന ഗോസ്സിപ്പാണ് നടൻ നാഗ ചൈതന്യയുമായി പ്രണയത്തിലാണെന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ ഈ അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പ്രതികരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല.

സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷം നാഗ ചൈതന്യയുടെ പേരിൽ വന്ന ഏറ്റവും ശക്‌തമായ ഗോസ്സിപ്പായിരുന്നു ശോഭിതയുമായുള്ള പ്രണയം. കുറച്ചു നാളുകൾക്കു മുൻപ് ലണ്ടനിൽ ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ അത് ഷൂട്ടിങ് സെറ്റിൽ സാധാരണ ചിത്രങ്ങൾ ആണെന്നായിരുന്നു അടുത്ത സുഹൃത്തുക്കളുടെയും മറ്റും പ്രതികരണം. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇരുവരും ലണ്ടനിലെ ഒരു റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഇതോടെ ഇരുവരുടെയും ബന്ധം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്‌തമാവുകയായിരുന്നു. അതിനിടെ ശോഭിതയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റും അതിനിടെ തുടർന്ന് വന്ന വാർത്തകളും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സാമന്തയെ വധുവിന്റെ വേഷത്തിൽ കണ്ട് ശോഭിത കരഞ്ഞതായി നിരവധി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത് നടി സാമന്ത റൂത്ത് പ്രഭുവിനെക്കുറിച്ചല്ല, പകരം, ഇത് ശോഭിതയുടെ സഹോദരി സാമന്തയെക്കുറിച്ചായിരുന്നു.
സഹോദരി സാമന്തയെ കുറിച്ച് ശോഭിത സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പായിരുന്നു അത്തരം വാർത്തകൾക്ക് കാരണം. "ഈ ദുൽഹൻ സോണിൽ ഞാൻ ആദ്യമായി സാമന്തയെ കണ്ടപ്പോൾ എനിക്ക് എന്തോ തോന്നി കരഞ്ഞു..' എന്നായിരുന്നു ശോഭിതയുടെ പോസ്റ്റ്. സഹോദരി സാമന്തയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് കൊണ്ടായിരുന്നു ശോഭിതയുടെ പോസ്റ്റ്. ഇതാണ് അത്തരത്തിൽ വാർത്തയായി പ്രചരിച്ചത്.
സഹോദരി വിവാഹിത ആയതിന്റെ സന്തോഷം ശോഭിതയുടെ എല്ലാ പോസ്റ്റുകളിലും കാണാം നിരവധി ചിത്രങ്ങളാണ് ശോഭിത വിവാഹത്തിൽ നിന്ന് പങ്കുവച്ചിട്ടുള്ളത്. അതേസമയം, പൊന്നിയിൻ സെൽവൻ 2 ആണ് ശോഭിതയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ഇത് കൂടാതെ ഹിന്ദിയിൽ സിത്താര എന്ന ചിത്രവും മങ്കി മാൻ എന്നൊരു അമേരിക്കൻ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അതേസമയം, തെന്നിന്ത്യയുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു നാഗ ചൈതന്യയും സാമന്തയും. ഓണ്‍ സ്‌ക്രീനിലെ മികച്ച താരജോഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ ഇരുവരുടെയും ആരാധാകർ അത് ആഘോഷമാക്കിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ൽ ആയിരുന്നു നാഗ ചൈതന്യയും സമാന്തയും വിവാഹിതരായത്. പരസ്‍പരം സ്നേഹവും ബഹുമാനവും കൊണ്ടൊക്കെ മാതൃക ദമ്പതികളായി ഇവർ പേരെടുത്തിരുന്നു.
എന്നാല്‍ നാല് വർഷങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഞെട്ടലോടെയായിരുന്നു ആരാധകർ ആ വാർത്ത അറിഞ്ഞത്. ഇരുവരും ഒന്നിച്ചാണ് തങ്ങൾ പിരിയുന്നു എന്ന വിവരം ആരാധകരെ അറിയിച്ചത്. നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, 2021 ഒക്ടോബര്‍ രണ്ടിനായിരുന്നു ഇത്. അതിനു ശേഷവും ഇവരെ കുറിച്ചുള്ള വാർത്തകൾ സജീവമായിരുന്നു. അതിനിടെയാണ് ഈ ഗോസിപ്പുകളും വന്നത്.


Click it and Unblock the Notifications